യു പിയില്‍ കോണ്‍ഗ്രസിനെ തള്ളി ബി എസ് പി, എസ് പി; പ്രതിപക്ഷ നിരയില്‍ വിള്ളല്‍

Posted on: December 19, 2018 3:21 pm | Last updated: December 19, 2018 at 3:21 pm

ലക്‌നോ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി ജെ പിക്കെതിരായ പ്രതിപക്ഷ ഐക്യനിരയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. യു പിയില്‍ മായാവതി നേതൃത്വം നല്‍കുന്ന ബി എസ് പിയും അഖിലേഷ് യാദവിന്റെ എസ് പിയുമാണ് ഇക്കാര്യത്തില്‍ ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ ഒഴിവാക്കി ഇരുപാര്‍ട്ടികളും മുന്നണി രൂപവത്കരിച്ചിരിക്കുകയാണ്. അജിത് സിംഗിന്റെ ആര്‍ എല്‍ ഡിയും മുന്നണിയില്‍ ചേര്‍ന്നതായി സൂചനയുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പിയും എസ് പിയും സീറ്റുകള്‍ തുല്യമായി പങ്കിടുന്നതിനു പുറമെ മൂന്നു സീറ്റുകള്‍ ആര്‍ എല്‍ ഡിക്കു നീക്കിവെക്കും. അടുത്ത മാസം പകുതിയോടെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

ഈയിടെ നിയമസഭാ തിരഞ്ഞെടുപ്പു നടന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബി എസ് പിയും എസ് പിയും കോണ്‍ഗ്രസിനെ പിന്തുണക്കുന്ന നിലപാടെടുത്തിരുന്നു. എന്നാല്‍, ഇവിടങ്ങളില്‍ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മായാവതിയും അഖിലേഷും പങ്കെടുത്തിരുന്നില്ല.