വനിതാ മതില്‍: എന്‍ എസ് എസിന്റെത് യാഥാസ്ഥിതിക നിലപാട്

Posted on: December 18, 2018 6:57 pm | Last updated: December 18, 2018 at 10:20 pm

തിരുവനന്തപുരം: വനിതാ മതിലിനെതിരെ പ്രതികരിച്ച എന്‍ എസ് എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്ര. കോടിയേരി ബാലകൃഷ്ണന്‍. കേരളം പ്രതീക്ഷിച്ച നിലപാടല്ല എന്‍ എസ് എസ് ജന. സെക്ര. സുകുമാരന്‍ നായരില്‍ നിന്നുണ്ടായതെന്ന് കോടിയേരി പറഞ്ഞു.

എന്‍ എസ് എസിന്റെത് ആത്മഹത്യാപരമായ നിലപാടാണ്. മന്നത്ത് പത്മനാഭന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ സ്വന്തം കുടുംബാംഗങ്ങളെ പരിപാടിയില്‍ പങ്കെടുപ്പിക്കുമായിരുന്നു. മന്നത്ത് ഉയര്‍ത്തിപ്പിടിച്ച സ്ത്രീ-പുരുഷ സമത്വത്തിന്റെ മഹനീയ പാരമ്പര്യം പിന്തുടരാനും
യാഥാസ്ഥിതിക നിലപാടില്‍ നിന്നു പിന്മാറാനും സുകുമാരന്‍ നായര്‍ തയാറാകണം.

വനിതാ മതിലില്‍ പങ്കെടുക്കില്ലെന്നു പറയുന്ന എന്‍ എസ് എസ് സെക്രട്ടറി ആര്‍ എസ് എസിന്റെ നാമജപത്തില്‍ പങ്കാളിയാകുമെന്നു പറയുന്നു. ഇത് യാഥാസ്ഥിതിക നിലപാടു സ്വീകരിക്കുന്നതു കൊണ്ടാണ്. നവോഥാന പാരമ്പര്യമുള്ള സംഘടനയെ ആര്‍ എസ് എസിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാനാണ് നീക്കം. ഇതിനെതിരെ ആ സംഘടനയില്‍ പെട്ടവര്‍ തന്നെ മുന്നോട്ടു വരണം.

മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുന്നുവെന്നാണ് സുകുമാരന്‍ നായരുടെ ആരോപണം. എന്നാല്‍, ആ ധാര്‍ഷ്ട്യം സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടിയാണെന്നു അദ്ദേഹം മനസ്സിലാക്കണം. കോടിയേരി പറഞ്ഞു.