യു എ ഇ സഹിഷ്ണുതാ വര്‍ഷാചരണം സ്വാഗതാര്‍ഹമെന്ന് യൂസുഫലി

Posted on: December 17, 2018 10:06 am | Last updated: December 17, 2018 at 6:08 pm

അബുദാബി: 2019 സഹിഷ്ണുതാ വര്‍ഷമായി പ്രഖ്യാപിച്ച യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ തീരുമാനത്തെ എം എ യൂസുഫലി സ്വാഗതം ചെയ്തു. സഹിഷ്ണുതയുടെയും മാനവസ്‌നേഹത്തിന്റെയും ഐക്യപ്പെടലിന്റെയും വക്താവായ യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പേരിലുള്ള വാര്‍ഷികാചരണത്തിന്റെ തുടര്‍ച്ചയെന്നോണമാണ് സഹിഷ്ണുതാ വര്‍ഷാചരണം വരുന്നത്.

200ലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്വന്തം വിശ്വാസപ്രകാരവും താത്പര്യപ്രകാരവും ജീവിക്കാനുള്ള അവസരം നല്‍കുന്ന രാജ്യമാണ് യു എ ഇ. ഇന്ന് യു എഇയുടെ പാസ്‌പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി മാറിയിരിക്കുന്നു. യു എ ഇ എന്ന രാജ്യം മുറുകെപ്പിടിക്കുന്ന സമാധാന ആശയങ്ങളുടെയും സഹവര്‍ത്തിത്വത്തിന്റെയും തെളിവാണിത്.

40 വര്‍ഷത്തോളം യു എ ഇയില്‍ താമസിക്കുകയും നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്ത ഒരു വ്യക്തിയെന്ന നിലയില്‍ ലോകത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന രാഷ്ട്രമാണ് യു എ ഇ എയെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. 2019 സഹിഷ്ണുതാ വര്‍ഷമായി പ്രഖ്യാപിച്ച യു എ ഇ ഭരണാധികാരികളോടുള്ള നന്ദിയും യൂസുഫലി അറിയിച്ചു.