കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ താക്കീത് ; ഇന്ന് മുതല്‍ താല്‍ക്കാലിക ജീവനക്കാര്‍ ഉണ്ടാകരുത്

Posted on: December 17, 2018 12:33 pm | Last updated: December 17, 2018 at 3:16 pm

കൊച്ചി: കെഎസ്ആര്‍ടിസിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. കെഎസ്ആര്‍ടിസി കോടതിയേയും ജനങ്ങളേയും വിഡ്ഢികളാക്കുകയാണെന്ന് പറഞ്ഞ കോടതി ഒരു എംപാനല്‍ ജീവനക്കാരന്‍പോലും ഇന്ന് മുതല്‍ ജോലിയില്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിച്ചു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നടപടികള്‍ തുടങ്ങിയെന്ന് സര്‍ക്കാര് കോടതിയെ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശം.

നാളെ രാവിലെ പത്തിന് നടപടികളെക്കുറിച്ച് കെഎസ്ആര്‍ടിസ് എംഡി നേരിട്ട് സത്യവാങ്മൂലം നല്‍കണം. കോടതിയെ ധിക്കരിക്കുന്നതിന് തുല്യമാണ് സര്‍ക്കാര്‍ നടപടി. കെഎസ്ആര്‍ടിസി കോടതിയെ വെല്ലുവിളിക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. പിഎസ് സി പരീക്ഷയിലൂടെ തിരഞ്ഞെടുത്തവരെ നിയമിക്കാതിരിക്കാനാകില്ല. രണ്ട് വര്‍ഷമായി ഇവര്‍ കാത്തിരിക്കുന്നു. ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അറിയാമെന്നും കോടതി താക്കീത് നല്‍കി.