ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നീട്ടാന്‍ സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു

Posted on: December 16, 2018 8:38 pm | Last updated: December 16, 2018 at 10:18 pm

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു. വിജിലന്‍സ് കേസില്‍ അന്വേഷണം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്.

സസ്‌പെന്‍ഷന്‍ നീട്ടുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ആവശ്യമാണ്. ചട്ടപ്രകാരം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷംവരെ സംസ്ഥാന സര്‍ക്കാറിന് സസ്‌പെന്‍ഡ് ചെയ്യാം. ഇതിന് ശേഷവും കാലാവധി നീട്ടുന്നതിന് കേന്ദ്രത്തിന്റെ അനുമതി വേണം. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ച സംഭവിച്ചുവെന്ന് പൊതുവേദിയില്‍ പ്രസംഗിച്ചതിനാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഡിസംബര്‍ 19ന് ഇറക്കിയ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് കേന്ദ്രം അംഗീകരിച്ചില്ല. ഇതിന് ശേഷം അനുവാദമില്ലാതെ പുസ്തകമെഴുതിയെന്ന കാരണത്താലാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്.