ഹര്‍ത്താല്‍ ആര് നടത്തിയാലും പൗരാവകാശ ലംഘനമെന്ന് കണ്ണന്താനം; ബിജെപിയില്‍ ഭിന്നത

Posted on: December 16, 2018 6:35 pm | Last updated: December 16, 2018 at 6:35 pm

തിരുവനന്തപുരം: ശബരിമല സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പിറകെ ഹര്‍ത്താലുമായി ബന്ധപ്പെട്ടും ബിജെപിയില്‍ ഭിന്നത. സമരപന്തലിനുമുന്നില്‍ വേണുഗോപാലന്‍ നായര്‍ തീകൊളുത്തി മരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിനെ ചൊല്ലിയാണ് തര്‍ക്കം.

ഹര്‍ത്താല്‍ ആര് നടത്തിയാലും പൗരാവകാശ ലംഘനമാണെന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടപ്പോള്‍ എല്ലാവരുമായും ആലോചിച്ചാണ് ഹര്‍ത്താല്‍ തീരുമാനിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. കോര്‍കമ്മറ്റി അംഗങ്ങളുമായി ആലോചിക്കാതെയാണ് ഹര്‍ത്താല്‍ നടത്തിയതെന്ന് വിമര്‍ശമാണ് മുരളീധരപക്ഷം ഉയര്‍ത്തുന്നത്. വേണുഗോപാലന്‍ നായരുടെ മൊഴി പുറത്തുവന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. അതേ സമയം പ്രധാനമന്ത്രി തന്നെ ഹര്‍ത്താലിനെ അനുകൂലിച്ചതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന അധ്യക്ഷന്‍ ഹര്‍ത്താലിനെ വിമര്‍ശിക്കുന്നവരെ നേരിടുന്നത്. എന്നാല്‍ അടിക്കടിയുള്ള ഹര്‍ത്താല്‍ ജനങ്ങളെ പാര്‍ട്ടിക്കെതിരാക്കിയെന്നും അഭിപ്രായമുണ്ട്. ശബരിമല സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത് കൂടിയാലോചനയില്ലാതെയാണെന്നും ഈ മാറ്റം സമരത്തിന്റെ തീവ്രത കുറച്ചെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. അതേ സമയം സമരം പതിനാലാം ദിവസം പിന്നിടുകയാണ്.