Kerala
ശശിക്കെതിരെ കര്‍ശന നടപടി വേണം; കേന്ദ്ര കമ്മിറ്റിക്ക് വിഎസിന്റെ കത്ത്

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പി.കെ. ശശി എം.എല്‍.എക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്ക് വീണ്ടും കത്തയച്ചു. ശശിക്കൊപ്പം വേദി പങ്കിടുന്നവര്‍ക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ശശിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നേരത്തെയും വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. സ്ത്രീ പീഡന പരാതികള്‍ പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെ ഉയരുന്നതിനെതിരെ ഗൗരവമായി കാണണണെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു. ശക്തവും മാതൃകാപരവുമായ നടപടിയാണ് ശശിക്കെതിരെ ഉണ്ടാകേണ്ടതെന്നും കത്തില്‍ പറയുന്നു.
ശശിയെ ജനമുന്നേറ്റ യാത്രയുടെ ക്യാപ്റ്റനാക്കിയത് ശരിയായില്ല. പാര്‍ട്ടി സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു. ശശിക്കെതിരെ പരാതിയുമായി പെണ്‍കുട്ടി വീണ്ടും കേന്ദ്രകമ്മിറ്റിയെ സമീപിച്ചതിന് പിന്നാലെയാണ് വി.എസിന്റെ കത്ത്.
ഷൊര്‍ണൂര്‍ എം എല്‍ എ. പി കെ ശശിക്കെതിരായ ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പീഡന പരാതിയുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തായിരുന്നു.. ഇത് സംബന്ധിച്ച് ജില്ലാ ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനായി നല്‍കിയ റപ്പോര്‍ട്ട് പരാമര്‍ശങ്ങളടങ്ങിയ കുറിപ്പാണ് പുറത്തായത്.
പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവതിയോട് ശശി അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. തിരക്കേറിയ ഓഫീസില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്ന് കരുതാനാകില്ല. എന്നാല്‍ ഫോണ്‍ സംഭാഷണത്തിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് എം എല്‍ എ നല്‍കിയ വിശദീകരണം തൃപ്തികരമല്ല. മറ്റാരോടും തോന്നാത്ത ഒരിഷ്ടം തനിക്ക് തോന്നിയെന്നും, പരസ്പരം ബഹുമാനം ഉണ്ടാകുമ്പോള്‍ തൊട്ടാല്‍ തെറ്റില്ലെന്നും ശശി പറയുന്നതായി സംഭാഷണത്തിലുണ്ട്. ഈ പ്രയോഗം ഒരു പാര്‍ട്ടി നേതാവിന് ചേര്‍ന്നതല്ലെന്ന് കമ്മീഷന്‍ വിലയിരുത്തിയിട്ടുണ്ട്.
പൊതുവെ എനര്‍ജറ്റിക്കായ കുട്ടികളോട് തോന്നുന്ന സാധാരണ വാത്സല്യം മാത്രമാണ് പരാതിക്കാരിയോട് തനിക്ക് തോന്നിയതെന്ന വിശദീകരണമാണ് ശശി ഇക്കാര്യത്തില്‍ കമ്മീഷന് നല്‍കിയിരുന്നത്. ഈ വിശദീകരണം കമ്മീഷന്‍ നിരാകരിച്ചിരുന്നു. ഈ ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് ശശിക്കെതിരെ നടപടിയെടുത്തത്. മുതിര്‍ന്ന നേതാക്കളായ എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരടങ്ങുന്ന കമ്മീഷന്‍ അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച് നവംബര്‍ 26ന് ചേര്‍ന്ന സി പി എം സംസ്ഥാന കമ്മിറ്റി ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.