സരബ്ജിത്ത് സിംഗ് വധക്കേസ് പ്രതികളെ പാക് കോടതി വെറുതേവിട്ടു

Posted on: December 16, 2018 10:22 am | Last updated: December 16, 2018 at 2:43 pm

ലാഹോര്‍: ഇന്ത്യക്കാരനായ സരബ്ജിത്ത് സിംഗ് പാക് ജയിലില്‍ കൊല്ലപ്പെട്ട സംഭവത്തിലെ രണ്ട് മുഖ്യപ്രതികളെ പാക് കോടതി വെറുതെ വിട്ടു. കോട്ട്‌ലഖ്പത് ജയിലില്‍ സര്ജിത്ത് സിംഗിനൊപ്പമുണ്ടായിരുന്ന അമിര്‍ തണ്ട്ബ, മുദാസിര്‍ മുനീര്‍ എന്നിവരെയാണ് ലാഹോര്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്. കോടതിയില്‍ ദൃക്‌സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് പ്രതികളെ വെറുതെ വിട്ടത്. സരബ്ജിത്ത് സിംഗിനെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് സാക്ഷിമൊഴിയുണ്ടായിരുന്നു.

2013 മെയ് രണ്ടിനാണ് സരബ്ജിത്ത് സിംഗ് കൊല്ലപ്പെട്ടത്. ജയിലില്‍ വെച്ച സഹതടവുകാര്‍ ക്രൂരമായി ആക്രമിച്ച സരബ്ജിത്ത് ലാഹോറിലെ ജിന്നാ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 1990ല്‍ പഞ്ചാബ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനക്കേസില്‍ പ്രതിയെന്ന് ആരോപിച്ച് ഇന്ത്യാ പാക് അതിര്‍ത്തി മുറിച്ച് കടക്കവേ പഞ്ചാബിലെ ഖര്‍ലാ ഗ്രാമത്തിന് പുറത്ത് വെച്ചാണ് സരബ്ജിത്ത് സിംഗിനെ പാക് അധികൃതര്‍ പിടികൂടിയത്. പിന്നീട് സരബ്ജിത്ത് സിംഗിന് പാക് കോടതി വധശിക്ഷ വിധിച്ചിരുന്നു. സരബ്ജിത്ത് സിംഗിന്റെ ദയാഹര്‍ജി പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫ് തള്ളിയിരുന്നു.

സരബ്ജിത്ത് സിംഗ്… നാള്‍ വഴികള്‍..

ന്യൂഡല്‍ഹി: ഇന്ത്യാ പാക് അതിര്‍ത്തിയിലെ തരണ്‍ തരണ്‍ ജില്ലയിലെ ഭിഖിവിന്ദ് ഗ്രാമത്തില്‍ ജനിച്ച സരബ്ജിത് സിംഗ് അന്താരാഷ്ട്ര വാര്‍ത്തകളുടെ പ്രധാന തലക്കെട്ടുകളില്‍ ഇടം പിടിക്കുകയും നയതന്ത്ര ചര്‍ച്ചകളുടെ കേന്ദ്രമായി മാറുകയും ചെയ്ത വിവാദ ഹേതുവായി മാറുന്നത് തൊണ്ണൂറുകളുടെ ഒടുവിലാണ്.
1990 ആഗസ്റ്റ് 28: ഇന്ത്യാ പാക് അതിര്‍ത്തി മുറിച്ച് കടക്കവേ പഞ്ചാബിലെ ഖര്‍ലാ ഗ്രാമത്തിന് പുറത്ത് വെച്ച് സരബ്ജിത് സിംഗിനെ പാക് അധികൃതര്‍ പിടികൂടി.
1990 ആഗസ്റ്റ് 30: പാക് തീവ്രവാദ വിരുദ്ധ സേന ലാഹോറില്‍ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മേഘ്‌നാ സിംഗിന്റെ മകന്‍ മഞ്ജിത്ത് സിംഗ് എന്ന നിലയിലാണ് സരബ്ജിത് സിംഗ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്.
1990 ആഗസ്റ്റ് 30: ലാഹോറിലും ഫൈസലാബാദിലും ഇരട്ട സ്‌ഫോടനം. പത്ത് മരണം, 66 പേര്‍ക്ക് പരുക്ക്.
മെയ് 1991: സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നതില്‍ സരബ്ജിത്ത് സിംഗ് കുറ്റക്കാരനാണെന്ന് ലാഹോറിലെ പ്രത്യേക കോടതി കണ്ടെത്തി. വധശിക്ഷ വിധിച്ചു. കോട് ലഖ്പത് ജയിലിലെ ഏകാന്ത സെല്ലില്‍ പ്രവേശിപ്പിക്കപ്പെട്ടു.
ജൂണ്‍ 1991: സഹോദരി ദല്‍ബീര്‍ കൗര്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനെ സമീപിച്ചു.
2001 ഡിസംബര്‍: സരബ്ജിത്തിന്റെ അപ്പീല്‍ ഹരജി ലാഹോര്‍ ഹൈക്കോടതി തള്ളി.
2005 ആഗസ്റ്റ്: സമര്‍പ്പിക്കാന്‍ വൈകിയെന്ന് കാണിച്ച് സരബ്ജിത്തിന്റെ അപ്പീല്‍ പാക് സുപ്രീം കോടതി തള്ളി.
2008 മാര്‍ച്ച്: ദയാഹരജി അന്നത്തെ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫ് തള്ളി. ഏപ്രില്‍ ഒന്നിന് തൂക്കിലേറ്റുമെന്ന് പ്രഖ്യാപനം.
2008 മാര്‍ച്ച്: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മുശര്‍റഫിനെ വിളിച്ചു. വധശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്തു.
2009 ജൂണ്‍: റിവിഷന്‍ ഹരജിയും സുപ്രീം കോടതി തളളി.
2009 ജൂലൈ: പുതിയ അഭിഭാഷകന്‍ അവൈസ് ശൈഖ് പല തലങ്ങളില്‍ ദയാഹരജി നല്‍കി.
2012 മെയ്: ഇന്ത്യയില്‍ അറസ്റ്റിലായിരുന്ന പാക് വൈറോളജിസ്റ്റ് ഖലീല്‍ ചിശ്ത്തിയെ പാക്കിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യന്‍ സുപ്രീം കോടതി അനുവദിച്ചതിന്റെ പശ്ചാത്തലത്തില്‍ പത്താം തവണ ദയാഹരജി സമര്‍പ്പിച്ചു.
2012 ജൂണ്‍: സരബ്ജിത്ത് ഉടന്‍ മോചിതനാകുമെന്ന് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ മോചിതനായത് സുര്‍ജിത്ത് സിംഗ്.
2013 ഏപ്രില്‍ 26: സഹതടവുകാരുടെ ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ് ജിന്നാ ആശുപ്രത്രിയില്‍.
2013 മെയ് 2: സരബ്ജിത്ത് സിംഗ് മരിച്ചു