അറബ് വേഷത്തില്‍ ഇസിന്‍ ഹാഷ് തരംഗം

Posted on: December 15, 2018 5:07 pm | Last updated: December 15, 2018 at 5:07 pm

ദുബൈ: അറബ് ലോകത്ത് പരസ്യങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും മറ്റും നിറഞ്ഞുനില്‍ക്കുകയാണ് ഇസിന്‍ ഹാഷ്. പരമ്പരാഗത അറബ് വസ്ത്രങ്ങള്‍ ധരിച്ച് ‘അറബിക്കുട്ടി’യായി ചാനലുകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന ഈ ആറ് വയസുകാരന്‍ പക്ഷേ മലയാളിയാണ്.
സോഷ്യല്‍ മീഡിയയില്‍ വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഇസിന്‍ ചലച്ചിത്രത്തിന് സ്വദേശികള്‍ക്കിടയില്‍ വന്‍ വരവേല്‍പ് ലഭിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് യുഎഇ 47-ാം ദേശീയ ദിനം ആഘോഷിച്ചപ്പോഴും ദേശീയ പതാകയേന്തിയ ഇസിന്റെ ചിത്രം പത്രങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. ബഹുരാഷ്ട്ര ബ്രാന്‍ഡുകള്‍ക്കൊക്കെ അറബികളുടെ ഹൃദയം കവരാന്‍ ഇസിനെ വേണം.

മലയാളിയാണെങ്കിലും അറബി കുട്ടികളോടുള്ള രൂപ സാദൃശ്യമാണ് ഇസിന് അനുഗ്രഹമായത്. ഇന്ന് യു എ ഇയില്‍ ഏറ്റവും ഡിമാന്റുള്ള കുട്ടി മോഡലാണ് ഇവന്‍. അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ കെ ജി 2 വിദ്യാര്‍ഥിയാണ് ഇസിന്‍. രണ്ട് വയസുള്ളപ്പോള്‍ മുതല്‍ സ്‌റ്റൈലായി ഫോട്ടോക്ക് പോസ് ചെയ്യാന്‍ തുടങ്ങിയ ഇസിന്റെ കഴിവുകള്‍ മാതാപിതാക്കള്‍ തന്നെയാണ് തിരിച്ചറിഞ്ഞത്. അച്ഛന്റെ ഐ ഫോണിനായി കരയുന്ന ഇസിന്റെ വീഡിയോ പ്രവാസികള്‍ക്കിടയില്‍ വൈറലായിരുന്നു. പിന്നീടാണ് അച്ഛന്‍ ഹാഷ് ജവാദ് സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോഷൂട്ടുകള്‍ക്ക് ഇസിനെയും കൂടെക്കൂട്ടി.

പ്രൊഫഷനല്‍ പരസ്യ ഏജന്‍സുകളുമായി ബന്ധം സ്ഥാപിച്ചതോടെയാണ് വന്‍ ബ്രാന്‍ഡുകള്‍ ഇസിനെ തേടിയെത്തിയത് വാര്‍ണര്‍ബ്രോസ്, ലിവര്‍പൂള്‍, ഡു, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ഐകിയ, സെന്റര്‍പോയിന്റ്, ഹോം സെന്റ്, ജാഗ്വാര്‍ വേള്‍ഡ്, നിസാന്‍ പട്രോള്‍, ടോട്ടല്‍, പീഡിയഷുവര്‍, റെഡ് ടാഗ് എന്നിങ്ങനെ നിരവധി പരസ്യങ്ങളില്‍ ഇപ്പോള്‍ ഇസിനെ കാണാം. ദുബൈ ടൂറിസം, അബുദാബി ഗവണ്‍മെന്റ്, ദുബൈ സമ്മര്‍ സര്‍പ്രൈസ് തുടങ്ങിയ സര്‍ക്കാര്‍ പരസ്യങ്ങളിലുമുണ്ട് ഇസിന്‍.

സഊദി എനര്‍ജി എഫിഷ്യന്‍സിയുടേതുള്‍പെടെയുള്ള പരസ്യങ്ങളില്‍ സഊദി ബാലനായും വേഷമിട്ടു. ഷൂട്ടിലും മറ്റും നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കുന്നതിനാല്‍ പരസ്യ നിര്‍മാതാക്കള്‍ക്കൊക്കെ ഇസിനെ വളരെ ഇഷ്ടമാണെന്ന് ഉമ്മ നസീഹയും പറയുന്നു.