Connect with us

Kerala

എക്‌സൈസ് വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം കൂട്ട സ്ഥലം മാറ്റം

Published

|

Last Updated

തിരുവനന്തപുരം: എക്‌സൈസ് വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം. ബ്രുവറികള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനം വിവാദമായതിന് പിന്നില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥരെയടക്കം സ്ഥലം മാറ്റിയതെന്നറിയുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, സൂപ്രണ്ട്, മാനേജര്‍മാര്‍ എന്നിവരടക്കം 64 പേര്‍ക്കാണ് സ്ഥലം മാറ്റം.

വ്യാഴാഴ്ചയാണ് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് പുറത്തുവന്നത്. ബ്രുവറി ഫയലുകള്‍ക്ക് വേഗം കൂട്ടിയെന്ന് കണ്ടെത്തിയ കമ്മീഷണര്‍ ഓഫീസിലെ ഓഡിറ്റ് വിഭാഗത്തിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറെ തൃശൂരിലേക്കാണ് സ്ഥലം മാറ്റിയത്. ഈ ഉദ്യോഗസ്ഥനെ എക്‌സൈസ് കമ്മീഷണര്‍ നേരത്തെ സ്ഥലം മാറ്റിയിരുന്നുവെങ്കിലും രാഷ്ട്രീയ സ്വാധീനത്താല്‍ തല്‍സ്ഥാനത്ത് തുടരുകയായിരുന്നു. എക്‌സൈസ് ആസ്ഥാനത്തെ അബ്കാരി വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണര്‍ കെ സുരേഷ് ബാബുവിനെ ബവ്‌റിജസ് കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്ക് മാറ്റി. ബവ്‌റിജസ് കോര്‍പ്പറേഷനിലുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മിഷണര്‍ കെ.മുഹമ്മദ് റഷീദിനെ ആലപ്പുഴയിലേക്ക് മാറ്റി. ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന എ എന്‍ഷായ്ക്കാണ് എക്‌സൈസ് ആസ്ഥാനത്തെ അബ്കാരി വിഭാഗത്തിന്റെ ചുമതല. പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ചന്ദ്രപാലനാണ് പുതിയ എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍.എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍ എഎസ്‌രഞ്ജിത്തിനു പത്തനംതിട്ടയുടെ ചുമതല നല്‍കി. സിഎസ്ഡി കാന്റീന്‍ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന വി.പി.സുലേഷ്‌കുമാറിനെ പാലക്കാട് നിയമിച്ചു. പാലക്കാട് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ജേക്കബ് ജോണിനെ കാസര്‍ഗോഡ് നിയമിച്ചു. ബാലകൃഷ്ണനാണ് തൃശൂരിലെ പുതിയ ഡെപ്യൂട്ടി കമ്മിഷണര്‍. എ കെ നാരായണന്‍കുട്ടിക്കാണ് സിഎസ്ഡി കാന്റീനിന്റെ ചുമതല

Latest