കര്‍ണാടകയിലെ ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: 11 പേര്‍ മരിച്ചു

Posted on: December 14, 2018 9:15 pm | Last updated: December 15, 2018 at 11:03 am

ബെംഗളൂരു: കര്‍ണാടകയിലെ ചാമരാജ നഗറില്‍ ഹനൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട സുല്‍വാടി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച 11 പേര്‍ മരിച്ചു. 15 വയസ്സുകാരിയും മരിച്ചവരില്‍ ഉള്‍പ്പെടും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 80 പേരില്‍ ചിലര്‍
ഗുരുതരാവസ്ഥയിലാണ്. പ്രസാദം തിന്ന നിരവധി കാക്കകളെയും ചത്ത നിലയില്‍ കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രസാദത്തില്‍ വിഷാംശം കലര്‍ന്നിരുന്നുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ക്ഷേത്ര ഗോപുരത്തിന്റെ ശിലാന്യാസത്തോടനുബന്ധിച്ച് കാലത്ത് വിതരണ ചെയ്ത പ്രസാദം കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്. ക്ഷേത്രത്തില്‍ ഇന്ന് വിശേഷ പൂജയുമായി ബന്ധപ്പെട്ട് പുറത്തുനിന്നു കൊണ്ടുവന്ന പ്രസാദവും വിതരണം ചെയ്തതായാണു വിവരം.