Connect with us

National

രാജസ്ഥാനില്‍ ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാകും

Published

|

Last Updated

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് വീണ്ടും മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഗെഹ്‌ലോട്ടും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മൂന്നാം തവണയാണ് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുന്നത്. 1998-2003 വര്‍ഷങ്ങളിലും 2008- 2013 കാലയളവിലുമാണ് മുമ്പ് ഇദ്ദേഹം മുഖ്യമന്ത്രിയായത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായെങ്കിലും മുഖ്യമന്ത്രി ആരായിരിക്കണമെന്നതില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് രാഹുല്‍ ഇരുവരുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ന് വൈകീട്ട് ജയ്പൂരില്‍ ചേരുന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ഇരുനൂറംഗ നിയമസഭയില്‍ 99 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. 199 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 101 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബി എസ് പിക്ക് ഇവിടെ ആറ് സീറ്റുണ്ട്. ബി എസ് പിയുടെ പിന്തുണ ലഭിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും.

എന്നാല്‍, സ്വതന്ത്രരായി ജയിച്ച കോണ്‍ഗ്രസ് വിമത നേതാക്കളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭയില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന ബാബുലാല്‍ നഗര്‍, രാജ്കുമാര്‍ ഗൗര്‍, സന്യം ലോധ, അലോക് ബെനിവാല്‍ തുടങ്ങിയ വിമത നേതാക്കള്‍ ഇത്തവണ സ്വതന്ത്രരായി വിജയിച്ചിട്ടുണ്ട്. വിമത നേതാക്കള്‍ സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്.