കെണിയും സാധ്യതയും

Posted on: December 13, 2018 9:42 am | Last updated: December 13, 2018 at 3:54 pm

അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ദേശീയ രാഷ്ട്രീയത്തെ ഏത് വിധത്തിലാണ് സ്വാധീനിക്കുക എന്ന ചോദ്യം ഈ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദീര്‍ഘ നാള്‍ മുമ്പേ ഉയര്‍ന്നതാണ്. അന്നു പക്ഷേ തെലങ്കാന ചിത്രത്തിലുണ്ടായിരുന്നില്ല. ലോക്‌സഭയില്‍ ഒരു പ്രതിനിധി മാത്രമുള്ള മിസോറാമിനെ അത്രക്ക് പരിഗണിച്ചിരുന്നതുമില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും തിരിച്ചുവരാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ അവരുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നും കോണ്‍ഗ്രസിന് കുറേക്കൂടി സ്വാധീനം ചെലുത്താവുന്ന പ്രതിപക്ഷ സഖ്യത്തിന്റെ സൃഷ്ടിക്ക് കാരണമാകുമെന്നും വിലയിരുത്തലുണ്ടായിരുന്നു. ഏതെങ്കിലുമൊന്നില്‍ കോണ്‍ഗ്രസ് വിജയിക്കുകയാണെങ്കില്‍ അത് രാജസ്ഥാനിലാണെന്ന് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തിരുന്നു ദേശീയ രാഷ്ട്രീയത്തെ നല്ലപോലെ പിന്തുടര്‍ന്നിരുന്നവര്‍. അതിന് കാരണം സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിവന്ന പ്രവര്‍ത്തനങ്ങളേക്കാളുപരി, വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ എത്രത്തോളം അവിടുത്തെ ജനങ്ങളില്‍ നിന്ന് അകന്നുവെന്നതായിരുന്നു. ഈ അകല്‍ച്ചക്ക് വസുന്ധരയുടെ ഭരണം എത്രത്തോളം കാരണമായോ ഏതാണ്ട് അത്രത്തോളം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണവും കാരണമായിട്ടുണ്ട്. പക്ഷേ, സംസ്ഥാന തിരഞ്ഞെടുപ്പിലെ ഭരണവിരുദ്ധ വികാരം അവിടെ അധികാരത്തിലിരിക്കുന്നവരുടെ മാത്രം ഉത്തരവാദിത്വമായാണ് കരുതപ്പെടുന്നത്.
കാര്‍ഷിക മേഖലയിലുണ്ടായ പ്രതിസന്ധി ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു, ചെറുകിട – ഇടത്തം വ്യാപാര വ്യവസായങ്ങളൊക്കെ പ്രയാസം നേരിടുന്നു, തൊഴിലില്ലായ്മ രൂക്ഷമാണ്, ചെറുതും വലുതുമായ അഴിമതി ആരോപണങ്ങള്‍ സര്‍ക്കാറിനെതിരെ ഉയര്‍ന്നിരിക്കുന്നു, ബി ജെ പിയുടെ എക്കാലത്തെയും വലിയ വോട്ട് ബേങ്കായ രജപുത്രരടക്കമുള്ള സമുദായങ്ങള്‍ പല കാരണങ്ങളാല്‍ അവരോട് അകന്നിരിക്കുന്നു. ഇതൊക്കെയുണ്ടായിട്ടും കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകള്‍ ഒറ്റക്ക് നേടിയെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല, രാജസ്ഥാനില്‍. ഒറ്റക്ക് മത്സരിച്ച ബി എസ് പിയും പ്രാദേശികകക്ഷികളുമായി ചേര്‍ന്ന് മൂന്നാം മുന്നണിയുണ്ടാക്കി മത്സരിച്ച സി പി എമ്മുമൊക്കെ ഭരണത്തിനെതിരായ വോട്ടുകള്‍ ഭിന്നിപ്പിച്ചിട്ടുണ്ട്. എങ്കിലും കോണ്‍ഗ്രസിന് ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമ്പോള്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന വലിയ മേല്‍ക്കൈ അവസാനമെത്തുമ്പോഴേക്കും ഇല്ലാതായി. അതാണ് ഈ തിരഞ്ഞെടുപ്പിലെ യഥാര്‍ഥ രാഷ്ട്രീയതന്ത്രത്തെ വെളിവാക്കുന്ന സന്ദര്‍ഭമെന്ന് തോന്നുന്നു.

മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെയും ഛത്തീസ്ഗഢില്‍ രമണ്‍ സിംഗിന്റെയും ചോദ്യംചെയ്യപ്പെടാത്ത നേതൃത്വം നാലാം തവണയും ബി ജെ പിക്ക് അധികാരം നല്‍കുമെന്നാണ് പൊതുവില്‍ വിശ്വസിച്ചിരുന്നത്. അജിത് ജോഗിയുടെ പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കാനുള്ള ബി എസ് പിയുടെ തീരുമാനം ഛത്തീസ്ഗഢില്‍ രമണ്‍ സിംഗിന്റെ തിരിച്ചുവരവ് എളുപ്പമാക്കുമെന്നും. മധ്യപ്രദേശില്‍, 2013ല്‍ ഏഴ് ശതമാനത്തോളം വോട്ട് നേടിയ ബി എസ് പി, ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് ശിവരാജ് സിംഗ് ചൗഹാന്റെ നാലാമൂഴം ഉറപ്പിച്ചതായും വിലയിരുത്തപ്പെട്ടു. ഇത്തരം പതിവ് കണക്കുകൂട്ടലുകളെയൊക്കെ തെറ്റിച്ചുകളഞ്ഞു ഫലം. ഛത്തീസ്ഗഢില്‍ ബി ജെ പി 16 സീറ്റിലൊതുങ്ങി. മധ്യപ്രദേശില്‍ ശക്തമായൊരു മത്സരത്തിന് ശേഷം 114 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കാന്‍ തയ്യാറെടുക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴും പ്രചാരണം ആരംഭിക്കുമ്പോഴും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി ജെ പിക്കും അതിന്റെ അവിടുത്തെ മുഖങ്ങളായ ശിവരാജ് സിംഗ് ചൗഹാനും രമണ്‍ സിംഗിനും ഉണ്ടായിരുന്ന മേല്‍ക്കൈ അവസാനമെത്തുമ്പോഴേക്കും കൈമോശം വന്നു. ഇതും ഈ തിരഞ്ഞെടുപ്പിലെ യഥാര്‍ഥ രാഷ്ട്രീയതന്ത്രത്തെ വെളിവാക്കാന്‍ സഹായകമായ ഘടകമാണ്.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ മികച്ച പ്രവര്‍ത്തനം മധ്യപ്രദേശിലും ഛത്തീസ്ഗഢിലും അവരുടെ തിരിച്ചുവരവിന് പ്രധാന കാരണമാണ്. 15 വര്‍ഷമായി തുടരുന്ന ബി ജെ പി ഭരണത്തോട് ജനങ്ങളില്‍ വളര്‍ന്ന അതൃപ്തി മറ്റൊരു കാരണം. നേരത്തെ രാജസ്ഥാന്റെ കാര്യത്തില്‍ സൂചിപ്പിച്ച കാര്‍ഷിക, വ്യവസായ, വ്യാപാര, തൊഴില്‍ മേഖലകളിലെ പ്രതിസന്ധികള്‍ ഈ സംസ്ഥാനങ്ങളിലും നമുക്ക് കാണാനാകും. ആത്യന്തികമായി ജീവിതത്തിന് നേര്‍ക്കുയരുന്ന ചോദ്യത്തെ നേരിടാന്‍ സാധിക്കാതെ വരുന്ന ജനം, പോളിംഗ് ബൂത്തില്‍ ബദല്‍ സാധ്യത തേടുക സ്വാഭാവികമാണ്. രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ തുടങ്ങിവെച്ച മൃദു ഹിന്ദുത്വത്തിന്റെ പരീക്ഷണം കര്‍ണാടകം കടന്ന് രാജസ്ഥാനിലും കുറേക്കൂടി ശക്തമായി മധ്യപ്രദേശിലും കണ്ടു. ബി ജെ പിയിലേക്ക് ചാഞ്ഞ ഹിന്ദു വോട്ടുകളില്‍ വലിയൊരു ഭാഗത്തെ തിരികെപ്പിടിക്കാനും ഏതുവിധേനയും ബി ജെ പിയെ പരാജയപ്പെടുത്തി, കോണ്‍ഗ്രസിന്റെ പ്രസക്തി തെളിയിക്കുക എന്ന താത്കാലിക ലക്ഷ്യം നേടുന്നതിനും ആ പരീക്ഷണം സഹായിച്ചിട്ടുണ്ട്. ആ തന്ത്രം ന്യൂപക്ഷങ്ങളിലും ദളിതുകളിലുമൊക്കെയുണ്ടാക്കിയ ആശയക്കുഴപ്പം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാതെ പോയത് കിട്ടുമായിരുന്ന വിജയത്തിന്റെ വലുപ്പം കുറക്കുകയും ചെയ്തു.

എങ്കിലും വിജയം, വിജയം തന്നെയാണ്. പ്രത്യേകിച്ച് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയോട് നേരിട്ട് മത്സരിച്ച് നേടുന്ന സമ്പൂര്‍ണ വിജയം (അത് ഛത്തീസ്ഗഢില്‍ മാത്രമാണെങ്കില്‍ പോലും). അത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക മാത്രമല്ല, ഭീതിയുടെ നിഴലില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് ശക്തിയേകുകയും ചെയ്യും. ഗുജറാത്ത്, ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിച്ചാല്‍ മുസ്‌ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പല മണ്ഡലങ്ങളിലും ബി ജെ പി വലിയ വിജയം നേടിയത് കാണാനാകും. ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തുകയും തങ്ങളുടെ മണ്ഡലത്തില്‍ മറ്റു കക്ഷികള്‍ ജയിക്കുകയും ചെയ്താല്‍ പിന്നീട് ഉണ്ടാകാന്‍ ഇടയുള്ള പ്രത്യാഘാതത്തെ ഭയക്കുന്ന മുസ്‌ലിംകളാണ് ഈ വിജയത്തിന്റെ കാരണക്കാര്‍. അത്തരം ഭയങ്ങള്‍ക്ക് ഈ തിരഞ്ഞെടുപ്പുഫലം അവസാനമുണ്ടാക്കിയേക്കും. ബി ജെ പി സമ്പൂര്‍ണാധികാരത്തിലേക്ക് നീങ്ങുകയാണെന്ന തോന്നലില്‍ വിധേയത്വം പ്രകടിപ്പിച്ച് തുടങ്ങുകയോ വിധേയരായി മാറുകയോ ചെയ്ത പല മുഖങ്ങളിലും മാറ്റങ്ങളുണ്ടാകും. ഉദ്യോഗസ്ഥരില്‍, സംഘടനകളില്‍, സ്ഥാപനങ്ങളില്‍ ഒക്കെ. അത്തരം മാറ്റങ്ങള്‍ പുറമേക്ക് പ്രസരിപ്പിക്കുന്ന ഊര്‍ജം, അതായിരിക്കും 2019ലെ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ബി ജെ പിയും 56 ഇഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന പ്രധാനമന്ത്രിയും ബി ജെ പിയുടെ, കുശാഗ്രബുദ്ധിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന, പ്രസിഡന്റും നേരിടുന്ന പ്രധാന വെല്ലുവിളി. മൂന്ന് സംസ്ഥാനങ്ങളിലെ അധികാരം ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തതോടെ സംഭവിക്കാന്‍ ഇടയുള്ള ഏറ്റവും ഗുണപരമായ മാറ്റം ഇതായിരിക്കും. ഇതിന്റെ പ്രതിഫലനം പ്രതിപക്ഷ സഖ്യത്തിന്റെ രൂപവത്കരണത്തില്‍, മോദി സര്‍ക്കാറിനും ബി ജെ പിക്കുമെതിരായ തുടര്‍ പ്രചാരണങ്ങളില്‍ ഒക്കെ പ്രതിഫലിക്കുകയും ചെയ്യും. റിസര്‍വ് ബേങ്ക് ഗവര്‍ണറുടെയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെയും രാജി, സൈന്യത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചതിന് ശേഷം വിരമിച്ച ഉദ്യോഗസ്ഥരുടെ വിമര്‍ശങ്ങള്‍ (സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയും മറ്റും കാര്യങ്ങളില്‍), കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഭരണ മുന്നണിയില്‍ നിന്നുമുള്ള പുറത്തേക്ക് പോക്കുകള്‍ അങ്ങനെ പല നിലക്ക് ആ ഊര്‍ജത്തിന്റെ പ്രസരണം ഇതിനകം ആരംഭിച്ചുകഴിഞ്ഞിട്ടുമുണ്ട്.

ഇതൊക്കെ നില്‍ക്കുമ്പോഴും ചെറുതല്ലാത്ത അപകടത്തിന്റെ സാധ്യതയും മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം ശേഷിപ്പിക്കുന്നു. അത് അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന നേതാവിലുള്ള സ്വാര്‍ഥതയുടെയും അധികാരമോഹത്തിന്റെയും അളവിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. തന്റെ നേതൃത്വത്തില്‍ നേടിയ ജയം, തന്നില്‍ മാത്രം കേന്ദ്രീകരിക്കുന്ന അധികാരം. അതുമാത്രമേ സഹിച്ചിട്ടുള്ളൂ അധികാരം രുചിച്ചതിന് ശേഷം ഇത്രയും കാലം. അതില്‍ പങ്കുപറ്റാന്‍ ആരെയും അനുവദിച്ചിട്ടുമില്ല. 2014ലെ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ഏതാണ്ട് പൂര്‍ണമായും ‘ഞാന്‍’ ‘എന്റെ’ എന്നീ വാക്കുകളിലൂന്നിയ പ്രചാരണത്തിന്റെ ബാക്കിയാണെന്ന് സ്ഥാപിക്കാന്‍ അദ്ദേഹത്തിനായി. തുടര്‍ന്നങ്ങോട്ട് നടന്ന തിരഞ്ഞെടുപ്പുകളില്‍, നേടിയ വിജയങ്ങളുടെയൊക്കെ ഉത്തരവാദി അദ്ദേഹമായിരുന്നു, അല്ലെങ്കില്‍ അദ്ദേഹം മാത്രമായിരുന്നു. ആ പ്രതീതി ജനിപ്പിക്കും വിധത്തിലായിരുന്നു പ്രചാരണ രംഗത്തെ സാന്നിധ്യം. പ്രചാരണങ്ങള്‍ക്കായി യാത്ര ചെയ്ത ദൂരത്തെക്കുറിച്ച്, അതിനായൊരുക്കിയ പ്രത്യേക വസ്ത്രാലങ്കാരങ്ങളെക്കുറിച്ച് ഒക്കെ പുറത്തുവന്ന വാര്‍ത്തകള്‍ വിജയത്തിലെ പങ്ക് അക്കമിട്ട് നിരത്താനുള്ള വിദ്യകളുടെ ഭാഗമായി.

അതിലൊരു മാറ്റമുണ്ടായി ഇക്കുറി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ട യോഗി ആദിത്യനാഥ് മുഖ്യ പ്രചാരക സ്ഥാനത്തേക്ക് വന്നു. വംശഹത്യാശ്രമം വരെ നടത്താന്‍ മടിക്കാത്ത തീവ്രഹിന്ദുത്വ നേതൃത്വം വികസന അജന്‍ഡകളുടെ (പകര്‍ത്തിയെഴുതിയതോ വ്യാജമോ ആണ് പലതും) വക്താക്കളായി മാറുമ്പോള്‍ ഏറ്റുമുട്ടല്‍ കൊലകളുടെ പരമ്പര സൃഷ്ടിച്ച്, ഗോ സംരക്ഷണത്തിനെന്ന പേരില്‍ രംഗത്തിറങ്ങുന്ന അക്രമിക്കൂട്ടത്തിന് അഴിഞ്ഞാടാന്‍ അവസരം തുറന്നിട്ട്, ന്യൂനപക്ഷങ്ങളെയും ദളിതുകളെയും ഭീതിയുടെ തുറുങ്കിലേക്ക് തള്ളിനീക്കുന്ന നേതാവിനെ പകരക്കാരനായി രാഷ്ട്രീയ സ്വയം സേവക് സംഘ് കണ്ടുപോയിട്ടുണ്ടാകണം. അതുകൊണ്ടാകണം കര്‍ണാടകം മുതലിങ്ങോട്ട് യോഗി തന്നെ മുഖ്യ പ്രചാരകനാകട്ടെ എന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ടാകുക. തന്റെ നേതൃത്വത്തിലല്ലാതെയുള്ള വിജയം, തന്നില്‍ കേന്ദ്രീകരിക്കാത്ത അധികാരം – സഹിച്ചിട്ടുണ്ടാകുമോ അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള നേതാവിന്.

കണക്ക് നോക്കാം. ഛത്തീസ്ഗഢില്‍ യോഗി ആദിത്യനാഥ് പങ്കെടുത്തത് 23 റാലികളില്‍. നരേന്ദ്ര മോദി പങ്കെടുത്തത് നാലെണ്ണത്തില്‍ മാത്രം. മധ്യപ്രദേശില്‍ യോഗിയുടെ 17 റാലികള്‍. നരേന്ദ്ര മോദി പങ്കെടുത്ത പത്തിടത്ത്. ഛത്തീസ്ഗഢില്‍ ബി ജെ പിയുടെ സമ്പൂര്‍ണ പരാജയം, മുഖ്യമന്ത്രി പദത്തില്‍ പതിനഞ്ചാണ്ട് പൂര്‍ത്തിയാക്കിയ, പ്രതിച്ഛായയുള്ള നേതാവിന്റെ രാഷ്ട്രീയ വനവാസം. മധ്യപ്രദേശില്‍ ജയത്തോടടുത്ത പരാജയം. രാജസ്ഥാനില്‍ 26 റാലികളിലാണ് യോഗി ആദിത്യനാഥ് പങ്കെടുത്തത്. മോദിയാകട്ടെ പന്ത്രണ്ട് എണ്ണത്തിലും. മോദിയുടെ റാലികളില്‍ അധികവും പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും. രാജസ്ഥാനില്‍ വലിയ തോല്‍വി അഭിമുഖീകരിക്കുന്നുവെന്ന തിരിച്ചറിവില്‍ അവസാനഘട്ടത്തില്‍ നരേന്ദ്ര മോദിയുടെ ചുഴലിക്കാറ്റ് പ്രചാരണമെന്ന് പേനയുന്തുകാര്‍ ആ സമയത്ത് രചനാ വൈഭവം കാട്ടിയത് കൂടി ഓര്‍ക്കുക.

തന്നെ ആദേശം ചെയ്യാനുള്ള നേതാവിനെ തിരയുന്ന ആര്‍ എസ് എസ് നേതൃത്വത്തിന് മറുപടി നല്‍കാന്‍ മൂന്ന് സംസ്ഥാന തിരഞ്ഞെടുപ്പില്‍ അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള നേതാവ് ശ്രമിച്ചുവെന്ന് കൂടി മനസ്സിലാക്കണം. അതിന്റെ കൂടി ഫലമാകണം രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആദ്യമുണ്ടായിരുന്ന വലിയ മേല്‍ക്കൈ, അവസാന ഘട്ടമായപ്പോഴേക്കും ഇല്ലാതായത്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ചൗഹാനും രമണ്‍ സിംഗിനും ആദ്യഘട്ടത്തിലുണ്ടായിരുന്ന മുന്‍തൂക്കം അവസാനമെത്തിയപ്പോഴേക്കും നഷ്ടപ്പെട്ടത്. കാര്‍ഷികോത്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില യഥാസമയം മധ്യപ്രദേശിലും ഛത്തീസ്ഗഢിലും വിതരണം ചെയ്യാതിരുന്നത്, ഉള്ളിക്ക് അല്‍പ്പം ഉയര്‍ന്ന വില കര്‍ഷകന് കിട്ടാന്‍ തുടങ്ങിയപ്പോള്‍ ഇറക്കുമതി അനുവദിച്ച് ആഭ്യന്തര വിപണിയില്‍ വിലകുറച്ചത് ഒക്കെ, അമ്പത്തിയാറിഞ്ചിന്റെയും കൂട്ടരുടെയും തന്ത്രങ്ങളുടെ ഭാഗമായിരുന്നോ എന്ന് പറയേണ്ടത് രമണ്‍ സിംഗും ചൗഹാനുമൊക്കെയാണ്. നോട്ട് പിന്‍വലിച്ചതും ജി എസ് ടിയുടെ അശാസ്ത്രീയമായ നടപ്പാക്കലും ഭരണവിരുദ്ധ വികാരത്തെ ഏതളവില്‍ വര്‍ധിപ്പിച്ചുവെന്നും.

‘ഞാന്‍’ ‘എന്റെ’ പട്ടങ്ങള്‍ക്ക് ഇളക്കം തട്ടാതെ നോക്കുമ്പോള്‍, കോണ്‍ഗ്രസിന് ഉണ്ടാകുന്ന ഊര്‍ജം, 2019ലേക്ക് അവര്‍ക്കൊരു അമിത ആത്മവിശ്വാസം നല്‍കുമെന്ന കണക്കുമുണ്ടാകണം. മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരമുറപ്പിക്കാനായാല്‍ കോണ്‍ഗ്രസില്‍ ആദ്യമുണ്ടാകുക അവിടങ്ങളിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ്. അതോടെ വലിയ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാകത്തിലുള്ള ഐക്യം ആ സംഘത്തില്‍ അന്യമാകും. പ്രതിപക്ഷ സഖ്യത്തില്‍ വലുപ്പം കൂടുതലുള്ള പാര്‍ട്ടി എന്ന സ്ഥാനമേ ഇന്നലെ വരെ കോണ്‍ഗ്രസിനുണ്ടായിരുന്നുള്ളൂ. ഇന്നത് നേതൃത്വം വേണമെന്ന് വാശിപിടിക്കാന്‍ സാധ്യതയുള്ള പാര്‍ട്ടിയായി മാറിയിരിക്കുന്നു. കര്‍ണാടകയില്‍ കുമാരസ്വാമിക്ക് സിംഹാസനം നല്‍കിയ വലുപ്പത്തിലുള്ള ത്യാഗം ഇനി പ്രതീക്ഷിക്കരുതെന്ന് പറയാനുള്ള ശക്തിയുണ്ടെന്ന് സ്വയം ധരിക്കാന്‍ പാകത്തിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുന്നു. ഇപ്പോള്‍ പോലും ആശയത്തില്‍ മാത്രമുള്ള പ്രതിപക്ഷ സഖ്യത്തെ കൂടുതല്‍ ദുര്‍ബലമാക്കുമെന്ന് അമ്പത്തിയാറിഞ്ച് വീതി അവകാശപ്പെടുന്ന നെഞ്ച് ആലോചിച്ചിട്ടുണ്ടാകണം.

സാധ്യതയിലേക്കും അപകടത്തിലേക്കും ഒരുപോലെ വഴിതുറക്കുന്നുണ്ട് കോണ്‍ഗ്രസിനുണ്ടായ വിജയം. അതിലേത് സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് പക്വമായ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നതില്‍ പലപ്പോഴും പതറിപ്പോയ നമ്മുടെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളാണ്. മതനിരപേക്ഷ സ്വഭാവമുള്‍പ്പെടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശാധികാരങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ 2019ലെ വിജയം മാത്രം ലക്ഷ്യമിട്ടാല്‍ മതിയാകില്ലെന്ന് അവര്‍ ആദ്യം തിരിച്ചറിയണം. വംശഹത്യാ ശ്രമത്തോളം വളരുന്ന കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കി, വര്‍ഗീയ ധ്രുവീകരണത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ച് അധികാരത്തുടര്‍ച്ച ഉറപ്പാക്കാന്‍ മടിയില്ലാത്ത മനസ്സുകള്‍, തത്കാലം വികസന അജന്‍ഡകള്‍ക്ക് മറവിലേക്ക് മാറിയിരിക്കയാണെന്ന് മനസ്സിലാക്കുകയും വേണം. മൂന്നിടത്തെ വിജയം ചൂണ്ടയില്‍ കൊരുത്ത ഇരയുമാകാം.