Connect with us

Kerala

വനിതാ മതില്‍: സഹകരിക്കാത്തവര്‍ക്കു എസ് എന്‍ ഡി പി യോഗത്തില്‍ നിന്നു പുറത്തു പോകാമെന്ന് വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ: വനിതാ മതിലിനോടു സഹകരിക്കാത്തവര്‍ ആരായാലും എസ് എന്‍ ഡി പി യോഗത്തിനു പുറത്തു പോകേണ്ടി വരുമെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വനിതാ മതില്‍ വിജയിപ്പിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത എസ് എന്‍ ഡി പി യൂനിയന്‍ ഭാരവാഹികളുടെയും യോഗം കൗണ്‍സിലംഗങ്ങളുടെയും സമ്മേളനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ഡി ജെ എസ് ഇതു വരെ വനിതാ മതിലിനെതിരെ  പറഞ്ഞിട്ടില്ല. ബി ജെ പിയും വനിതാ മതിലില്‍ പങ്കെടുക്കണമെന്നും മറ്റാരേക്കാളും അവര്‍ മുന്നില്‍ നില്‍ക്കേണ്ടതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍ എസ് എസിനു മാന്യതയും മര്യാദയുമുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കണമായിരുന്നു. അവിടെ തങ്ങളുടെ നിലപാട് അറിയിക്കാമാനായിരുന്നു. അത് ചെയ്യാതെ വീട്ടിലിരുന്ന് അഭിപ്രായം പറയുകയാണ്.

ഒരു മുന്നാക്ക നേതാവ് പറഞ്ഞാല്‍ മാത്രം വനിതാ മതിലില്‍ നിന്ന് അണികള്‍ മാറി നില്‍ക്കില്ല. വനിതാ മതില്‍ വന്‍ വിജയമാക്കേണ്ട ബാധ്യത എസ് എന്‍ ഡി പിക്കുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന എസ് എന്‍ ഡി പി യോഗം വനിതാ മതിലില്‍ നിന്നു മാറി നിന്നാല്‍ ചരിത്രം ഞങ്ങളെ മണ്ടന്മാരെന്നു വിളിക്കും. എസ് എന്‍ ഡി പി യോഗത്തിന്റെ എല്ലാ തലത്തിലുമുള്ള പ്രവര്‍ത്തകരും യോഗത്തിന്റെ കീഴിലുള്ള സ്‌കൂള്‍, കോളജ് എന്നിവയില്‍ നിന്നുള്ളവരും പങ്കെടുക്കും. ആരെയും നിര്‍ബന്ധമായി പങ്കെടുപ്പിക്കില്ല.

യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമുണ്ട്. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും പങ്കാളികളാകണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതര മത സംഘടനകളേയും വനിതാ മതിലിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതിലിനോടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ എതിര്‍പ്പ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. എസ് എന്‍ ഡി പി യോഗം ആരുടേയും തടവറയില്‍ അല്ല. മൈക്രോ ഫിനാന്‍സ് കേസിനെ ഇതുമായി കൂട്ടിക്കെട്ടേണ്ട.

കോഴിക്കോട് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയതിലെ അനീതിയെ ഇനിയും ചോദ്യം ചെയ്യും. സര്‍ക്കാരിനു പ്രശ്നാധിഷ്ടിത പിന്തുണ നല്‍കും. സര്‍ക്കാര്‍ നല്ലതു ചെയ്താല്‍ പിന്തുണക്കും. മറിച്ചായാല്‍ എതിര്‍ക്കും. വെള്ളാപ്പള്ളി പറഞ്ഞു.