മധ്യപ്രദേശിനെ കമല്‍നാഥ് നയിക്കും

Posted on: December 12, 2018 6:42 pm | Last updated: December 12, 2018 at 9:28 pm

ഭോപാല്‍: മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിയാകും. സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനും നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുമായി ഭോപ്പാലില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം എല്‍ എമാരുടെ യോഗത്തിലാണ് തീരുമാനം. ഉയര്‍ന്ന നേതാവ് എ കെ ആന്റണിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്‍നാഥിന്റെ പേരു നിര്‍ദേശിച്ചത്. ഇത് യോഗം അംഗീകരിക്കുകയായിരുന്നു. പി സി സി പ്രസിഡന്റും മുന്‍ കേന്ദ്ര മന്ത്രിയുമായ കമല്‍നാഥ് നിലവില്‍ ലോക്‌സഭാംഗമാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല.

കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തു പകര്‍ന്ന് രണ്ട് സീറ്റുള്ള ബി എസ് പിയും ഒരു സീറ്റുള്ള സമാജ്‌വാദി (എസ് പി) പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആകെയുള്ള 230 സീറ്റുകളില്‍ 114 നേടിയാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ബി ജെ പിക്കു 109 കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബി എസ് പിക്കു രണ്ടും എസ് പിക്ക് ഒന്നും സീറ്റുകളാണുള്ളത്. മറ്റുള്ളവര്‍ക്ക് നാലു സീറ്റ് ലഭിച്ചു.