മിസോറാമില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; എംഎന്‍എഫ് അധികാരത്തിലേക്ക്

Posted on: December 11, 2018 1:51 pm | Last updated: December 12, 2018 at 10:22 am

ഐസ്വാള്‍: പത്ത്് വര്‍ഷത്തിന് ശേഷം മിസോ നാഷണല്‍ ഫ്രണ്ട് മിസോറാമിന്റെ അധികാരം കൈയാളാനൊരുങ്ങുന്നു. തിരഞ്ഞെടുപ്പ് ഫലസൂചനകളനുസരിച്ച് എംഎന്‍എഫ് 24 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് വെറും ആറ് സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപി ഒരു സീറ്റിലും. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്നായ മിസോറാം വീണ്ടും കോണ്‍ഗ്രസിനെ കൈയൊഴിയുന്ന കാഴ്ചയാണുള്ളത്. 2013ല്‍ 34 സീറ്റുമായാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും കോണ്‍ഗ്രസ് സാന്നിധ്യം നിലനിര്‍ത്താനായി കോണ്‍ഗ്രസ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തിയാണ് ഇവിടെ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ക്ക് നേത്യത്വം നല്‍കിയത്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസിന് തിരിച്ചടിയായിയെന്നുവേണം കരുതാന്‍. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലാല്‍തന്‍ഹാവ്‌ല മത്‌സരിച്ച രണ്ട് മണ്ഡലങ്ങളിലും അദ്ദേഹത്തിന് അടിപതറി. മദ്യനിരോധം പിന്‍വലിച്ചതും വികസനമുരടിപ്പും കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടി.