മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

Posted on: December 11, 2018 12:03 am | Last updated: December 11, 2018 at 9:51 am

കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്‍ (85) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മുൻ യുഡിഎഫ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്ന അദ്ദേഹം ദീര്‍ഘ കാലം തൃശൂര്‍ ഡി.സി.സി പ്രസിഡന്റായും കെ.പി.സി.സി ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1936 നവംബര്‍ 18-ന് ജനനം. പുഴയ്ക്കല്‍ ഗ്രാമീണവായനശാലയുടെ ലൈബ്രേറിയനായി പൊതുരംഗത്തെത്തി. വിനോബാ ഭാവേയുടെ ഭൂദാന്‍ യജ്ഞത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ അദ്ദേഹം ഭൂദാന്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 45 ദിവസം നടന്ന പദയാത്രയില്‍ പങ്കെടുത്തിട്ടുണ്ട്

കരുണാകരന്‍ സപ്തതി സ്മാരക മന്ദിരം എന്ന തൃശൂര്‍ ഡി.സി.സി ഓഫീസ്, ജില്ലാ സഹകരണ ബാങ്കിന്റെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കെ.പി.സി.സി. ആസ്ഥാന മന്ദിരം തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് നേതൃത്വം നലകിയത് ‘സി.എന്‍’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സി.എന്‍. ബാലകൃഷ്ണനാണ്. ഖാദി – ഗ്രാമ വ്യവസായ അസോസിയേഷന്റെ പ്രസിഡണ്ടായിരുന്ന അദ്ദേഹം സംസ്ഥാന ഖാദി ഫെഡറേഷന്റെയും പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു.

കെ. കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നെങ്കിലും പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം പോകാന്‍ സി.എന്‍. ബാലകൃഷ്ണന്‍ തയ്യാറായില്ല. പത്താം ക്ലാസ് പാസ്സായതിനു ശേഷം പൊതുരംഗത്തിറങ്ങിയ സി.എന്‍. തന്റേടത്തോടെ ഓരോ മേഖലയും കീഴടക്കിയത് അസാമാന്യമായ മനസാന്നിദ്ധ്യത്തോടെയായിരുന്നു.

2011-ലെ തിരഞ്ഞെടുപ്പിലാണ് സി.എന്‍. ബാലകൃഷ്ണന്‍ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചത്. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം സി.പി.എമ്മിലെ എന്‍.ആര്‍. ബാലനെതിരെ 6685 വോട്ടിന്റെ ഭൂരിപക്ഷത്തി ലാണ് വിജയിച്ചത്.

പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരം എൽ.പി. സ്കൂൾ അദ്ധ്യാപികയായിരുന്ന തങ്കമണിയാണ് ഭാര്യ