വിജയ് മല്യയെ ഇന്ത്യക്കു കൈമാറണമെന്ന് ലണ്ടന്‍ കോടതി

Posted on: December 10, 2018 7:44 pm | Last updated: December 10, 2018 at 10:55 pm

ലണ്ടന്‍: കോടികളുടെ തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യക്കു കൈമാറണമെന്ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ മല്യക്ക് രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

അതിനിടെ, തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള സി ബി ഐ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി എന്‍ഫോഴ്‌സ്‌മെന്റിന് നോട്ടീസ് അയച്ചു. മല്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ സംയുക്ത സംഘം ലണ്ടനില്‍ എത്തിയിട്ടുണ്ട്.

വിവിധ ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത 9,000 കോടിയോളം രൂപ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് പിടിച്ചെടുക്കാന്‍ ബേങ്കുകള്‍ നിയമ നടപടി ആരംഭിച്ചതോടെയാണ് മല്യ 2016ല്‍ വിദേശത്തേക്കു കടന്നത്.