Connect with us

Editorial

രാഷ്ട്രീയ ശുദ്ധീകരണം ദിവാസ്വപ്‌നം

Published

|

Last Updated

സംശുദ്ധ രാഷ്ട്രീയത്തെയും ക്രിമിനലുകളില്‍ നിന്ന് രാഷ്ട്രീയത്തെ മുക്തമാക്കേണ്ടതിന്റെ അനിവാര്യതയെയും കുറിച്ച് വാചാലരാകാത്ത ഒരു രാഷ്ട്രീയകക്ഷിയും നേതാവുമില്ല രാജ്യത്ത്. അതേസമയം ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന നേതാക്കളുടെയും ജനപ്രതിനിധികളുടെയും എണ്ണം അടിക്കടി വര്‍ധിച്ചു കൊണ്ടിരിക്കയാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) നടത്തിയ പഠന പ്രകാരം നിലവിലെ പാര്‍ലിമെന്റ് അംഗങ്ങളില്‍ 186 പേര്‍ (34ശതമാനം) ക്രിമിനല്‍ കേസ് പ്രതികളാണ്. കഴിഞ്ഞ പാര്‍ലിമെന്റില്‍ 30 ശതമാനമായിരുന്നു. കേരള നിയമസഭയിലെ 140 എം എല്‍ എമാരില്‍ ക്രിമിനല്‍ റിക്കാര്‍ഡുള്ളവരുടെ എണ്ണം 87 വരും. 62 ശതമാനം. കൊലപാതകം, വര്‍ഗീയത വളര്‍ത്തല്‍, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടത്.

ക്രിമിനല്‍ കേസ് പ്രതികള്‍ നിയമനിര്‍മാണ സഭകളില്‍ എത്താനിടവരുന്നത് നാടിനും ജനാധിപത്യത്തിനും കളങ്കമാണ്. നിയമനിര്‍മാണങ്ങളില്‍ അവര്‍ പങ്കാളിയാകുന്നത് ഉചിതമല്ല. അവരുടെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ സത്യമെങ്കില്‍ ശിക്ഷിക്കപ്പെടണം. വ്യാജമെങ്കില്‍ നിരപരാധിത്വം തെളിയിക്കപ്പെടുകയും വേണം. പക്ഷേ, അവരെ സംബന്ധിച്ച കേസുകള്‍ തീര്‍പ്പാകാതെ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ജനപ്രതിനിധികള്‍ പ്രതികളായ 4,122 ക്രിമിനല്‍ കേസുകള്‍ രാജ്യത്തെ വിവിധ കോടതികളിലായി തീര്‍പ്പാകാതെ കിടപ്പുണ്ട്. ദശാബ്ദങ്ങളുടെ പഴക്കമുള്ളതാണ് പലതും. ഇവ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നു കോടതി പലതവണ ആവശ്യപ്പെട്ടതാണ്.

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് 2017 നവമ്പറില്‍ നല്‍കിയ ഒരു ഉത്തരവില്‍ ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ തീര്‍പ്പാക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നത് അനുവദിക്കാനാകില്ലെന്നും കേസുകളുടെ വിചാരണക്ക് അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണം. ഇതു സംബന്ധിച്ച വിശദമായ രൂപരേഖ കഴിഞ്ഞ ഡിസംബര്‍ 13ന് അകം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും ഈ നിര്‍ദേശം പാലിച്ചില്ല. ഇതടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കാന്‍ കേരളത്തിനും ബിഹാറിനും കഴിഞ്ഞ ദിവസം സുപ്രീം കോടതി വീണ്ടും നിര്‍ദേശം നല്‍കിയിരിക്കയാണ്. വിചാരണക്ക് പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിന് പുറമേ സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ജനപ്രതിനിധികള്‍ പ്രതികളായ 312 കേസുകളും ബിഹാറില്‍ 304 കേസുകളും കെട്ടികിടക്കുന്നുണ്ട്. കേരളത്തിലെ സാമാജികരില്‍ 19 ശതമാനം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടവരാണ്.
നിലവില്‍ കുറ്റാരോപിതര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ പാര്‍ലിമെന്റിലും നിയമസഭകളിലും അംഗങ്ങളായി തുടരുന്നതിനോ നിയമപരമായി വിലക്കില്ല. ഏതെങ്കിലും ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ അയോഗ്യരാകുകയുള്ളൂ. അവര്‍ക്ക് ആറു വര്‍ഷത്തേക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ഇതുകൊണ്ടാണ് ജനപ്രതിനിധികളുടെ കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുന്നതില്‍ ഒരു പാര്‍ട്ടിക്കും സര്‍ക്കാറിനും തത്പര്യമില്ലാത്തതും കോടതിക്ക് ഇക്കാര്യം അടിക്കടി ഉണര്‍ത്തേണ്ടിവരുന്നതും. ക്രിമിനല്‍ കേസുകളില്‍ ഗുരുതരമായ കുറ്റം ചുമത്തപ്പെട്ടവര്‍ക്കെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയെങ്കില്‍ മാത്രമേ രാഷ്ട്രീയ പ്രവര്‍ത്തകര്‍ കുറ്റകൃത്യങ്ങളില്‍ നിന്നു മാറി നില്‍ക്കുകയും രാഷ്ട്രീയ രംഗത്തെ ശുദ്ധീകരണം സാധ്യമാകുകയും ചെയ്യൂ. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ എം ലിങ്‌ദോ, ബി ജെ പി നേതാവ് അശ്വിനി ഉപാധ്യായ തുടങ്ങി ചില പൊതുപ്രവര്‍ത്തകര്‍ ഈ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഇക്കാര്യത്തില്‍ ജൂഡിഷ്യറിക്ക് പരിമിതികളുണ്ടെന്നും സര്‍ക്കാറാണ് നിയമനിര്‍മാണം നടത്തേണ്ടതെന്നുമായിരുന്നു സെപ്തംബര്‍ 25ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പ്രതികരണം. പണവും കൈയൂക്കും കൊണ്ട് അധികാരത്തിലെത്തുന്നവരെ മാറ്റിനിര്‍ത്താന്‍ പാര്‍ലിമെന്റിനു കടമയുണ്ടെന്നും ഇക്കാര്യത്തില്‍ കാലതാമസം വരുത്തുന്നത് ജനാധിപത്യത്തിന് ആപത്കരമാണെന്നും കോടതി ഓര്‍മിപ്പിക്കുകയും ചെയ്തു. ഏറ്റവും മികച്ചവരാണ് തിരഞ്ഞെടുക്കപ്പെടുന്നതെന്നും ഭരിക്കുന്നതെന്നും ഉറപ്പാക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്നും കോടതി ഉണര്‍ത്തി.
കോടതി എന്തൊക്കെ പറഞ്ഞാലും നിലവിലെ സാഹചര്യത്തില്‍ ക്രമിനല്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ ശക്തമായ ഒരു നീക്കം ഭരണ കൂടത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. കുറ്റാരോപണം ഒരു അലങ്കാരമായി കാണുകയും കൊലക്കേസ് പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങുമ്പോള്‍ മാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവരാണ് പാര്‍ട്ടികള്‍. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നഗ്‌നമായി ലംഘിക്കുന്നവരും കോടതി ശിക്ഷിച്ചവരുമാണ് പല പാര്‍ട്ടികളുടെയും നേതൃത്വ പദവി അലങ്കരിക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ തങ്ങള്‍ക്ക് ബാധകമല്ലെന്ന ധാര്‍ഷ്ട്യം വെച്ചുപുലര്‍ത്തുന്നവര്‍ പോലുമുണ്ടിവിടെ. വര്‍ഗീയ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗാള്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ യാത്രക്ക് അനുമതി നിഷേധിച്ചപ്പോള്‍, കോടതി വിലക്ക് ലംഘിച്ചു യാത്ര നടത്തുമെന്നായിരുന്നല്ലോ കേന്ദ്രഭരണ കക്ഷിയുടെ തലവന്റെ പ്രഖ്യാപനം.

Latest