വനിതാ മതില്‍: വെള്ളാപ്പള്ളിക്കെതിരെ പരോക്ഷ വിമര്‍ശവുമായി കെ മുരളീധരന്‍

Posted on: December 9, 2018 5:12 pm | Last updated: December 9, 2018 at 6:59 pm

കോഴിക്കോട്: എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനെതിരെ പരോക്ഷ വിമര്‍ശവുമായി കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ മുരളീധരന്‍. വനിതാ മതിലില്‍ പങ്ക് ചേരാത്തവര്‍ വിഡ്ഢികളാണെന്ന വെള്ളാപ്പള്ളിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്കെതിരെയാണ് കെ മുരളീധരന്‍ ആഞ്ഞടിച്ചത്.

മതില്‍ പണിയാനായി വിളിച്ച യോഗത്തില്‍ ഒരുനേതാവ് പറഞ്ഞത്, ഇതില്‍ പങ്കുചേരാത്തവര്‍ വിഡ്ഢികളാണെന്നാണ്. അദ്ദേഹം വീട്ടില്‍പോയി അതു സ്വന്തം മകനോടാണു പറയേണ്ടത്. കേന്ദ്രത്തിലും സംസ്ഥാനത്തും കേസുള്ളതിനാല്‍ മകന്‍ കേന്ദ്രത്തിനൊപ്പവും അച്ഛന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പവുമാണ് നില്‍ക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

വനിതാ മതിലുപണിയാന്‍ സര്‍ക്കാര്‍ ഏതുപണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണം. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള പണമാണോ അതിനുപയോഗിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.