മഞ്ഞക്കുപ്പായക്കാരെ വിശ്വസിക്കരുത്‌

മഞ്ഞക്കുപ്പായ സമരത്തിലേക്ക് മാരിനേയുടെ ഗ്രൂപ്പ് നുഴഞ്ഞു കയറിയെന്നത് വസ്തുതയാണ്. അവരാണ് സമരത്തെ അക്രമാസക്തമാക്കുന്നത്. മാക്രോണിനോട് ഇവര്‍ക്കുള്ള രാഷ്ട്രീയ ശത്രുത തീര്‍ക്കാന്‍ സമരത്തെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് സമരത്തിന് തുടക്കം കുറിച്ച വനിതാ ബ്ലോഗറോ സമരത്തില്‍ അണി ചേര്‍ന്ന സാധാരണക്കാരോ മനസ്സിലാക്കിയിട്ടില്ല. ഇന്ധന വില കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടും സമരം തുടരുന്നതിന്റെ കാരണമതാണ്. ഇപ്പോള്‍ സമരക്കാര്‍ പറയുന്നത് വിദ്യാഭ്യാസ പരിഷ്‌കരണം വേണമെന്നാണ്. ശക്തമായ രാഷ്ട്രീയ അടിത്തറയില്ലാത്ത മാക്രോണിനെ സമരം പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്. ആ പ്രതിസന്ധിയുടെ ഗുണഭോക്താക്കള്‍ മാരിനേ ലീ പെന്നിന്റെ പാര്‍ട്ടിയായിരിക്കും. ഈ ഘട്ടത്തില്‍ യഥാര്‍ഥ ജനരോഷത്തെയും രാഷ്ട്രീയ പ്രേരിത വിധ്വംസക പ്രവര്‍ത്തനത്തെയും വേര്‍തിരിക്കേണ്ടതുണ്ട്. മാക്രോണ്‍ കോട്ടൂരി ജനങ്ങളുടെ ഇടങ്ങളിലേക്കിറങ്ങണം, മാനസികമായി. അപ്പോള്‍ മഞ്ഞക്കുപ്പായക്കാരിലെ 'ജനം' തെരുവില്‍ നിന്ന് തിരിച്ചു കയറും. തീവ്രവാദികള്‍ ഒറ്റപ്പെടും.
Posted on: December 9, 2018 4:53 pm | Last updated: December 9, 2018 at 4:53 pm

ഫ്രാന്‍സിലെ പ്രക്ഷോഭമാണ് ലോകമാധ്യമങ്ങളിലെങ്ങും ചര്‍ച്ച. നവംബറില്‍ തുടങ്ങിയ സമരം ആദ്യം ഉന്നയിച്ച ആവശ്യം നേടിയിട്ടും തുടരുകയാണ്. ടിയര്‍ ഗ്യാസ്, വെടിവെപ്പ്, അക്രമം, തീവെപ്പ്…. അഞ്ച് പേര്‍ ഇതിനകം മരിച്ചു. നൂറ്കണക്കിനാളുകള്‍ക്ക് പരുക്കേറ്റു. പൈതൃക സ്മാരകങ്ങള്‍ പലതും തകര്‍ക്കപ്പെട്ടു. പാരീസിന് പ്രക്ഷോഭം പുതുമയുള്ള കാര്യമല്ല. മനുഷ്യര്‍ സ്വതന്ത്രരായി ജനിക്കുന്നു, ചങ്ങലകളാല്‍ ബന്ധിതരായി ജീവിക്കുന്നുവെന്ന റൂസ്സോ സിദ്ധാന്തം ഉള്ളിലാവാഹിച്ച മനുഷ്യരുള്ള ഫ്രാന്‍സില്‍ അത് അങ്ങനെയാകാതെ തരമില്ലല്ലോ. പ്രതിഷേധങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ബഹുസ്വര ചിന്തകള്‍ക്കും ഇടമുള്ള പോളിറ്റിയാണ് ഫ്രാന്‍സിലുള്ളത്. അതിന്റെ ഗുണവും ദോഷവും ആ രാജ്യത്തിനുണ്ട്. ഷാര്‍ലി ഹെബ്‌ദോയെപ്പോലെ ഒരു കാര്‍ട്ടൂണ്‍ മാഗസിന് അവിടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ആ മാഗസിന് ക്രൂരമായ നബിനിന്ദാ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാനുമാകും. അതേ ഫ്രാന്‍സില്‍ അതിവേഗം വളരുന്ന ഇസ്‌ലാമിക സമൂഹമുണ്ടെന്നു കൂടി വായിക്കുമ്പോള്‍ ലിബറല്‍ ഘടനയുടെ ഇരുട്ടും വെളിച്ചവും ഒരു പോലെ തെളിഞ്ഞു വരും. ഫ്രാന്‍സ് ഒരിക്കല്‍ കൂടി പ്രക്ഷോഭ ഭരിതമാകുകയാണ്. ആയിരക്കണക്കിനാളുകള്‍ വാരാന്ത്യങ്ങളില്‍ തെരുവിലിറങ്ങുന്നു. പാരീസാണ് മുഖ്യ കേന്ദ്രം. ഫഌറസന്റ് മഞ്ഞക്കോട്ട് അണിഞ്ഞാണ് അവരെത്തുന്നത്. കൊടിയില്ല. സംഘടനയില്ല. നേതാവില്ല. ജനങ്ങള്‍ ഒഴുകിയെത്തുന്നു. മഞ്ഞക്കോട്ട് വളരെ മുഴക്കമുള്ള അര്‍ഥം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്രതീകമാണ്. ലോകത്താകെ അപകടകരമായ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളും ട്രാഫിക് പോലീസുകാരും റോഡില്‍ പണിയെടുക്കുന്നവരും അവരുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനായി മഞ്ഞനിറത്തിലുള്ള തിളങ്ങുന്ന മേല്‍ക്കുപ്പായം അണിഞ്ഞു വരുന്നു. അപകടമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ വാഹനങ്ങളില്‍ നിന്നു പുറത്തിറങ്ങി നില്‍ക്കുന്നവര്‍ അതു ധരിച്ചിരിക്കണമെന്ന് ചില രാജ്യങ്ങളില്‍ നിയമമുണ്ട്. അപകട സൂചനയാണ് അത്. ശ്രദ്ധയാകര്‍ഷിക്കലാണ്. സത്വരം നടപടി ആവശ്യപ്പെടുന്നതുമാണ് ഈ മഞ്ഞക്കുപ്പായം.

ഭരണകൂടത്തിന് ജനത നല്‍കുന്ന അപകടമുന്നറിയിപ്പാണ് എല്ലാ പ്രക്ഷോഭങ്ങളും. ഒരര്‍ഥത്തില്‍ അവ അരാജകത്വത്തിലേക്ക് വഴുതാതിരിക്കാനുള്ള സേഫ്റ്റി വാല്‍വാണ്. ഭരണാധികാരികള്‍ പ്രക്ഷോഭങ്ങളെ അലോസരമായി കാണുന്നുവെങ്കിലും യഥാര്‍ഥത്തില്‍ ഭരിക്കുന്നവന് ആശ്വാസകരമാണവ. ആത്യന്തിക കലാപത്തില്‍ അത് സമൂഹത്തെ രക്ഷിച്ചു നിര്‍ത്തുന്നു. ചെറിയ വിട്ടുവീഴ്ചകള്‍ കൊണ്ട് തങ്ങളുടെ അധികാരത്തിന്റെ ആയുസ്സു നീട്ടിക്കിട്ടാന്‍ ഭരണാധികാരികള്‍ക്ക് അത് അവസരം തരുന്നു. ഇന്ത്യയില്‍ എ ഒ ഹ്യൂം എന്ന വെള്ളക്കാരന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയത് ഇത്തരമൊരു സേഫ്റ്റി വാള്‍വ് എന്ന നിലയിലായിരുന്നുവല്ലോ. ശനിയാഴ്ചകളില്‍ തെരുവിലിറങ്ങുന്ന മഞ്ഞക്കോട്ടുകാര്‍ ഇമ്മാനുവേല്‍ മാക്രോണ്‍ സര്‍ക്കാറിന് അവസരം നല്‍കുകയാണ്, തെറ്റുകള്‍ തിരുത്താന്‍.
ഇന്ധനമാണ് പ്രശ്‌നം
മാക്രോണ്‍ സര്‍ക്കാറിന്റെ ഇന്ധന വില നയമാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ പ്രത്യക്ഷ കാരണമെന്ന് പറയാം. ഡീസലിന് 7.6 ശതമാനവും പെട്രോളിന് 3.9 ശതമാനവുമാണ് ഫ്രഞ്ച് സര്‍ക്കാര്‍ നികുതി വര്‍ധന വരുത്തിയത്. ഇതോടെ രാജ്യത്ത് ഇന്ധനവില 23 ശതമാനമായി ഉയര്‍ന്നു. മാക്രോണിന്റെ നയങ്ങളില്‍ നേരത്തേയുണ്ടായിരുന്ന സംശയം ബലപ്പെടാന്‍ ഈ വിലവര്‍ധന കാരണമായി. ഗ്രാമീണരോടും ഇടത്തരക്കാരോടും മാക്രോണിന് പ്രതിപത്തിയില്ലെന്ന് അദ്ദേഹം അധികാരത്തില്‍ വന്നപ്പോഴേ കേട്ട ആക്ഷേപമാണ്. സത്യത്തില്‍ അദ്ദേഹം ഒരു പക്കാ രാഷ്ട്രീയക്കാരനല്ല. പെട്ടെന്ന് ഉദിച്ചുയര്‍ന്ന് യുവ നേതൃത്വം മാത്രമാണ്. അതിന്റെ ഇടര്‍ച്ചകള്‍ ഈ ഇളമുറക്കാരന്‍ പ്രസിഡന്റിന് ഉണ്ട്. അതുകൊണ്ട് പ്രക്ഷോഭത്തിന്റെ ഗതി അദ്ദേഹത്തിന് പിടിത്തം കിട്ടിയില്ല. പതിവ് പ്രക്ഷോഭമായി അദ്ദേഹം ഇതിനെ കണ്ടു. വിദേശ പര്യടനം കഴിഞ്ഞു വന്ന പ്രസിഡന്റ് കണ്ടത് തകര്‍ന്നടിഞ്ഞ പാരീസിനെയാണ്. ആ അവശിഷ്ടങ്ങള്‍ അദ്ദേഹത്തെ ഇരുത്തിച്ചിന്തിപ്പിച്ചു. നവംബര്‍ 17ന് തുടങ്ങുമ്പോള്‍ സമാധാനപരമായിരുന്ന പ്രക്ഷോഭം ഏത് വഴിത്തിരിവില്‍ വെച്ചാണ് അക്രമാസക്തമായതെന്ന് മനസ്സിലാക്കാന്‍ പോലും സര്‍ക്കാറിന് സാധിച്ചില്ല. തലസ്ഥാന നഗരിയിലെ ദേശീയ പൈതൃകമായ ആര്‍ക് ദെ ട്രയംഫിന് പ്രക്ഷോഭകര്‍ കേടുവരുത്തിയത് വലിയ നാണക്കേടായി. ആ കവാടത്തില്‍ മാക്രോണ്‍ രാജിവെക്കുക എന്ന് എഴുതിവെച്ചത് തന്റെ നെറ്റിയില്‍ എഴുതിവെച്ചത് പോലെയാണ് പ്രസിഡന്റിന് തോന്നിയത്. പ്രക്ഷോഭത്തില്‍ നേരിട്ട് പങ്കെടുക്കാത്ത ലക്ഷക്കണക്കിനാളുകള്‍ക്ക് സര്‍ക്കാര്‍വിരുദ്ധ രോഷമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ പ്രതികരണങ്ങള്‍. ഗവേഷണ സ്ഥാപനമായ ഐ എഫ് ഒ പി നടത്തിയ സര്‍വേയില്‍ മാക്രോണിന്റെ ജനസമ്മതി 25 ശതമാനമായി ഇടിഞ്ഞു. ഇതോടെ തിരിച്ചു ചിന്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. വര്‍ധിപ്പിച്ച ഇന്ധന നികുതി സര്‍ക്കാര്‍ താത്കാലികമായി മരവിപ്പിച്ചു. വിലവര്‍ധന സംബന്ധിച്ച് ജനങ്ങളുമായി നേരിട്ടുള്ള സംവാദം സാധ്യമാകുന്നതു വരെ വര്‍ധന നടപ്പില്‍ വരുത്തില്ലെന്നാണ് ടെലിവിഷന്‍ സന്ദേശത്തിലൂടെ ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ് അറിയിച്ചത്. വൈദ്യുതിയുടെയും പാചകവാതകത്തിന്റെയും നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഇന്ധനത്തിന് അധിക നികുതിയേര്‍പ്പെടുത്തിയതിനെക്കുറിച്ച് പറയാന്‍ ഇമ്മാനുവല്‍ മാക്രോണിന് ന്യായങ്ങളുണ്ടായിരുന്നു. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയുമെല്ലാം കെടുതികള്‍ വലിയ തോതില്‍ ബാധിച്ചിട്ടുള്ള ഫ്രാന്‍സില്‍ ഡീസല്‍ വിലയും മറ്റു ഭൗമ ഇന്ധനങ്ങളും നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഭൗമ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുകയാണ് നികുതി വര്‍ധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറയുന്നു. തന്റെ മുന്‍ഗാമിയായ ഫ്രാന്‍ഷ്യസ് ഹോളന്‍ഡേയുടെ നയം തുടരുകയാണ് സത്യത്തില്‍ മാക്രോണ്‍ ചെയ്തത്. ഹരിത നികുതി വഴി ലഭിക്കുന്ന വരുമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അത് ജനങ്ങള്‍ക്ക് പണം തിരിച്ചു കൊടുക്കുന്നതിന് തുല്യമാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ ഇന്ധന വില കൂട്ടുമ്പോഴെല്ലാം കക്കൂസുകളുടെ കാര്യം പറയാറുണ്ടല്ലോ. അതുപോലൊരു വാദമാണിതും. ഇന്ത്യയിലെ സ്ഥിതിയെന്താണ്? ഇന്ധനവില കുത്തനെ ഇടിഞ്ഞപ്പോള്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ച് വിലയിടിവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നിഷേധിക്കുകയായിരുന്നു സര്‍ക്കാര്‍. ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അടിസ്ഥാന നികുതി ലിറ്ററിന് 1.20 രൂപയില്‍ നിന്നും 8.48 രൂപയായും അഡീഷനല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപയില്‍ നിന്നും ആറ് രൂപയായും സ്‌പെഷ്യല്‍ അഡീഷനല്‍ ഡ്യൂട്ടി ലിറ്ററിന് ആറ് രൂപയില്‍ നിന്നും ഏഴായും ഉയര്‍ത്തി. 2015ല്‍ പെട്രോളിന് കേന്ദ്ര എക്‌സൈസ് നികുതി ലിറ്ററിന് 11 രൂപ 48 പൈസ ആയിരുന്നത് ഇന്ന് 19 രൂപ 48 പൈസയാണ്. ഡീസലിന്റെ നികുതി 3.46 രൂപയില്‍ നിന്നും 15.33 രൂപയായും ഉയര്‍ന്നു. നോട്ടുനിരോധനത്തിന്റെയും ജി എസ് ടിയുടെയും കാര്‍ഷിക വിലത്തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ ഈ നികുതിക്കൊള്ള മനുഷ്യരുടെ ജീവിതം അസഹനീയമാക്കിയിരിക്കുന്നു. ജീവന്‍മരണ പ്രക്ഷോഭം ഉയര്‍ന്നു വരാന്‍ ഇതിലപ്പുറം എന്ത് വേണം? ഇവിടെ ഒന്നുമുണ്ടായില്ല. ആളുകള്‍ ക്ഷേത്രങ്ങളുടെ പിറകേയാണ്. ഫ്രാന്‍സില്‍ അത്തരം എല്ലിന്‍ കഷ്ണങ്ങളില്‍ കടിച്ചിരിക്കാന്‍ ജനങ്ങള്‍ തയ്യാറല്ല. അവര്‍ തെരുവിലിറങ്ങി, മഞ്ഞക്കോട്ടണിഞ്ഞ്. ആ അര്‍ഥത്തില്‍ ഫ്രാന്‍സിലെ പ്രക്ഷോഭം ആവേശകരമാണ്. അതിന്റെ ഭാഗിക വിജയം അത്യാവേശകരവും. മറ്റൊരര്‍ഥത്തില്‍ ഈ സമരത്തെ വിമര്‍ശനാത്മകമായും സമീപിക്കാം.

ചില സത്യങ്ങള്‍
ഒരു സമരം മുന്നോട്ട് വെക്കുന്ന ലക്ഷ്യം ഉത്കൃഷ്ടമായത് കൊണ്ടു മാത്രം അത് മഹത്തായ മുന്നേറ്റമാകുന്നില്ല. ആ സമരത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കള്‍ ആരെന്ന ചോദ്യം കൂടി ഉയരേണ്ടിയിരിക്കുന്നു. കണ്‍മുന്നിലെ ഉദാഹരണം പറയാം. ശബരിമല സമരത്തില്‍ ഏത് പരമ്പരാഗത വിശ്വാസിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ അകത്തേക്ക് ചെല്ലുമ്പോഴോ? നഖശിഖാന്തം എതിര്‍ക്കേണ്ട രാഷ്ട്രീയ പ്രഹര ശേഷി ആ സമരത്തിനുണ്ടെന്ന് വ്യക്തമാകും. പാരീസിലെ മഞ്ഞക്കോട്ട് സമരത്തിനുമുണ്ട് ഈ പ്രശ്‌നം. ജനകീയ മുന്നേറ്റമെന്നും രാഷ്ട്രീയേതര സമരമെന്നും തോന്നാമെങ്കിലും ഈ സമരം അക്രമാസക്തമാക്കുന്നത് ഫ്രാന്‍സില്‍ വളര്‍ന്നു വരുന്ന തീവ്രവലതുപക്ഷ ഗ്രൂപ്പുകളാണെന്ന് സമഗ്ര പരിശോധനയില്‍ വ്യക്തമാകും. ഇത് മനസ്സിലാകാന്‍ ഇമ്മാനുവേല്‍ മാക്രോണിനെ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാക്കിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. 2017 ഏപ്രിലിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ റൗണ്ടില്‍ 50 ശതമാനത്തിലധികം വോട്ട് നേടാന്‍ ഒരു സ്ഥാനാര്‍ഥിക്കും സാധിച്ചില്ല. അതോടെ രണ്ടാം റൗണ്ടിലേക്ക് നീങ്ങി. ആദ്യ റൗണ്ടില്‍ ഏറ്റവും മുന്നിലെത്തിയ മാക്രോണും മാരിനേ ലീ പെന്നുമാണ് രണ്ടാം റൗണ്ടില്‍ ഏറ്റുമുട്ടിയത്. ഇന്ത്യയിലെ ആര്‍ എസ് എസിന് തുല്യമായ ഫ്രാന്‍സിലെ സംഘടനയാണ് നാഷനല്‍ ഫ്രണ്ട്. അതിന്റെ നേതാവാണ് മാരിനേ ലീ പെന്‍. തികഞ്ഞ മുസ്‌ലിംവിരുദ്ധയും കുടിയേറ്റ വിരുദ്ധയുമായ അവരുടെ നയങ്ങള്‍ മിക്കവയും നവ നാസി ധാരയിലുള്ളതാണ്. അത്തരമൊരാള്‍ രാജ്യത്തിന്റെ പ്രസിഡന്റായി വരുന്നത് തടയാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയും മാക്രോണിനെ പിന്തുണക്കുകയായിരുന്നു. മോദിയെ തടയാന്‍ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കുന്നത് പോലെയൊരു ഏര്‍പ്പാടായിരുന്നു അത്. മാക്രോണ്‍ എന്ന ധനകാര്യ വിദഗ്ധന്റെ മികവോ ഹോളന്‍ഡേ സര്‍ക്കാറിലെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭരണനൈപുണ്യമോ നാല്‍പ്പതിലെത്താത്ത യുവത്വമോ ഒന്നുമല്ല മാക്രോണിന് തുണയായതെന്നര്‍ഥം. മാരിനെ ലീ പെന്‍ എന്ന അപകടം ഒഴിവാക്കാനുള്ള പോംവഴി മാത്രമായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റുകളും റിപ്പബ്ലിക്കന്‍മാരും അത്രക്ക് മെലിഞ്ഞിരുന്നു. തിരസ്‌കരിക്കപ്പെട്ട ഈ പാര്‍ട്ടികള്‍ മഹത്തായ സഹകരണത്തിലൂടെ രാജ്യത്തെ തീവ്രവലതുപക്ഷ അധിനിവേശത്തില്‍ നിന്ന് തത്കാലം രക്ഷപ്പെടുത്തുകയായിരുന്നു.

മഞ്ഞക്കുപ്പായ സമരത്തിലേക്ക് മാരിനേയുടെ ഗ്രൂപ്പ് നുഴഞ്ഞു കയറിയെന്നത് ഒരു വസ്തുതയാണ്. അവരാണ് സമരത്തെ അക്രമാസക്തമാക്കുന്നത്. മാക്രോണിനോട് ഇവര്‍ക്കുള്ള രാഷ്ട്രീയ ശത്രുത തീര്‍ക്കാന്‍ സമരത്തെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് സമരത്തിന് തുടക്കം കുറിച്ച വനിതാ ബ്ലോഗറോ സമരത്തില്‍ അണി ചേര്‍ന്ന സാധാരണക്കാരോ മനസ്സിലാക്കിയിട്ടില്ല. ഇന്ധന വില കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടും സമരം തുടരുന്നതിന്റെ കാരണമതാണ്. ഇപ്പോള്‍ സമരക്കാര്‍ പറയുന്നത് വിദ്യാഭ്യാസ പരിഷ്‌കരണം വേണമെന്നാണ്. ദീര്‍ഘകാല പരിഹാരം ആവശ്യപ്പെടുന്ന ഇത്തരമൊരു ആവശ്യം മുന്നോട്ട് വെക്കുക വഴി സമരം അനന്തമായി കൊണ്ടുപോകാനാണ് ശ്രമം. ശക്തമായ രാഷ്ട്രീയ അടിത്തറയില്ലാത്ത മാക്രോണിനെ സമരം പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്. ആ പ്രതിസന്ധിയുടെ ഗുണഭോക്താക്കള്‍ മാരിനാ ലീ പെന്നിന്റെ പാര്‍ട്ടിയായിരിക്കും. മാക്രാണിന്റെ അഹങ്കാരത്തെ ജനം ചോദ്യം ചെയ്യുന്നുവെന്നാണ് മാരിനേ ഒടുവില്‍ പ്രതികരിച്ചത്.
ഈ ഘട്ടത്തില്‍ യഥാര്‍ഥ ജനരോഷത്തെയും രാഷ്ട്രീയ പ്രേരിത വിധ്വംസക പ്രവര്‍ത്തനത്തെയും വേര്‍തിരിക്കേണ്ടതുണ്ട്. അത് സാധ്യമാകണമെങ്കില്‍ നയം മാറ്റത്തിന് മാക്രോണ്‍ സര്‍ക്കാര്‍ തയ്യാറാകണം. ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള നീക്കം തത്കാലം ഉപേക്ഷിക്കണം. വിലക്കയറ്റം തടയണം. അതി സമ്പന്നര്‍ക്ക് സ്വത്ത് നികുതിയില്‍ ഇളവ് നല്‍കിയ നടപടി പിന്‍വലിക്കണം. വ്യാവസായിക സമൂഹത്തെ പ്രോത്സാഹിപ്പിച്ച് തൊഴിലവസരം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഈ നയമെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല. മാക്രോണ്‍ കോട്ടൂരി ജനങ്ങളുടെ ഇടങ്ങളിലേക്കിറങ്ങണം, മാനസികമായി. അപ്പോള്‍ മഞ്ഞക്കുപ്പായക്കാരിലെ ‘ജനം’ തെരുവില്‍ നിന്ന് തിരിച്ചു കയറും. തീവ്രവാദികള്‍ ഒറ്റപ്പെടും.