ഇന്ത്യ-ഓസീസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

Posted on: December 9, 2018 3:01 pm | Last updated: December 9, 2018 at 5:58 pm

അഡ്‌ലെയ്ഡ്: ഇന്ത്യ- ആസ്‌ത്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 323 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഇന്ത്യ ഓസീസിനു മുന്നില്‍ വെച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ നാലിനു 104 എന്ന നിലയിലുള്ള ഓസീസിനു ജയിക്കാന്‍ ഇനി വേണ്ടത് 219 റണ്‍സ്. അതിനിടയില്‍ ആറു വിക്കറ്റുകള്‍ കടപുഴക്കിയാല്‍ വിജയം ഇന്ത്യക്കൊപ്പമാകും. ഇന്ന് കളി അവസാനിക്കുമ്പോള്‍ 92 പന്തില്‍ നിന്ന് 31 റണ്ണടിച്ച ഷോണ്‍ മാര്‍ഷലും 37ല്‍ നിന്ന് 11 എടുത്ത ട്രാവിസ് ഹെഡിലുമാണ് ക്രീസില്‍. അശ്വിനും മുഹമ്മദ് ഷമിയും ഈരണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്ന് മൂന്നിന് 151 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ ശേഷിച്ച വിക്കറ്റുകള്‍ 156 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും വീണു. 147 പന്തില്‍ നിന്ന് 70 റണ്‍സ് അടിച്ചു കൂട്ടിയ രഹാനെയും 204ല്‍ നിന്ന് 71 എടുത്ത് പൂജാരയുമാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. പൂജാര ഒന്നാമിന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയിരുന്നു. ഋഷഭ് പന്ത് 28 റണ്‍ സംഭാവന ചെയ്തപ്പോള്‍ രോഹിത് ശര്‍മ ഒരു റണ്‍ മാത്രമെടുത്ത് പുറത്തായി. അശ്വിന്‍ അഞ്ചു റണ്‍സെടുത്തു. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും പട്ടിക തുറക്കാതെ പവലിയനിലേക്കു മടങ്ങി. മുരളി വിജയ് (18), കെ എല്‍ രാഹുല്‍ (44), വിരാട് കോലി എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ നഷ്ടമായിരുന്നു.

42 ഓവറില്‍ 122 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റെടുത്ത നഥാന്‍ ലിയോണും മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയ ലിയോണും ഓസീസ് നിരയില്‍ തിളങ്ങി. ഹെയ്‌സല്‍ വുഡിനാണ് ബാക്കിയുള്ള ഒരു വിക്കറ്റ്.