Connect with us

National

റോബര്‍ട്ട് വദ്രയുടെ ബന്ധപ്പെട്ടവരുടെയും സ്ഥാപനങ്ങളില്‍ ഇ ഡി നടത്തിയത് 20 മണിക്കൂര്‍ റെയ്ഡ്

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ഓഫീസിലും ബന്ധപ്പെട്ടവരുടെ വീടുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) നടത്തിയത് 20 മണിക്കൂര്‍ നീണ്ട റെയ്ഡ്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ തുടങ്ങിയ റെയ്ഡ് ഇന്നലെ പുലര്‍ച്ചെ നാലരക്കാണ് അവസാനിച്ചത്. പരിശോധനയില്‍ വാദ്രക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ആയുധ ഇടപാടില്‍ വാദ്ര് കോഴ കൈപ്പറ്റിയതായും ഈ പണം ഉപേയോഗിച്ച് ലണ്ടനില്‍ വീടു വാങ്ങിയതായും ഇ ഡി സംശയിക്കുന്നു. വിവാദ ആയുധ ഇടനിലക്കാരന്‍ സഞ്ജീവ ഭണ്ഡാരിയുമായി വാദ്രക്കു ബന്ധമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നു. ഡല്‍ഹി സുഖ്‌ദേവ് വിഹാറിലെ വദ്രയുടെ സ്ഥാപനമായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, സഹായി മനോജ് അറോറ, ഇയാളുടെ ഭാര്യയുടെ മാതാപിതാക്കള്‍, സഹോദരി എന്നിവരുടെ നോയ്ഡയിലുള്ള വീടുകള്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പരിശോധനക്കു നേതൃത്വം നല്‍കിയ ഡല്‍ഹിയിലെയും ജയ്പൂരിലെയും ഉദ്യോഗസ്ഥര്‍ വദ്രയുടെ ഓഫീസിലെ ഫയലുകളും രേഖകളുമെല്ലാം കൊണ്ടുപോയി.

അറോറയുടെ വീട്ടില്‍ റെയ്ഡ് നടക്കുന്ന സമയത്ത് മാതാവും ഭാര്യയും അഞ്ചു വയസ്സുകാരന്‍ മകനും മാത്രമെ ഉണ്ടായിരുന്നുള്ളൂ. സഹോദരിയുടെ വീട്ടില്‍ നിന്ന് ചികിത്സയില്‍ കഴിയുന്ന ഇവരുടെ ഭര്‍ത്താവിന്റെ ആശുപത്രി രേഖകളും ഉദ്യോഗസ്ഥര്‍ കൊണ്ടുപോയതായി പരാതിയുണ്ട്. പലരെയും മുറികളില്‍ അടച്ചിട്ട ശേഷമായിരുന്നു പരിശോധന.

നിയമപരമായ മുന്നറിയിപ്പുകളൊന്നുമില്ലാതെ അനധികൃതമായാണ് റെയ്ഡ് നടത്തിയതെന്ന് വദ്രയുടെ അഭിഭാഷകന്‍ ആരോപിച്ചു. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ്അധികൃതര്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് വദ്രക്ക് രണ്ടു തവണ നോട്ടീസ് അയച്ചിരുന്നുവെന്നും ഇതിന് വദ്ര കൃത്യമായ മറുപടി നല്‍കിയിരുന്നതാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. തിരഞ്ഞെടുപ്പ് എക്‌സിറ്റ് ഫലങ്ങള്‍ മറച്ചുവെക്കാനാണ് ബി ജെ പി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Latest