സ്വപ്ന ചിറക് യാഥാര്‍ഥ്യമാക്കി, കണ്ണൂര്‍ പറക്കുന്നു

കേരള ടെക്‌സൈറ്റൈല്‍സ് എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ മുഖ്യരക്ഷാധികാരി
Posted on: December 9, 2018 6:14 am | Last updated: December 9, 2018 at 1:17 am

നീലാകാശത്തിന്റെ അതിവിദൂരതകളില്‍ ഒരു പൊട്ടായി പ്രത്യക്ഷപ്പെട്ട് ഒടുവില്‍ കണ്ണൂരിന്റെ മണ്ണില്‍ വട്ടമിട്ട് റണ്‍വേയിലേക്ക് വിമാനങ്ങള്‍ പറന്നിറങ്ങിയും ഉയര്‍ന്നു പൊങ്ങുന്നതും ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നു. എന്നാല്‍ വിമാനത്താവളം എന്ന സ്വപ്‌നങ്ങള്‍ക്കും മുന്പ് കണ്ണൂരിന്റെ മണ്ണില്‍ വിമാനമിറങ്ങുകയും പൊങ്ങുകയും ചെയ്തിരുന്നു. അവിടെ നിന്നാണ് യഥാര്‍ഥത്തില്‍ കണ്ണൂരിന്റെ വ്യോമയാന ചരിത്രം ആരംഭിക്കുന്നത്. 83 വര്‍ഷങ്ങള്‍ക്ക് മുന്പ് 1935ലാണ് കണ്ണൂരിന്റെ മണ്ണില്‍ ആദ്യ വിമാനം ഇറങ്ങുന്നത്. ഇന്ത്യയിലെ ആദ്യ പൈലറ്റും വ്യവസായ കുലപതിയുമായി ജഹാംഗീര്‍ രത്തന്‍ജി ദാദാബോയ് ടാറ്റ യെന്ന ജെആര്‍ഡി ടാറ്റയായിരുന്ന കണ്ണൂരിന്റെ മണ്ണില്‍ ആദ്യം വിമാനമിറക്കിയത്. കണ്ണൂര്‍ കോട്ടമൈതാനിയിലായിരുന്നു വിമാനം ഇറക്കിയിരുന്നത്. കണ്ണൂരില്‍ വിമാന സര്‍വീസിന്റെ ഓഫീസും ടിക്കറ്റ് ബുക്കിംഗ് സംവിധാവും ഒരുക്കിയിരുന്നു. മുംബൈയില്‍ നിന്നും കണ്ണൂരിലേക്ക് 135 രൂപയും ഗോവയില്‍ നിന്ന് 75 രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്.

ആദ്യം പരിഗണിച്ചത് മാടായിപ്പാറ

കണ്ണൂരിലെ വിമാനത്താവള സാധ്യതകളെ കുറിച്ചു പരിഗണിച്ചപ്പോള്‍ ആദ്യം നറുക്ക് വീണത് മാടായിപ്പാറയക്കായിരുന്നു. 1970കളില്‍ മുഖ്യമന്ത്രി കരുണാകരന്റെ നേതൃത്വത്തില്‍ വിമാനത്താവള വിഷയം ചര്‍ച്ച ചെയ്തപ്പോഴായിരുന്നു മാടായിപ്പാറയെ പരിഗണിച്ചത്. ജനവാസം കുറഞ്ഞ മേഖലയെന്നതിനാല്‍ സ്ഥലം ഏറ്റെടുക്കല്‍ എളുപ്പമാകുമെന്നതും നിര്‍ദിഷ്ട നേവല്‍ അക്കാഡമിക്കും കണ്ണൂര്‍ ടൗണിനും ഇടയിലുള്ള പ്രദേശം എന്നതുമെല്ലാമായിരുന്നു മാടായിപ്പാറയെ പരിഗണിക്കാന്‍ കാരണമായത്.

ദേവഗൗഡ, സി എം ഇബ്രാഹിം…സ്വപ്നങ്ങള്‍ക്ക് ചിറക് വെക്കുന്നു

1996 ജൂണ്‍ ഒന്നിന് കര്‍ണാടകയില്‍നിന്നുള്ള എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായതും മട്ടന്നൂരുമായി ബന്ധമുള്ള സി.എം. ഇബ്രാഹിം സിവില്‍ ഏവിയേഷന്‍ മന്ത്രിയും ആയതോടെയാണ് കണ്ണൂരിന്റെ ആകാശസ്വപ്‌നങ്ങള്‍ വീണ്ടും ചിറകുവയ്ക്കുന്നത്. നേരത്തെ കര്‍ണാടകയിലെ മന്ത്രി എന്ന നിലയില്‍ മട്ടന്നൂരില്‍ വിമാനത്താവളം വന്നാല്‍ കൂര്‍ഗിന്റെ സാധ്യതകള്‍ കൂടി അദ്ദേഹം മനസിലാക്കി. കണ്ണൂരില്‍ വിമാനത്താവളമെന്ന ആശയത്തോട് സി.എം. ഇബ്രാഹിം അനുകൂല നിലപാട് എടുക്കുകയും അന്നത്തെ കേരള മുഖ്യമന്ത്രിയായ ഇ.കെ. നായനാരും വൈദ്യുതി മന്ത്രി പിണറായി വിജയനും പദ്ധതിക്കായി മുന്നിട്ടിറങ്ങിയപ്പോള്‍ ഉത്തരമലബാറിന്റെ വിമാനത്താവള സ്വപ്‌നം മെല്ലെ യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുകയായി.

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍)

2006 ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനൊപ്പം ജില്ലക്കാരനായ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര ടൂറിസം മന്ത്രിയായതും വിമാനത്താവള പദ്ധതിയുടെ ചുമതല അദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കിയതും പ്രവര്‍ത്തനങ്ങളുടെ മുന്നോട്ടുപോക്ക് എളുപ്പമാക്കി. കേന്ദ്രസര്‍ക്കാരില്‍നിന്നും ഔദ്യോഗിക അംഗീകാരം നേടല്‍, മികച്ച നഷ്ടപരിഹാര പാക്കേജ് വഴി സ്ഥലമേറ്റെടുക്കാനുള്ള നടപടികള്‍ എന്നിവയ്ക്കായിരുന്നു കിയാല്‍ മുന്‍തൂക്കം നല്‍കിയത്. അന്നത്തെ ജില്ലാകളക്ടര്‍ ഇഷിതാറോയിയുടെ നേതൃത്വത്തിലായിരുന്നു ക്രമീകരണങ്ങള്‍. 2008ല്‍ കേന്ദ്ര കാബിനറ്റിന്റെ അനുമതി ലഭിച്ചതോടെ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) മോഡലില്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) എന്ന കന്പനി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യ നിക്ഷേപകര്‍ എന്നിവരുടെ പങ്കാളിത്തമുള്ള പബ്ലിക് െ്രെപവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് രീതിയിലാണ് കമ്പനി രൂപീകരിച്ചത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു ആദ്യ ചെയര്‍മാന്‍. വ്യോമയാന രംഗത്ത് ഏറെ അനുഭവസന്പത്തുള്ള വി. തുളസിദാസിനെ കിയാലിന്റെ ആദ്യ മാനേജിംഗ് ഡയറക്ടറായും നിയോഗിച്ചു.

ചുവപ്പ് നാടയില്‍ കുരുങ്ങിയ ഓഹരി വില്‍പ്പന

തറക്കല്ലിട്ടതോടെ വിമാനത്താവള നിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്തുകയായിരുന്നു പ്രഥമ ലക്ഷ്യം. വിമാനത്താവളത്തിന്റെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍പ്പന നടത്താനുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചു. പ്രവാസി വ്യവസായികളുള്‍പ്പെടെയുള്ളവര്‍ ഏറെ ആവേശത്തോടെയാണ് ഇതിനെ വരവേറ്റത്. ഇതിന്റെ ഭാഗമായി ഓഹരികള്‍ക്കു വേണ്ടിയുള്ള ഡ്രാഫ്റ്റുകളും ചെക്കുകളും കിയാല്‍ ഓഫീസില്‍ കുന്നുകൂടി. എന്നാല്‍ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാങ്കേതിക പിഴവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത് തിരിച്ചടിയായി. ഒരു കമ്പനി രജിസ്റ്റര്‍ ചെയ്താല്‍ നിശ്ചിതകാലാവധിക്കു ശേഷം സെക്യൂരിറ്റി എക്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി വാങ്ങി വേണം ഓഹരി സ്വീകരിക്കല്‍ എന്ന വ്യവസ്ഥകളില്‍ ചിലത് പാലിച്ചില്ല എന്നതായിരുന്നു തിരിച്ചടിയായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഓഹരി വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ കിയാലിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

പുരോഗതിക്കൊപ്പം തലപ്പത്തും മാറ്റം

കണ്ണൂര്‍ വിമാനത്താവളത്തിനു വേണ്ടി കിന്‍ഫ്ര ഏറ്റെടുത്ത ഭൂമി 2012 ഫെബ്രുവരിയില്‍ കിയാലിന് കൈമാറി. കൊച്ചിന്‍ സിയാലിന്റെ സഹായത്തോടെ ഒരു സാങ്കേതിക റിപ്പോര്‍ട്ടും സര്‍ക്കാര്‍ തയാറാക്കിയിരുന്നു. അതുവരെ കണ്ണൂര്‍ ടൗണിലെ മാസ്‌ക്കോട്ട് സ്‌ക്വയറില്‍ പ്രവര്‍ത്തിച്ചുപോന്നിരുന്ന വിമാനത്താവള പ്രോജക്ട് ഓഫീസ് 2012 ഡിസംബറില്‍ മട്ടന്നൂരിലേക്ക് മാറുകയും ചെയ്തു. രണ്ടു ഘട്ടങ്ങളിലായാണ് വിമാനത്താവളനിര്‍മാണം നടത്താന്‍ പദ്ധതിയിട്ടത്. ഭൂമി നിരപ്പാക്കാല്‍, റണ്‍വേ നിര്‍മാണം, എയര്‍ക്രാഫ്റ്റ് ടാക്‌സിയിംഗ് ഏരിയ, ഗ്രൗണ്ട് ലൈറ്റിംഗ് എന്നിവ ഒന്നാം ഘട്ടമായും രണ്ടാം ഘട്ടത്തില്‍ ടെര്‍മിനല്‍ ബില്‍ഡിംഗ്, എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, എയ്‌റോ ബ്രിഡ്ജ് സ്ഥാപിക്കല്‍ എന്നിവയായി ക്രമീകരിച്ചു. ആഗോള ടെന്‍ഡറിലൂടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു കരാറുകാരെ ക്ഷണിച്ചു. ഏഴു സ്ഥാപനങ്ങളെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും നവംബറില്‍ ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി) കരാര്‍ നല്‍കുകയും ചെയ്തു.

മംഗളൂരു വിമാനദുരന്തവും റണ്‍വേയിലെ മാറ്റവും

2014 ഫെബ്രുവരിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മുന്നേ പ്രഖ്യാപിച്ച 3400 മീറ്റര്‍ റണ്‍വേക്ക് പകരം 3050 മീറ്ററായി കുറവ് വരുത്തിയായിരുന്നു റണ്‍വേ നിര്‍മിക്കാന്‍ അന്തിമ തീരുമാനമുണ്ടായിരുന്നത്. 2010 മേയില്‍ മംഗളൂരുവില്‍ ലാന്‍ഡിംഗിനിടെ വിമാനം അപകടത്തില്‍പ്പെട്ടുണ്ടായ ദുരന്തത്തിന്റെ പഠനറിപ്പോര്‍ട്ട് പ്രകാരമായിരുന്നു ഇത്. പുതുതായി നിര്‍മിക്കപ്പെടുന്ന സമനിരപ്പില്‍ അല്ലാത്ത വിമാനത്താവള റണ്‍വേകളില്‍ ഇരുവശത്തും 200 മീറ്റര്‍ വീതം സേഫ്റ്റി സോണ്‍ വേണമെന്നായിരുന്നു പഠനറിപ്പോര്‍ട്ട് നിര്‍ദേശം. കണ്ണൂരില്‍ ആദ്യം നിശ്ചിച്ച 3400 മീറ്റര്‍ റണ്‍വേയുടെ ഇരുവശത്തും 200 മീറ്റര്‍ വീതം സേഫ്റ്റി സോണ്‍ ആക്കിമാറ്റി. ഇതോടെ റണ്‍വേ 3050 മീറ്ററിലൊതുങ്ങി.

കേന്ദ്രത്തിന്റെ ഹബ്ബ് നയവും റണ്‍വേയും

വ്യോമയാന മേഖലയിലെ രാജ്യത്തിന്റെ വളര്‍ച്ച മുന്നില്‍ കണ്ട് മെട്രോ നഗരങ്ങളിലെ എയര്‍പോര്‍ട്ടുകളെയും മറ്റു മികച്ച വളര്‍ച്ച കൈവരിച്ച വിമാനത്താവളങ്ങളെയും ഹബ്ബ് എയര്‍പോര്‍ട്ടുകളാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ നയത്തിന്റെ രൂപരേഖ 2015 ല്‍ പ്രസിദ്ധീകരിച്ചു. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എ380 എയര്‍ബസ് ഉള്‍പ്പെടെയുള്ളവയുടെ സര്‍വീസ് നടത്തുന്ന രീതിയില്‍ വിമാനത്താവളങ്ങളെ വിപുലീകരിക്കുന്നതിനാണ് ഈ നയം. കൂടാതെ ഭാവിയില്‍ രാജ്യാന്തര റൂട്ടുകള്‍ കൂടുതല്‍ ഹബ്ബ് എയര്‍പോര്‍ട്ടില്‍നിന്നും കൈകാര്യം ചെയ്യും. ആഭ്യന്തര വിമാനങ്ങളെ ഈ വിമാനത്താവളങ്ങളുമായി യോജിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഹബ്ബ് ആന്‍ഡ് സ്‌പോക്ക് എന്ന സംവിധാനമാണിത്. കേരളത്തില്‍ ഒരു വിമാനത്താവളത്തിന് ഈ പരിഗണന ലഭിക്കുകയാണെങ്കില്‍ കൊച്ചിക്കാണ് സാധ്യതയെന്നും വിലയിരുത്തപ്പെട്ടു. ഹബ്ബ് എയര്‍പോര്‍ട്ട് പരിഗണന ലഭിക്കാന്‍ കണ്ണൂരില്‍ 4000 മീറ്റര്‍ റണ്‍വേ ഉണ്ടായാല്‍ മതിയെന്ന വാദവും ഉയര്‍ന്നു.

വീണ്ടും തുളസീദാസ്

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കേരളത്തില്‍ പതിവ് പോലെ വീണ്ടും ഭരണം മാറി എല്‍ഡിഎഫ് അധികാരത്തിലെത്തി. കണ്ണൂരുകാരനും വിമാനത്താവളത്തിന്റെ തുടക്കകാലയളവില്‍ ഇതിനായി അക്ഷീണം പ്രയത്‌നിക്കുകയും ചെയ്ത പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. വിമാനത്താവളം ഉദ്ഘാടനത്തിനൊരുങ്ങിയതിനൊപ്പം ആദ്യ എംഡിയായിരുന്ന വി. തുളസിദാസ് വീണ്ടും കിയാല്‍ എംഡിയായി തിരിച്ചെത്തുകയും ചെയ്തു.

ഇനി വേണ്ടത് വിദേശ വിമാനസര്‍വീസ്

വിദേശത്ത് നിന്നുള്ള വിമാനക്കന്പനികളുടെ സര്‍വീസ് കണ്ണൂരില്‍ ഉറപ്പാക്കേണ്ടതുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വിമാനക്കന്പനികളാണ് ഇവിടേക്ക് കൂടുതലും സര്‍വീസ് നടത്താന്‍ സാധ്യതയുള്ളത്. അതില്‍തന്നെ യുഎഇയുടെ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഗള്‍ഫ് എയര്‍, എയര്‍ അറേബ്യ, ഫ്‌ലൈ ദുബായ് എന്നിവയാണ് മുന്‍പന്തിയിലുള്ളത്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരും യു എ ഇ സര്‍ക്കാരും തമ്മില്‍ നിലവിലുള്ള സീറ്റ് ഷെയറിംഗ് വിഷയം പ്രധാന കടമ്പയാണ്. യു എ ഇ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാരിലൂടെയാണ് വിമാനക്കമ്പനികള്‍ ഇന്ത്യയിലേക്ക് റൂട്ട് അപേക്ഷ നല്‍കുക. അങ്ങിനെ അനുവദിക്കുന്ന മൊത്തം സീറ്റുകള്‍ക്ക് തുല്യമായി യു എ ഇയിലേക്കും ഇന്ത്യന്‍ കമ്പനികള്‍ക്കും സീറ്റുകളും റൂട്ടും അനുവദിക്കും. ഇന്ത്യന്‍ കമ്പനികള്‍ ഈ സൗകര്യം പൂര്‍ണമായും ഉപയോഗിക്കുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയപ്പോള്‍ അവര്‍ക്ക് ലഭിച്ച ടൈം സ്ലോട്ടുകള്‍ അസൗകര്യപ്രദമാണെന്നാണ് റിപ്പോര്‍ട്ട്. ഇതു പുനഃക്രമീകരിക്കാതെ ഇന്ത്യയിലേക്ക് യുഎഇയുടെ വിമാനക്കന്പനികള്‍ക്ക് പുതിയ ഫ്‌ലൈറ്റുകള്‍ അനുവദിക്കേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുനര്‍ വിചിന്തനം നടത്തിയാല്‍ മാത്രമേ വിദേശ സര്‍വീസുകള്‍ ഉണ്ടാവുകയുള്ളൂ. .