Connect with us

Ongoing News

ഹോക്കിയില്‍ കാനഡയെ മുക്കി ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശം

Published

|

Last Updated

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ കാനഡയെ തരിപ്പണമാക്കി ഇന്ത്യന്‍ വിജയഭേരി. ഇന്ത്യയുടെ അഞ്ചെണ്ണത്തിന് ഒരു ഗോളിന്റെ മാത്രം മറുപടിയാണ് കാനഡക്കു നല്‍കാനായത്. ഇതോടെ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യക്കു നേരിട്ട് ക്വാര്‍ട്ടര്‍ പ്രവേശവും ലഭിച്ചു. ഇന്ത്യക്കു വേണ്ടി രണ്ടു തകര്‍പ്പന്‍ ഗോളുകള്‍ നേടിയ ലളിത് ഉപാധ്യായയാണ് കളിയിലെ താരമായത്.

ആദ്യ പകുതിയുടെ 12 ാം മിനുട്ടില്‍ തന്നെ ഇന്ത്യയുടെ ആദ്യ ഗോള്‍ പിറന്നു. ഹര്‍മന്‍ പ്രീത് സിംഗാണ് സ്‌കോര്‍ ചെയ്തത്. ഗോളടിച്ചതിന്റെ ആവേശത്തില്‍ ഇന്ത്യ ആക്രമണം ശക്തമാക്കുന്നതിനിടെ 39 ാം മിനുട്ടില്‍ സണ്‍ ഫ്രോറിസിലൂടെ ഗോള്‍ മടക്കി കാനഡ മത്സരത്തിലേക്കു തിരിച്ചുവന്നതായി തോന്നിപ്പിച്ചു. പക്ഷെ കാനഡയുടെ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. ഏഴ് മിനുട്ടിനകം ചിഗ്ലന്‍സന ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തു (2-1). തൊട്ടടുത്ത മിനുട്ടില്‍ ലളിത് ഉപാധ്യായ ലീഡുയര്‍ത്തി (3-1). യഥാക്രമം 51, 57 മിനുട്ടുകളില്‍ രോഹിദാസും ലളിതും ഇന്ത്യയുടെ സ്‌കോര്‍ പട്ടിക പൂര്‍ത്തിയാക്കി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി.