ദഫ് മത്സരത്തിന് വനിതാ ജഡ്ജി; വിവാദം, മത്സരം മണിക്കൂറുകള്‍ വൈകി

Posted on: December 7, 2018 10:59 pm | Last updated: December 8, 2018 at 10:28 am

ആലപ്പുഴ: ദഫ് മത്സരത്തിന്റെ വിധികര്‍ത്താക്കളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മത്സരം തുടങ്ങാന്‍ വൈകി. ദഫ് മത്സരം വിധി നിര്‍ണയിക്കാന്‍ ഒരു വനിതാ ജഡ്ജിയെ ഇരുത്തിയതാണ് വിവാദത്തിന് കാരണം. ഇതേ തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണിക്ക് തുടങ്ങാന്‍ തീരുമാനിച്ച മത്സരം രാത്രി പത്ത് മണിയോടെയാണ് ആരംഭിച്ചത്. ഡിഡിഇയുമായുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ തത്കാലം വനിതാ ജഡ്ജി തുടരാന്‍ ടീം ലീഡര്‍മാരും പരിശീലകരും സമ്മതിച്ചതോടെയാണ് മത്സരം തുടങ്ങിയത്.

നാസര്‍ മേച്ചേരി, അസീസ് തായിനേരി, റഹീന കോഴിക്കോട് എന്നിവരാണ് മത്സരത്തിന് വിധികര്‍ത്താക്കളായി എത്തിയത്. എന്നാല്‍ പുരുഷന്മാര്‍ മാത്രം പരിശീലിക്കുകയും കളിക്കുകയും ചെയ്യുന്ന ഒരു കലാരൂപം വനിതാ ജഡ്ജി പരിശോധിക്കുന്നത് ശരിയല്ലെന്നും ഈ നിലയില്‍ മത്സരം തുടരാനാകില്ലെന്നും ടീം പരിശീലകര്‍ നിലപാടെടുത്തു. ഇതോടെ മത്സരം തടസ്സപ്പെടുകയും ഡിഡിഇ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. എന്നാല്‍ വനിതാ ജഡ്ജിയെ മാറ്റാനാവില്ലെന്ന് ഡിഡിഇ ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ മാത്രം കളിക്കുന്ന ഒപ്പന പോലെ ഉള്ള മത്സരങ്ങള്‍ക്ക് പുരുഷന്മാര്‍ വിധികര്‍ത്താക്കളാകുന്നുണ്ടെന്നും അതുപോലെ മാത്രമേ ഇതിനെ കാണാനാകൂവെന്നും ഡിഡിഇ വ്യക്തമാക്കി. തുടര്‍ന്ന് അവര്‍ ഇക്കാര്യം സദസ്സിന് മുന്നില്‍ വിശദീകരിക്കുകയും ചെയ്തതോടെ മത്സരം തുടരുകയായിരുന്നു. ജഡ്ജ്‌മെന്റ് സംബന്ധിച്ച് മറ്റെന്തെങ്കിലും പരാതി ഉയരുകയാണെങ്കില്‍ അക്കാര്യം അപ്പോള്‍ പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കുട്ടികളുടെ ഭാവി ഓര്‍ത്തും വനിതാ ജഡ്ജിയെ നിര്‍ബന്ധപൂര്‍വം ഇറക്കിവിടുന്നത് ശരിയല്ലെന്നും കരുതിയാണ് മത്സരം തുടരാന്‍ സഹകരിച്ചതെന്ന് കാസര്‍കോട് ടീമിന്റെ പരിശീലകനായ മുദ്‌രികത് സിറാജ്‌ലൈവിനോട് പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ദഫ് മത്സരം ഒരു വനിത വിധിനിര്‍ണയിക്കുന്നത്. ദഫ് മത്സരത്തിന് പുരുഷന്മാര്‍ മാത്രമേ വിധികര്‍ത്താക്കളാകാന്‍ പാടുള്ളൂ എന്ന തരത്തില്‍ കലോത്സവ മാന്വല്‍ അടുത്ത വര്‍ഷം പരിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.