Connect with us

Ongoing News

കഴിഞ്ഞ തവണ ശബ്ദം ചതിച്ചു; ഇത്തവണ കടംവീട്ടി നന്ദിത

Published

|

Last Updated

ആലപ്പുഴ: ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗത്തില്‍ എ ഗ്രേഡ് നേടിയ കെ എം നന്ദിതക്ക് പറയാനുള്ളത് ഒരു മധുരവിജയത്തിന്റെ കഥയാണ്. കഴിഞ്ഞ തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാനെത്തിയ നന്ദിദയെ പക്ഷേ ശബ്ദം ചതിച്ചു. ഉദ്ദേശിച്ച പോലെ കഥാപ്രസംഗം വേദിയിലവതരിപ്പിക്കാന്‍ സാധിക്കാതെ ബി ഗ്രേഡുമായി മടങ്ങുമ്പോള്‍ നന്ദിത ഒരു തീരുമാനം എടുത്തിരുന്നു, ഇത്തവണ താന്‍ എ ഗ്രേഡ് നേടുമെന്ന്. പിന്നെ നിരന്തര പരിശീലനമായിരുന്നു. ഒടുവില്‍ എ ഗ്രേഡ് നേടി അവള്‍ അന്നത്തെ സങ്കടം തീര്‍ത്തു.

കുന്നംകുളം ബഥനി സെന്റ്. ജോണ്‍സ് ഇ എച്ച് എസ് എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നന്ദിത. കാസര്‍കോട്ടെ എന്‍ഡേസള്‍ഫാന്‍ ദുരന്തമാണ് നന്ദിതയുടെ കഥാപ്രസംഗ വിഷയം. എന്‍ഡോസള്‍ഫാനെതിരെ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകന്റെ മകന്‍ ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ ബാധിച്ച് മരിക്കുന്നതും ഇതില്‍ പ്രതിഷേധിച്ച് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ആളുകള്‍ തല്ലിപ്പൊളിക്കുന്നതുമാണ് കഥയുടെ ഇതിവൃത്തം. കെഎസ് ദില്‍രാജ്, സായൂജ് ടിഎസ്, എസ് സുദേവ് കൃഷ്ണ, അശ്വിന്‍ കെ ജയന്‍ എന്നിവരാണ് ഓസ്‌കസ്ട്ര ടീം

കഴിഞ്ഞ തവണ നര്‍മദ നദിയിലെ അണക്കെട്ടുമായി ബന്ധപ്പെട്ട കഥയായിരുന്നു നന്ദിത അവതരിപ്പിച്ചത്. അധ്യാപകന്‍ കൂടിയയ സുകുമാരനാണ് നന്ദിതയുടെ പരിശീലകന്‍. പിതാവ് രവീന്ദ്ര നാഥ് വികെ, മാതാവ് കെഎം ജയശ്രീ.