കൃത്യസമയത്ത് ക്ഷണിച്ചില്ല; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ കണ്ണന്താനം പങ്കെടുക്കില്ല

Posted on: December 7, 2018 6:52 pm | Last updated: December 8, 2018 at 10:28 am

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കില്ല. പരിപാടിക്ക് എത്തില്ലെന്ന് കാണിച്ച കണ്ണന്താനം വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. സംസ്ഥാന സര്‍ക്കാര്‍ ആദ്യം ക്ഷണിച്ചവരുടെ പട്ടികയില്‍ കണ്ണന്താനത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ ഓഫീസ് പറഞ്ഞതിനെ തുടര്‍ന്നാണ് ഉദ്ഘാടനത്തിന് കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റി തന്നെ ക്ഷണിച്ചത്. സമ്മര്‍ദത്തിന് വഴങ്ങിയുള്ള ക്ഷണം തനിക്ക് വേണ്ട. വിമാനത്താവളത്തിന്റെ അനുമതിക്കായി താനും ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. എന്നിട്ടും തന്നെ ക്ഷണിച്ചില്ല. സുരേഷ് പ്രഭുവിന് അയച്ച കത്തില്‍ കണ്ണന്താനം ചൂണ്ടിക്കാട്ടി.

വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും വിമാനത്താവള ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം.