അതീജീവനത്തിന് കരുത്ത് പകര്‍ന്ന് പഴയിടം നമ്പൂതിരി

Posted on: December 7, 2018 12:55 pm | Last updated: December 7, 2018 at 12:55 pm

ആലപ്പുഴ: കലോത്സവമെന്ന് കേട്ടാല്‍ മനസ്സില്‍ ആദ്യമെത്തുന്ന പേരാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെത്. കലോത്സവത്തിലെ സ്ഥിരം പാചകക്കാരനായ പഴയിടത്തിന്റെ കൈപ്പുണ്യം അറിയാത്തവര്‍ കുറവായിരിക്കും. ആ ആത്മബന്ധം ശക്തമാക്കിയിരിക്കുകയാണ് ഇത്തവണ പഴയിടം.

പ്രളയത്തെ തുടര്‍ന്ന് കലോത്സവചെലവുകള്‍ വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കൈത്താങ്ങായി പഴയിടവും എത്തി. പഴയിടത്തിന്റെ നേതൃത്വത്തിലുള്ള സംഘം സൗജന്യമായാണ് കലവറയില്‍ ഭക്ഷണമൊരുക്കുന്നത്. 50 അംഗ സംഘം പഴയിടത്തെ സഹായിക്കാനുണ്ട്. അധ്യാപക സംഘടനയായ കെഎസ്ടിഎയാണ് പാചകചെലവുകള്‍ ഏറ്റെടുത്തിരിക്കുന്നത്. പഴയിടത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും അവര്‍ സൗജന്യമായി എത്തിച്ച് നല്‍കുന്നുണ്ട്.

2006ലെ കലോത്സവം മുതലാണ് പഴയിടം നമ്പൂതിരി കലവറ ഏറ്റെടുത്തത്. കഴിഞ്ഞ തൃശൂര്‍ കലോത്സവത്തോടെ കലോത്സവത്തില്‍ മാത്രം ഒരു കോടി ആളുകള്‍ക്ക് ഭക്ഷണം ഒരുക്കിനല്‍കിയെന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമായി. 12000 മുതല്‍ 15000 പേര്‍ക്കാണ് ഇത്തവണ ഭക്ഷണം ഒരുക്കുന്നത്. ഇഎംഎസ് സ്‌റ്റേഡിയത്തിലെ പെരുവഴിയമ്പലത്തിലാണ് കലവറ. ഇതിന് അടുത്ത് ആറായിരത്തോളം പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.