Connect with us

Articles

'കാക്ക കുളിച്ചാല്‍ കൊക്കാകില്ല'

Published

|

Last Updated

ഇസ്‌ലാമിന്റെ ആത്യന്തിക ലക്ഷ്യം രാഷ്ട്രഭരണം നേടിയെടുക്കലാണെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നവരാണ് ജമാഅത്തെ ഇസ്‌ലാമി. 1940കളുടെ തുടക്കത്തില്‍ ഇന്ത്യാ വിഭജനത്തെക്കുറിച്ച് ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് മൗദൂദി സാഹിബ് ഈയൊരു ലക്ഷ്യത്തിന് വേണ്ടി സംഘടന രൂപവത്കരിച്ചത് എന്നതും ശ്രദ്ധേയമാണ്.

വിഭജനം നടന്നാല്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വരാന്‍ സാധ്യതയുള്ള പുതിയ രാഷ്ട്രത്തിന്റെ നിയന്ത്രണം മുന്നില്‍ കണ്ടായിരുന്നു മൗദൂദി സാഹിബിന്റെ കരുനീക്കങ്ങള്‍. മതകാര്യത്തില്‍ അതിവൈകാരികത പ്രകടിപ്പിച്ചാല്‍ വന്‍ തോതിലുള്ള മുസ്‌ലിം ബഹുജന പിന്തുണ തനിക്ക് ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ജിന്നാ സാഹിബിന്റെയും മറ്റും രാഷ്ട്രീയ നീക്കങ്ങളില്‍ മൗദൂദിയുടെ സിദ്ധാന്തങ്ങള്‍ നിരാകരിക്കപ്പെട്ടു.

തന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിസ്റ്റ് ഭരണം സ്വപ്‌നം കണ്ട മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിക്കാരും ജനാധിപത്യത്തിനെതിരെ കര്‍ക്കശ നിലപാടെടുത്തു. അത് താഗൂത്ത്/പൈശാചികം ആണെന്നും തന്റെ കാഴ്ചപ്പാടിലുള്ളത് ദൈവികമാണെന്നും പ്രചരിപ്പിച്ചു.

ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ഭരണഘടനയില്‍ പോലും അവര്‍ ഇപ്രകാരം എഴുതിവെച്ചു: “”ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചിക സ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമനിര്‍മാണ സഭയിലെ അംഗമോ അതിന്റെ കോടതി വ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കൈയൊഴിയുക.””(ജമാഅത്തെ ഇസ്‌ലാമി ഭരണഘടന പേജ് 15)

1996 ഡിസംബര്‍ വരെയുള്ള ഭേദഗതി വരുത്തിയ കോപ്പിയില്‍ നിന്നാണിത് ഉദ്ധരിച്ചത്. ഒരു രാഷ്ട്രത്തിന്റെ പ്രധാനപ്പെട്ട രണ്ട് വേദിയാണ് പാര്‍ലിമെന്റും കോടതിയും. ഈ രണ്ടിടത്തും ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായവര്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഈ ആശയമംഗീകരിക്കുന്നവരാണ് യഥാര്‍ഥ മുസ്‌ലിംകളെന്നുമാണ് ഇവരുടെ ഭരണഘടന ഉദ്‌ഘോഷിക്കുന്നത്.

മൗദൂദി തന്റെ ലക്ഷ്യം നേടാതെ മരണപ്പെട്ടെങ്കിലും അനുയായികള്‍ ഈ ആശയവുമായി മുന്നോട്ട് പോയി. മറ്റുള്ളവര്‍ സുന്നി, സലഫി, മുജാഹിദ് എന്നൊക്കെ ഉപയോഗിച്ചപ്പോഴും “ഇസ്‌ലാം” തങ്ങളുടെ കുത്തകയാണ് എന്ന ഭാവത്തിലായിരുന്നല്ലോ ഇവര്‍. മറ്റു മുസ്‌ലിം സംഘടനകള്‍ നേതൃസ്ഥാനത്തുള്ളവര്‍ക്ക് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികള്‍ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഇസ്‌ലാം തങ്ങളോടൊപ്പമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അമീര്‍, മജ്‌ലിസ്സുശ്ശൂറ തുടങ്ങിയ സാങ്കേതിക പദങ്ങള്‍ തന്നെ സ്വീകരിച്ചു.

ചുരുക്കത്തില്‍ ഇസ്‌ലാമിക സ്പിരിറ്റ് പ്രകടിപ്പിച്ച് മുസ്‌ലിം പിന്തുണ നേടി അധികാരം പിടിക്കാമെന്നതായിരുന്നു ആഗ്രഹം. വൈകിയാണെങ്കിലും അത് ഈ ജന്മത്തില്‍ സാധിക്കില്ലെന്ന തിരിച്ചറിവ് ജമാഅത്തെ ഇസ്‌ലാമിക്കുണ്ടായി. അതോടെ അവര്‍ നിറം മാറാനും തുടങ്ങി. ശിര്‍ക്കും താഗൂത്തുമായിരുന്ന ജനാധിപത്യം തൗഹീദും ഇഖാമത്തുദ്ദീനുമായി മാറി. ഇസ്‌ലാമിക കാര്യത്തിലുണ്ടായിരുന്ന കണിശത വേണ്ടെന്നുവെച്ചു.

കൂരിയാട്ട് നടന്ന ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തില്‍ സമൂഹവിവാഹം നടന്ന വാര്‍ത്ത മാധ്യമത്തില്‍ വായിച്ച മലയാളികള്‍ ഞെട്ടിത്തരിച്ചു. മുസ്‌ലിം പേരുള്ള ഒരു പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഗോപാലന്‍. ഇതെന്താണ് ഒരിസ്‌ലാമിക സംഘടന മിശ്രവിവാഹത്തിന് നേതൃത്വം നല്‍കുകയോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ചോദിച്ചത് പേരിലെന്തിരിക്കുന്നു എന്നായിരുന്നു. ഗോപാലന്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വമെടുത്തയാളാണ്. പേര് മാറാന്‍ അയാള്‍ക്ക് താത്പര്യമില്ല എന്ന വിശദീകരണവും വന്നു.

അങ്ങനെ താഗൂത്തിന്റെ പ്രേതം സംഘടനയില്‍ നിന്ന് ഒഴിവാക്കിയെടുക്കാന്‍ ജമാഅത്തുകാര്‍ വിട്ടുവീഴ്ചകള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് മറ്റു മതവിഭാഗങ്ങളിലെ നേതാക്കളെ പങ്കെടുപ്പിച്ച് സെമിനാറുകളും സിമ്പോസിയങ്ങളും വ്യാപകമായി നടത്താന്‍ തുടങ്ങി. ആ ജമാഅത്തെ ഇസ്‌ലാമിയല്ല ഈ ജമാഅത്തെ ഇസ്‌ലാമിയെന്ന് അവര്‍ പറയാതെ പറഞ്ഞുകൊണ്ടിരുന്നു. പിന്നീട് മൗദൂദിയെയും തള്ളിപ്പറഞ്ഞു. ഇങ്ങനെ ജനാധിപത്യ രാഷ്ട്രീയത്തില്‍ വിത്തൊരുക്കാന്‍ മണ്ണൊരുക്കിയ ശേഷം അവര്‍ വിത്തിറക്കി. അതാണ് വെല്‍ഫെയര്‍ പാര്‍ട്ടി. എന്തുപറയാന്‍! ഇടതും വലതും അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ലഭിച്ച സീറ്റുമായി പിന്തുണ വെച്ചുകെട്ടിയപ്പോള്‍ പോലും വേണ്ടെന്നുവെച്ചു. ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ കക്ഷിയാണെന്നും അതുമായുള്ള ചെറിയ ബന്ധം പോലും വലിയ നഷ്ടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ട് മുന്നണികള്‍ അകലം പാലിച്ചു.

ഇതോടെ ഇസ്‌ലാം തന്നെ തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നു പരിചയപ്പെടുത്താന്‍ തുടങ്ങി. അല്ലെങ്കിലും ഇസ്‌ലാം ഒരു വെല്‍ഫെയര്‍ പ്രസ്ഥാനം മാത്രമാണെന്നാണല്ലോ ഇവരുടെ വെപ്പ്. നേരത്തെ മൗദൂദി സകാത്ത് മുസ്‌ലിംകളില്‍ നിന്ന് മാത്രം സ്വീകരിച്ച് മുസ്‌ലിംകളില്‍ മാത്രം വിതരണം ചെയ്യേണ്ട ഒരു ആരാധനാ കര്‍മമാണെന്ന് എഴുതിയിരുന്നു. സിദ്ദീഖ് ഹസന്‍ അമീറായ കാലത്ത് ഇത് തിരുത്തി സാകാത്തില്‍ അമുസ്‌ലിംകള്‍ക്കും അവകാശമുണ്ടെന്ന് തീരുമാനിച്ചു. അങ്ങനെ വര്‍ഗീയ കുപ്പായം അഴിച്ചുമാറ്റാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് സകാത്തില്‍ മാത്രമല്ല, നിസ്‌കാരത്തിലും അമുസ്‌ലിംകളെ പങ്കെടുപ്പിക്കാം എന്നു ചിന്തിക്കുന്നത്. കഴിഞ്ഞ 23ന് മഞ്ചേരിയിലെ ജമാഅത്തെ ഇസ്‌ലാമി പള്ളിയില്‍ അമുസ്‌ലിം സ്ത്രീകളടക്കം 35 പേരെ ജുമുഅയില്‍ പങ്കെടുപ്പിച്ച് പുതിയ മാതൃക സൃഷ്ടിച്ചുവെന്നാണ് മൗദൂദികളുടെ പത്രം പറയുന്നത്.

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മോഹം പൂവണിയാന്‍ മതാദര്‍ശങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്ന നിരവധി പുത്തനാശയങ്ങള്‍ ഇവര്‍ നടപ്പാക്കിയിട്ടുണ്ട്. അതിലൊന്ന് മാത്രമാണിത്. മതസൗഹാര്‍ദത്തിന് വേണ്ടി മുസ്‌ലിംകള്‍ അമ്പലത്തില്‍ വന്നു ഞങ്ങളോടൊപ്പം ഭാഗവാനെ തൊഴുതുവണങ്ങണമെന്ന് പറഞ്ഞാലും ചര്‍ച്ചില്‍ വന്ന് കുരുശുവരക്കണമെന്ന് പറഞ്ഞാലും ജമാഅത്തുകാര്‍ പോകും. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും കടക്കണമല്ലോ.

ഇങ്ങനെയൊരു മതസൗഹാര്‍ദ മാതൃക നബി(സ)യോ സ്വഹാബികളോ മുന്‍ഗാമികളായ സലഫുസ്സാലിഹുകളോ കാണിച്ചുതന്നിട്ടുണ്ടോ എന്നൊന്നും ആരും ചോദിക്കരുത്. കാരണം, ആ പാരമ്പര്യ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞാണ് അവര്‍ പുതിയ മതമുണ്ടാക്കിയത് എന്നാണല്ലോ ജമാഅത്തെ ഇസ്‌ലാമിക്കാരുടെ മറുപടി.
എന്തൊക്കെ നാടകം കളിച്ചാലും ജമാഅത്തെ ഇസ്‌ലാമിക്കാരുടെ മുഖത്ത് കാപട്യത്തിന്റെ ലക്ഷണമുണ്ട്. ഒളിയജന്‍ഡയില്ലാത്ത ഒരനക്കം പോലും ഇവര്‍ക്കില്ലെന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും കേരളീയ പൊതു സമൂഹത്തിനും നന്നായറിയാം. മദ്ഹബുകളെയും ഇമാമുമാരെയും തള്ളിപ്പറയുന്ന ജമാഅത്തെ ഇസ്‌ലാമി മഞ്ചേരിയില്‍

ഇമാം ശാഫി(റ) തങ്ങളുടെ പേരില്‍ പള്ളി നിര്‍മിച്ചത് തന്നെ കാപട്യത്തിന്റെ ഉദാഹരണമാണ്. ഉള്ളിലെ ലക്ഷ്യം ഭരണപങ്കാളിത്തമാണ്. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തുത്തൗഹീദിന് പകരം ഓം എന്ന സംസ്‌കൃത പദം സ്വീകരിക്കാനും ഒരുക്കമാണെന്ന് ഇവരുടെ മുഖപത്രമായ പ്രബോധനത്തില്‍ എഴുതിയത് കാണുക: “”അല്ലാഹു പ്രപഞ്ചത്തിന്റെ പ്രകാശമാണ്. പ്രകാശം രണ്ടില്ല. ക്ഷേത്രമാകുന്ന മനസ്സിലും പള്ളിയാകുന്ന മനസ്സിലും പ്രകാശിക്കേണ്ടത് ഒരേയൊരു പ്രകാശം. ആ പ്രകാശത്തിന് സംസ്‌കൃതത്തില്‍ ഓം എന്നോ അറബിയില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്നോ ഏതുമായിക്കൊള്ളട്ടെ, പക്ഷേ, അനുസരിക്കപ്പെടുന്നതും പൂജിക്കപ്പെടുന്നതും ഏകദൈവമായിരിക്കണം. (പ്രബോധനം 1983 ഫെബ്രുവരി).

ഭരണം കിട്ടിയാല്‍ മതി, ഭരണം. അടിയന്തരാവസ്ഥ കാലത്ത് തുടങ്ങിയ ഏത്തമിടല്‍ എത്ര വേണമെങ്കിലും തുടരാം. ഒറ്റക്ക് ആവാത്തതുകൊണ്ടാണ്. ആരെങ്കിലുമൊന്ന് (അത് ഇടതായാലും വലതായാലും വേണ്ടിയില്ല; ഇനി പൊറുതി മുട്ടിയാല്‍ സാക്ഷാല്‍ ഫാസിസ്റ്റുകക്ഷികളുമായി പോലും തരക്കേടില്ല) ~ഒക്കത്ത് കയറ്റണം. ലക്ഷ്യം ഇഖാമത്തുദ്ദീനാണ്. ഇതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ശരീരഭാഷയില്‍ നിന്ന് പ്രകടമാകുന്നത്.
പക്ഷേ, കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്ന പഴമൊഴി പുതുമയോടെ നിലനില്‍ക്കുന്നു എന്നത് ജമാഅത്തെ ഇസ്‌ലാമിക്കാരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

---- facebook comment plugin here -----

Latest