Connect with us

Editorial

അരുത്, സ്വത്തുക്കള്‍ എഴുതിവെക്കരുത്

Published

|

Last Updated

സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ കഴിഞ്ഞ ദിവസം സമൂഹത്തോട് ഒരഭ്യര്‍ഥന നടത്തി. “മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന കാലത്ത് സ്വത്തുക്കള്‍ മക്കള്‍ക്ക് എഴുതിക്കൊടുക്കരുത്. മാതാപിതാക്കളുടെ മരണശേഷം മാത്രം സ്വത്തുക്കളില്‍ മക്കള്‍ക്ക് അവകാശം ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറണം. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പരാതികളാണ് കമ്മീഷന് മുന്നില്‍ എത്തുന്നവയില്‍ നല്ലൊരു പങ്കെന്നും അവര്‍ വെളിപ്പെടുത്തി. മക്കള്‍ക്ക് എഴുതിക്കൊടുത്ത സ്വത്തുക്കള്‍ തിരികെ വാങ്ങാന്‍ കേസ് കൊടുക്കുന്നവരുടെ എണ്ണത്തില്‍ സമീപകാലത്തായി വന്‍ വര്‍ധന ഉണ്ടായതായി, സീനിയര്‍ സിറ്റിസണ്‍സ് കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തുകയുമുണ്ടായി.

മക്കള്‍ ഉപേക്ഷിച്ചതിനാല്‍ വഴിയാധാരമാക്കപ്പെട്ടവരും വൃദ്ധസദനങ്ങളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുമായ മാതാപിതാക്കളുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ എണ്ണത്തില്‍ സമീപ കാലത്തുണ്ടായ അഭൂതപൂര്‍വമായ വര്‍ധന ഇതിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ്. സര്‍ക്കാറിന്റയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും മേല്‍നോട്ടത്തിലുള്ള വൃദ്ധസദനങ്ങള്‍ അഞ്ച് വര്‍ഷം മുമ്പ് 520 ആയിരുന്നത് ഇപ്പോള്‍ 631 എണ്ണമായി ഉയര്‍ന്നു. സര്‍ക്കാറിന്റെ 16 കേന്ദ്രങ്ങളില്‍ മാത്രം 834 വയോധികര്‍ കഴിയുന്നു. ഇതില്‍ 340 പേരുടെയും മക്കള്‍ ജീവിച്ചിരിപ്പുണ്ട്. രണ്ടില്‍ കൂടുതല്‍ മക്കളുള്ളവരാണ് മിക്കവരും. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തു സന്നദ്ധസംഘടനകള്‍ നടത്തുന്നതാണ് വൃദ്ധസദനങ്ങളില്‍ 615 എണ്ണം. 23,000 വരും ഈ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ എണ്ണം. സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട അനാഥാലയങ്ങളില്‍ നിന്നുള്ള കണക്കുകള്‍ മാത്രമാണിത്. അംഗീകൃമല്ലാത്ത സ്ഥാപനങ്ങളിലുമുണ്ട് മക്കള്‍ ഉപേക്ഷിച്ച വയോധികര്‍. സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ മക്കളുള്ള ആര്‍ക്കും പ്രവേശനം നല്‍കരുതെന്ന നിയമമുണ്ടെങ്കിലും മക്കള്‍ കള്ളത്തരങ്ങള്‍ പറഞ്ഞ് മാതാപിക്കളെ ഇവിടെ ഉപേക്ഷിച്ചു കടന്നുകളയുകയാണ്.

പല മാര്‍ഗേണയാണ് മാതാപിതാക്കളെ മക്കള്‍ ഒഴിവാക്കുന്നത്. ചിലര്‍ വൃദ്ധ സദനങ്ങളില്‍ ഏല്‍പ്പിക്കുകയാണ്. ചികിത്സക്കെന്ന വ്യാജേന ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഏല്‍പ്പിച്ച ശേഷം തടിതപ്പുന്നു വേറെ ചിലര്‍. പരിചയക്കാര്‍ നടത്തുന്ന സ്ഥാപനമാണെന്നും താമസിയാതെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാമെന്നും വിശ്വസിപ്പിച്ചാണ് ചിലര്‍ സദനങ്ങളില്‍ വിട്ടേച്ചു പോകുന്നത്. എന്നാല്‍ പിന്നീട് അവിടേക്ക് തിരിഞ്ഞു നോക്കില്ല. മാതാവോ പിതാവോ മരണപ്പെട്ട വാര്‍ത്ത അറിഞ്ഞിട്ടും കാണാന്‍ പോലും എത്താത്തവരുമുണ്ട് മക്കളില്‍. മൂന്ന് മാസം മുമ്പാണ് കോഴിക്കോട് ബീച്ചാശുപത്രിയില്‍ മക്കള്‍ ഉപേക്ഷിച്ച നിലയില്‍ 23 വൃദ്ധരായ മാതാപിതാക്കളെ കണ്ടെത്തിയത്. അസുഖങ്ങള്‍ പൂര്‍ണമായി ഭേദമായി ആഴ്ചകള്‍ കഴിഞ്ഞിട്ടും കൂട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കളാരും എത്താതിരുന്നതിനാല്‍ ആശുപത്രിയില്‍ തന്നെ ജീവിതം തള്ളിനീക്കുകയായിരുന്ന ഇവരെ ജില്ലാ ഭരണകൂടം ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയാണുണ്ടായത്. കോട്ടയത്ത് ഇതിനിടെ കാലൊടിഞ്ഞ വയോധികയായ അമ്മയെ ഇളയ മകന്‍ ജ്യേഷ്ഠന്റെ വീടിന്റെ വരാന്തയില്‍ കെട്ടിയിട്ടു കടന്നു കളഞ്ഞു. അമ്മയെ വീട്ടില്‍ താമസിപ്പിക്കാന്‍ സമ്മതമല്ലെന്ന് വീട്ടുടമയായ മൂത്ത മകന്‍ അറിയിച്ചതോടെ അധികൃതര്‍ക്ക് അവരെ വൃദ്ധ സദനത്തിലേക്ക് മാറ്റേണ്ടി വന്നു.

വീടുകളില്‍ മക്കളുടെ സംരക്ഷണയില്‍ കഴിയുന്ന മാതാപിതാക്കളില്‍ തന്നെ ഗണ്യമായൊരു ഭാഗവും സ്വന്തക്കാരില്‍ നിന്ന് കടുത്ത അവഗണനയും പീഡനവും അനുഭവിക്കുന്നവരാണ്. ഹെല്‍പ് ഏജ് ഇന്ത്യ രാജ്യവ്യാപകമായി ഇരുപത് നഗരങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തില്‍ വയോധികരില്‍ 40 ശതമാനവും വീടുകളില്‍ നിന്ന് അവഗണനയും പീഡനവും ഒറ്റപ്പെടലും അനുഭവിക്കുന്നതായും 46 ശതമാനം സാമ്പത്തിക ചൂഷണത്തിന് വിധേയരാകുന്നുവെന്നും കണ്ടെത്തി. 56 ശതമാനം കേസുകളിലും മക്കളും 23 ശതമാനത്തില്‍ മരുമക്കളുമാണ് പീഡകര്‍. ജീവിതം സ്വന്തക്കാര്‍ക്കിടയിലെങ്കിലും തലമുറക്കിടയിലെ വിടവും ജീവിത വീക്ഷണത്തിലെ പൊരുത്തക്കേടും കാരണം കടുത്ത മനോവ്യഥയിലാണ് വയോധികര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.

വാര്‍ധക്യത്തില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന മക്കള്‍ക്കെതിരെ പ്രയോഗിക്കാന്‍ രാജ്യത്ത് നിയമങ്ങളുണ്ട്. മൂന്ന് മാസം തടവുശിക്ഷയും പ്രതിമാസം 10,000 രൂപ ജീവനാംശവുമാണ് 2007ലെ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫയര്‍ ഓഫ് പാരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. ഈ ശിക്ഷ കൂടുതല്‍ കര്‍ശനമാക്കി തടവു ശിക്ഷാ കാലാവധി ആറ് മാസമാക്കി ഉയര്‍ത്താനും പ്രതിമാസം 10,000 രൂപ ജീവനാംശം നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥ എടുത്തുകളയാനും നിര്‍ദേശിക്കുന്ന ബില്ലിന്റെ കരട് പാര്‍ലിമെന്റിന്റെ പരിഗണനയിലുമാണ്. ബുധനാഴ്ച നിയമസഭയില്‍ സജി ചെറിയാന്റെ സബ്മിഷന് മറുപടി നല്‍കവെ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിക്കുകയുമുണ്ടായി.സ്വത്ത് മക്കള്‍ക്ക് എഴുതിവെച്ച മാതാപിതാക്കള്‍ കോടതിയെ സമീപിച്ചാല്‍ അത് തിരിച്ചുകിട്ടുകയും ചെയ്യും.

എന്നാല്‍, ഇങ്ങനെ നിയമം മുഖേന അടിച്ചേല്‍പ്പിിക്കേണ്ടതല്ല മാതാപിതാക്കളുടെ സംരക്ഷണ ചുമതല. അതിന്റെ പ്രാധാന്യത്തെയും അനിവാര്യതയെയും സംബന്ധിച്ച ബോധത്തില്‍ നിന്ന് മക്കള്‍ സ്വമേധയാ പൂര്‍ണ മനസ്സോടെ ഏറ്റെടുക്കേണ്ടതാണ് ഈ ഉത്തരവാദിത്വം. ജീവിതത്തിന്റെ വസന്ത കാലം മുഴുവന്‍ എല്ലുമുറിയെ അധ്വാനിച്ചു മികച്ച വിദ്യാഭ്യാസം നല്‍കി മക്കളെ നല്ലൊരു നിലയില്‍ എത്തിച്ചത് തങ്ങളുടെ വാര്‍ധക്യത്തില്‍ തങ്ങള്‍ക്ക് താങ്ങും തണലുമാകുമെന്ന പ്രതീക്ഷയിലാണ്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നല്‍കിയ സ്‌നേഹവും പരിലാളനയും തിരിച്ചു കൊടുക്കാന്‍ മക്കള്‍ ബാധ്യസ്ഥരാണ്. വാര്‍ധക്യമെന്നാല്‍ ഉപേക്ഷിക്കപ്പെടേണ്ട കാലമല്ല, സംരക്ഷിക്കപ്പെടേണ്ട ഘട്ടമെന്ന തിരിച്ചറിവ് മക്കള്‍ക്കുണ്ടാകണം.

Latest