സൂപ്പര്‍ താരം ടീം വിട്ടു; ഗോകുലം എഫ്‌സിക്ക് തിരിച്ചടി

Posted on: December 6, 2018 6:27 pm | Last updated: December 7, 2018 at 11:49 am

കോഴിക്കോട്: ഐ ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന ഗോകുലം എഫ് സിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് സൂപ്പര്‍ താരം അന്റോണിയോ ജര്‍മന്‍ ടീം വിട്ടു. ഇന്‍സ്റ്റഗ്രാമിലൂടെ ജര്‍മന്‍ തന്നെയാണ് താന്‍ ടീം വിടുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

തനിക്ക് കളി ആസ്വദിക്കാനാകുന്നില്ലെന്നും പല കാര്യങ്ങളിലും പ്രയാസമുണ്ടെന്നും താരം പറയുന്നു. താന്‍ ആരേയും കുറ്റം പറയാനില്ല. ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ എവിടെയാണെങ്കിലും അവിടം ആസ്വദിക്കാന്‍ കഴിയണം. മികച്ച പ്രകടനം പുറത്തെടുക്കാന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കുകയും വേണം. അതിനാല്‍. താന്‍ ക്ലബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു. ടീമിനെ പിന്തുണച്ച ഏവര്‍ക്കും നന്ദി അറിയിച്ച ജര്‍മന്‍ അവര്‍ നല്‍കിയ സ്‌നേഹം ആശ്ചര്യപ്പെടുത്തുന്നതായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിലെ നാഷണല്‍ സൗത്ത് ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ് ഹെമല്‍ ഹെംപ്‌സ്റ്റേഡില്‍ നിന്നാണ് ജര്‍മന്‍ ഗോകുലത്തിലെത്തിയത്. ഈ സീസണില്‍ രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. 2015 സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി ഒമ്പത് മത്സരങ്ങള്‍ കളിച്ച ജര്‍മന്‍ ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്. 2016 സീസണില്‍ 16 മത്സരങ്ങളില്‍ കളിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. മോശം ഫോമും അന്ന് പരിശീലകനായിരുന്ന സ്റ്റീവ് കോപ്പല്‍ ടീം വീടുകയും ചെയ്തതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ നിന്ന് ജര്‍മന്‍ പുറത്തായത്.