വ്യാജ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്കെതിരെ ദുബൈ പോലീസ്

Posted on: December 6, 2018 5:09 pm | Last updated: December 6, 2018 at 5:09 pm

ദുബൈ: ഓണ്‍ലൈന്‍ ഇടങ്ങളിലെ തട്ടിപ്പുകള്‍ക്കെതിരെ ദുബൈ പോലീസ് കാമ്പയിന്‍. 5000 വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ദുബൈ പോലീസിന്റെ സ്മാര്‍ട് സംവിധാനത്തിലൂടെ പൂട്ടിയതായും അധികൃതര്‍ അറിയിച്ചു.
വ്യാജ മേല്‍വിലാസങ്ങളുള്ള അക്കൗണ്ടുകള്‍ പൂട്ടിക്കുന്നതിന് ഇത്തിസലാത്തുമായി സഹകരിച്ചാണ് നടപടികള്‍ സ്വീകരിച്ചതെന്ന് ദുബൈ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ സാലം അല്‍ ജലഫ് വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ പോലീസ് നടത്തുന്ന കാമ്പയിന്‍ ‘വ്യാജ അക്കൗണ്ടുകളെ കരുതിയിരിക്കുക’ എന്ന പ്രമേയത്തിലാണ്.

ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, ദുബൈ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ സാലം അല്‍ ജലഫ് എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പയിന്‍ നടക്കുന്നത്. ഇത്തരം വ്യാജ അക്കൗണ്ടുകളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ദുബൈ പോലീസ് സൈബര്‍ വിഭാഗത്തെ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

വ്യാജ അക്കൗണ്ടുകളിലൂടെ രാജ്യത്തെ പൈതൃകത്തിനും ജനങ്ങളുടെ അഭിമാനത്തിനും നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകളിലൂടെ ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ വ്യാജ പകര്‍പ്പ് വിപണനം നടത്തുന്നതും പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ദുബൈ പോലീസിന്റെ സൈബര്‍ ക്രൈം-സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറിയിച്ചു.