സഹിഷ്ണുതയുടെ മാര്‍ഗമാവണം വിശ്വാസികളുടേത്: കാന്തപുരം

Posted on: December 6, 2018 11:29 am | Last updated: December 6, 2018 at 4:32 pm
1- അബുദാബിയില്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സംസാരിക്കുന്നു. അല്‍ ഇമാം ഹസന്‍ പീസ് അവാര്‍ഡ് വിതരണം യു എ ഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നിര്‍വഹിച്ചപ്പോള്‍

അബുദാബി: സഹിഷ്ണുതയുടെ പ്രവാചക പാരമ്പര്യമാവണം മുസ്ലിംകള്‍ പിന്തുടരേണ്ടതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.
യു എ ഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മേല്‍നോട്ടത്തില്‍ അബുദാബിയില്‍ സംഘടിപ്പിച്ച, ലോക മുസ്ലിം സമൂഹങ്ങളില്‍ സമാധാനം ഉറപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ 120 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രമുഖരായ 800 മതപണ്ഡിതരും, സാംസ്‌കാരിക രാഷ്ട്രീയ അക്കാദമിക പ്രമുഖരുമാണ് ത്രിദിന സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കുന്നത്.
മതത്തിന്റെ യഥാര്‍ഥ സത്ത ജീവിതത്തില്‍ പുലര്‍ത്തുന്നവരാവണം മുസ്ലിംകള്‍. പ്രവാചകന്‍ മുഹമ്മദ് നബി കാണിച്ച മാതൃകകള്‍ പിന്‍പറ്റുന്നവര്‍ സമാധാനത്തിന്റെ സംരക്ഷകരായി എന്നും നിലകൊള്ളും. എന്നാല്‍, ഇസ്ലാമിക ദര്‍ശനത്തിന്റെ സൗന്ദര്യവും കാമ്പും നഷ്ടപ്പെടുത്തിയ ചിലരാണ് തെറ്റായ മാര്‍ഗത്തില്‍ മതത്തെ പരിചയപ്പെടുത്തുന്നത്. അവരെ നേരിലേക്കു കൊണ്ടുവരികയും ശാന്തമായ സാഹചര്യം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും രൂപപ്പെടുത്തുക എന്നതിനാകണം മുസ്ലിംകളുടെ അധ്വാനം. കോടിക്കണക്കിനു വരുന്ന ഇന്ത്യന്‍ മുസ്ലിംകള്‍ ബഹുസ്വരമായ ജീവിത ശൈലിയെ തുടരുന്നവരാണെന്ന് കാന്തപുരം പറഞ്ഞു.

യു എ ഇ ഫത്‌വാ കമ്മറ്റി ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ അധ്യക്ഷത വഹിച്ചു. സാം ബ്രൗണ്‍ ബാക്ക്, ഈജിപ്ത് ഔഖാഫ് മന്ത്രി മുഹമ്മദ് മുഖ്താര്‍ ജുമുഅ, സുല്‍ത്താന്‍ മുഹമ്മദ് സഅദ് അബൂബക്കര്‍ നൈജീരിയ, അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. മുഹമ്മദ് മഹര്‍സ്വവീ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉസ്മാന്‍ സഖാഫി തിരുവത്ര, മുനീര്‍ പാണ്ട്യാല, കെ കെ ശമീം കവരത്തി എന്നിവര്‍ കാന്തപുരത്തെ അനുഗമിച്ചു.