ചേതോഹരം പൂജാര; തകര്‍ച്ചയില്‍ നിന്ന് കരകയറി ഇന്ത്യ

Posted on: December 6, 2018 2:14 pm | Last updated: December 6, 2018 at 5:12 pm

അഡ്‌ലെയ്ഡ്: ആസ്‌ത്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍ന്നു കൊണ്ടിരുന്ന ഇന്ത്യക്ക് ചേതേശ്വര്‍ പൂജാരയുടെ സെഞ്ച്വറി കരുത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 250 റണ്ണാണ് ഇന്ത്യയുടെ സമ്പാദ്യം. 246 പന്ത് നേരിട്ട് വിലപ്പെട്ട 123 റണ്ണാണ് പൂജാര ടീമിനു സംഭാവന ചെയ്തത്.

ഒരു ഘട്ടത്തില്‍ സംഹാര രൂപം പൂണ്ട ആസ്‌ത്രേലിയന്‍ ബൗളിംഗിനെ ടെസ്റ്റില്‍ അനിവാര്യമായ ക്ഷമയുടെ ആള്‍രൂപമായി നിലയുറപ്പിച്ച് നേരിട്ടാണ് പൂജാര ടീമിനെ കര കയറ്റിയത്. 16 പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുടെതുള്‍പ്പടെ നാലു വിലപ്പെട്ട വിക്കറ്റുകളാണ് ഇന്ത്യയുടെ സ്‌കോര്‍ 50 എത്തുമ്പോഴേക്കും നഷ്ടമായത്. ഒരറ്റത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി കടപുഴകി കൊണ്ടിരുന്നപ്പോഴും മറ്റേ അറ്റത്ത് സമ്മര്‍ദമില്ലാതെ സ്വതസിദ്ധമായ കളി പുറത്തെടുക്കുകയായിരുന്നു പൂജാര. ക്ഷമ നശിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞ രാഹുല്‍ ശര്‍മ (37), ഋഷഭ് പന്ത് (25), അശ്വിന്‍ (25) എന്നിവരാണ് പൂജാരക്ക് അല്‍പമെങ്കിലും പിന്തുണയേകിയത്.

ഇന്ത്യയുടെ സ്‌കോര്‍ മൂന്നു റണ്‍സ് മാത്രമായിരിക്കെ ആദ്യ വിക്കറ്റ് വീണു. കെ എല്‍ രാഹുലാണ് ജോ്ഷ് ഹേസല്‍വുഡിന്റെ പന്തില്‍ കബളിപ്പിക്കപ്പെട്ട് ഫിഞ്ചിന്റെ കൈകളിലൊതുങ്ങിയത്. ടോട്ടലില്‍ 12 കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മുരളി വിജയിയെ സ്റ്റാര്‍ക്ക് തിരിച്ചയച്ചു. പിന്നീടെത്തിയ കോലിയെ മൂന്നില്‍ നില്‍ക്കെ, കുമ്മിന്‍സ് പുറത്താക്കി. ഉസ്മാന്‍ ഖ്വാജയുടെ എണ്ണം പറഞ്ഞ ക്യാച്ചാണ് കോലിയെ പുറത്തേക്കു നയിച്ചത്. അജിങ്ക്യ രഹാന (13)യും പെട്ടെന്നു മടങ്ങി. കുമ്മിന്‍സിന്റെ വിദഗ്ധമായ ഏറില്‍ റണ്ണൗട്ടിലൂടെയാണ് പൂജാരയുടെ ചേതാഹരമായ ഇന്നിംഗ്‌സിനു വിരാമമായത്.

ഹെസല്‍വുഡ്, സ്റ്റാര്‍ക്ക്, കുമ്മിന്‍സ്, ലിയോണ്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി. നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരമാണ് അഡ്‌ലെയ്ഡില്‍ നടക്കുന്നത്.