അമ്പത് വയസ് പൂര്‍ത്തിയാകാത്ത സ്ത്രീകളെ ശബരിമലയിലെത്തിക്കാന്‍ തമിഴ് ഹിന്ദു സംഘടനകള്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

Posted on: December 6, 2018 12:23 pm | Last updated: December 6, 2018 at 2:19 pm

നിലക്കല്‍: ശബരിമലയിലേക്ക് അമ്പത് വയസില്‍ താഴെയുള്ള 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ഹൈന്ദവ സംഘടനകള്‍ പദ്ധതിയിടുന്നതായി പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. നിലക്കലിലേയും പമ്പയിലേയും സന്നിധാനത്തേയും സ്‌പെഷല്‍ ഓഫീസര്‍മാര്‍ക്കും കോട്ടയം , പത്തനംതിട്ട ജില്ലകളിലെ പോലീസ് മേധാവികള്‍ക്കുമായി ദക്ഷിണ മേഖല എഡിജിപി അനില്‍കാന്ത് ഐപിഎസ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

എരുമേലിയിലെ വാവര് പള്ളിയിലും സന്നിധാനത്തുമായി ഇവരെ പ്രവേശിപ്പിക്കാനാണ് ഹൈന്ദവ സംഘടനകള്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും എഡിജിപി അനില്‍കാന്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഏത് ദിവസമാണ് ഇവരെത്തുകയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.