Connect with us

Kerala

ഫോബ്‌സിന്റെ പട്ടികയില്‍ ഇടംനേടി മലയാളത്തിന്റെ മമ്മൂട്ടി

Published

|

Last Updated

മുംബൈ : ഇന്ത്യന്‍ ചലച്ചിത്ര താരങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം അടിസ്ഥാനമാക്കി ഫോബ്‌സ് ഇന്ത്യ പ്രസിദ്ധീകരിച്ച 100 പേരുടെ പട്ടികയില്‍ മലയാളത്തില്‍ നിന്നും നടന്‍ മമ്മൂട്ടി ഇടം നേടി. മലയാള വിനോദരംഗത്തു നിന്ന് ഇതാദ്യമായാണ് ഒരാള്‍ ഫോബ്‌സ് പട്ടികയില്‍ ഇടംനേടുന്നത്. കോളിവുഡില്‍ നിന്നും മലയാളിയായ നയന്‍താര ഈ വര്‍ഷവും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
48ാം സ്ഥാനം നേടി മമ്മൂട്ടി ആദ്യ 50ല്‍ ഇടംപിടിച്ചപ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരേയൊരു വനിതയായ നയന്‍താരയ്ക്ക് 68ാം സ്ഥാനമാണ്. 18 കോടി രൂപയാണ് മമ്മൂട്ടിയുടെ വിനോദരംഗത്തു നിന്നുള്ള വരുമാനം. നയന്‍താരയുടേത് 15.17 കോടിയും. 2017 ഒക്ടോബര്‍ 1 മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനം കണക്കാക്കിയാണ് ഫോബ്‌സ് പട്ടിക തയാറാക്കിയിരിക്കുന്നത്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനം ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ്. 253.25 കോടി രൂപയാണ് സിനിമയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സല്‍മാന്‍ ഖാന്‍ നേടിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് രണ്ടാമത് (228.09 കോടി രൂപ). 185 കോടി രൂപ നേടിയ നടന്‍ അക്ഷയ് കുമാര്‍ മൂന്നാം സ്ഥാനത്തും 112.8 കോടി രൂപ നേടി നടി ദീപിക പദുക്കോണ്‍ നാലാം സ്ഥാനത്തുമുണ്ട്. ആദ്യ അഞ്ചില്‍ സ്ഥാനം നേടുന്ന ഏകവനിതയാണ് ദീപിക.