രാമസങ്കല്‍പ്പം വിദ്വേഷ രാഷ്ട്രീയത്തിനോ?

Posted on: December 6, 2018 10:01 am | Last updated: December 6, 2018 at 10:11 am

രാമജന്മഭൂമി കാമ്പയിനിലൂടെ വളര്‍ത്തിയെടുത്ത വര്‍ഗീയധ്രുവീകരണത്തിലൂടെയാണ് സംഘ്പരിവാര്‍ ഇന്ന് ദേശീയാധികാരം കൈയടക്കിയിരിക്കുന്നത്. ആര്‍എസ് എസും സംഘ്പരിവാര്‍ സംഘടനകളും അതിന്റെ ജന്മകാലം മുതല്‍ തന്നെ മതനിരപേക്ഷതക്കും ജനാധിപത്യത്തിനും എതിരായിരുന്നു. മതരാഷ്ട്രം ലക്ഷ്യംവെച്ച അവര്‍ ആധുനിക മതനിരപേക്ഷ ജനാധിപത്യസങ്കല്‍പങ്ങളെയാകെ നിരാകരിക്കുന്ന ഫാസിസത്തിന്റെ ഇന്ത്യന്‍ കാലാള്‍പ്പടയായിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച നാളുകളില്‍ അതംഗീകരിക്കാന്‍ ആര്‍ എസ് എസ് തയ്യാറായിരുന്നില്ല. ആര്‍ എസ് എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ മനുസ്മൃതിയെ അടിസ്ഥാനമായെടുക്കാത്ത ഇന്ത്യന്‍ ഭരണഘടനയെ അഭാരതീയമെന്നുപറഞ്ഞ് തള്ളിക്കളയുകയായിരുന്നു.
ഇന്നിപ്പോള്‍ ദേശീയാധികാരം കൈയാളുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ശക്തികള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് മതനിരപേക്ഷത എന്ന വാക്കുതന്നെ എടുത്തുമാറ്റാനുള്ള കുത്സിത നീക്കങ്ങളിലാണ്. 1998-ല്‍ വാജ്പയ് സര്‍ക്കാറിന്റെ കാലത്ത് ആര്‍ എസ് എസ് നിര്‍ദേശം അനുസരിച്ച് ഭരണഘടനാ റിവ്യൂകമ്മിറ്റി രൂപവത്കരിച്ചിരുന്നല്ലോ. ഭരണഘടനാ ശില്‍പിയായ അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികാചരണത്തിന്റെ ഭാഗമായിട്ടാണല്ലോ പാര്‍ലിമെന്റില്‍ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ച നടന്നത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് ഇന്ത്യന്‍ ഭരണഘടനയിലെ മതനിരപേക്ഷത എന്ന വാക്ക് മാറ്റണമെന്നും അതിന് പകരമായി മറ്റൊരു വാക്ക് കണ്ടെത്തണമെന്നും വാദിക്കുകയായിരുന്നല്ലോ.
മോദി അധികാരത്തില്‍ വന്നതിനു ശേഷം റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊടുത്ത പരസ്യത്തില്‍ ഭരണഘടനയുടെ ആമുഖത്തിലെ സെക്യുലര്‍ സോഷ്യലിസ്റ്റ് പ്രയോഗങ്ങള്‍ ഒഴിവാക്കുകയായിരുന്നു. മതത്തെ രാഷ്ട്രീയത്തില്‍ നിന്നും പൗര ജീവിതത്തിന്റെ പൊതുവ്യവഹാരങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുകയും എല്ലാമതങ്ങള്‍ക്കും വിശ്വാസപരമായ അനുഷ്ഠാനങ്ങള്‍ക്കും പ്രചാരണത്തിനും സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് മതനിരപേക്ഷത. ഇത് മതരാഷ്ട്രവാദികള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഇന്ത്യപോലൊരു ബഹുമതസമൂഹത്തിനകത്ത് വ്യത്യസ്ത മതങ്ങളിലും സംസ്‌കാരങ്ങളിലുംപെട്ട ജനസമൂഹങ്ങള്‍ക്ക് ഒരു രാഷ്ട്രമായി, ഒരു ജനതയായി ജീവിക്കാനുള്ള സ്വതന്ത്ര്യവും നിര്‍ഭയവുമായ സാഹചര്യമാണ് ഭരണഘടനയിലെ മതനിരപേക്ഷത ഉറപ്പുവരുത്തുന്നത്.

സംഘ്പരിവാര്‍ സാംസ്‌കാരിക ദേശീയതയുടെ ഏകത്വത്തിലേക്ക് ഇന്ത്യന്‍ സമൂഹത്തിലെ വൈവിധ്യങ്ങളെയാകെ ബലംപ്രയോഗിച്ച് വിലയിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളിലാണ്. അവരുടെ ഏകശിലാഖണ്ഡമായ സമാജസങ്കല്‍പ്പത്തിന് തടസ്സമായിരിക്കുന്നത് ഭരണഘടനയുടെ മതനിരപേക്ഷതയാണ്. ഏതു മാര്‍ഗവും ഉപയോഗിച്ച് മതനിരപേക്ഷതയെ സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും പൗരജീവിതത്തെ നിര്‍ണയിക്കുന്ന ഭരണഘടനയില്‍ നിന്നും എടുത്തുമാറ്റാനാണ് സംഘ്പരിവാര്‍ എന്നും ശ്രമിച്ചുപോന്നിട്ടുള്ളത്. ബാബരി മസ്ജിദിന്റെ സ്മരണകള്‍ ആവശ്യപ്പെടുന്നത്, അസഹിഷ്ണുതയുടെയും മതനിരപേക്ഷതയുടെ നിരാകരണത്തിന്റേതുമായ ഹിന്ദുത്വഫാസിസ്റ്റ് ഭീഷണിക്കെതിരെ ഇന്ത്യന്‍ സമൂഹത്തിന്റെ യോജിച്ച പോരാട്ടമാണ്.
രാജ്യാഭിമാനത്തിന്റെ പ്രതീകമായി അയോധ്യയെയും രാമക്ഷേത്രത്തെയും ഉയര്‍ത്തിപ്പിടിച്ചാണ് കപട ദേശീയവാദികള്‍ മസ്ജിദ് പൊളിച്ചത്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം കേന്ദ്ര മന്ത്രിയായ സാധ്വി നിരഞ്ജനാജ്യോതി രാമസങ്കല്‍പ്പത്തെ അങ്ങേയറ്റം വിഷംതുപ്പുന്ന വിദേ്വഷ രാഷ്ട്രീയമായി അവതരിപ്പിക്കുകയായിരുന്നു. രാജ്യത്തെ രാമന്റെ സന്തതികളും ജാരസന്തതികളുമായി വേര്‍തിരിച്ചവതരിപ്പിക്കുകയാണല്ലോ അവര്‍ ചെയ്തത്. യു പി മുഖ്യമന്ത്രി യോഗിആദിത്യനാഥിനെപ്പോലെയുള്ളവര്‍ക്ക് ജനതയെ ഭിന്നിപ്പിക്കാനുള്ള വര്‍ഗീയ വിഷയമാണ് രാമനും രാമായണവും രാമക്ഷേത്രവുമൊക്കെ. അവര്‍ ഇതിഹാസങ്ങളെയും ചരിത്രത്തെയും കാവിമുക്കി രാജ്യത്തെ വര്‍ഗീയചോരക്കളമാക്കാന്‍ കച്ചകെട്ടിയിറങ്ങിയവരാണ്. അവര്‍ക്ക് രാമായണം പോലുള്ള ഇതിഹാസ കൃതികളുടെ മഹത്വമോ വൈവിധ്യമോ മനസ്സിലാക്കാനാവില്ല.

സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും പരിത്യാഗത്തിന്റെയും കഥയാണ് രാമായണം. അയോധ്യയില്‍ ചെന്ന് രാമായണം പാട്ടുകള്‍ പാടി ശ്രീരാമനെയും ആയോധ്യാ നിവാസികളെയും കരയിക്കുന്ന ലവകുശന്മാരുടെ കദനനിര്‍ഭരമായ ജീവിതഗാഥയാണത്. സീതാപരിത്യാഗത്തിന്റെ പേരില്‍ ഉത്തമപുരുഷനായ രാമനെ വിമര്‍ശിക്കുന്ന ലവകുശന്മാരുടെ ധര്‍മധീരതയുടെ കഥകൂടിയാണ് രാമായണം.

രാമനെ ഹിന്ദുത്വാഭിമാനത്തിന്റെ ക്ഷാത്രപ്രതീകമാക്കുന്ന വര്‍ഗീയശക്തികള്‍ രാജ്യത്തിന്റെ ഹൃദയത്തില്‍ വര്‍ഗീയവിദേ്വഷം തളിക്കുകയാണ്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രമാണ് ബാബരി മസ്ജിദിനെ തര്‍ക്കപ്രശ്‌നമാക്കിയത്. അയോധ്യയില്‍ 1526-ല്‍ ബാബര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണര്‍ മീര്‍ബാഗി നിര്‍മിച്ചതാണ് ബാബരി മസ്ജിദ് എന്നാണ് ചരിത്രം പറയുന്നത്. 1855ലാണ് ബാബരി മസ്ജിദ് ഒരു തര്‍ക്കപ്രശ്‌നമായി മാറ്റപ്പെട്ടത്.

ഉടമാവകാശത്തിന്റെയും രാമാരാധനയുടെയും പ്രശ്‌നമുന്നയിച്ച് ആരാധനക്ക് അനുമതി ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ വന്ന കേസ് അന്ന് തള്ളപ്പെടുകയായിരുന്നു. 1886ല്‍ ഇത് സംബന്ധിച്ച അപ്പീല്‍ അന്നത്തെ ഫൈസാബാദ് ജില്ലാജഡ്ജി പരിശോധിച്ച് ആരാധനാനുമതി എന്ന ആവശ്യം തള്ളുകയായിരുന്നു. ഫൈസാബാദ് ജില്ലാജഡ്ജി 356 വര്‍ഷം മുമ്പ് നിര്‍മിച്ച ബാബരി മസ്ജിദില്‍ രാമാരാധന വേണമെന്ന ആവശ്യത്തിന് നിയമപരമായി ഒരു യുക്തിയുമില്ല എന്ന് നിരീക്ഷിക്കുകയുണ്ടായി.

1949 ഡിസംബര്‍ മാസം 22-ാം തീയതിയാണ് ബാബരി മസ്ജിദില്‍ സീതയുടെയും രാമന്റെയും വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തി പ്രതിഷ്ഠിച്ചത്. എന്നിട്ട് സീതയും രാമനുമൊക്കെ പള്ളിക്കകത്ത് സ്വയംഭൂവായെന്ന് ഹിന്ദുത്വശക്തികള്‍ പ്രചാരണം നടത്തി. ഈ വിവരം അന്നത്തെ യു പി മുഖ്യമന്ത്രി ഗോവിന്ദ്‌വല്ലഭ്പന്തില്‍ നിന്ന് അറിഞ്ഞ പ്രധാനമന്ത്രി നെഹ്‌റു ആര്‍ എസ് എസുകാര്‍ ഒളിച്ചുകടത്തിയ വിഗ്രഹങ്ങള്‍ എടുത്ത് സരയൂനദിയിലേക്ക് എറിഞ്ഞുകളയാനാണ് ആവശ്യപ്പെട്ടത്.
അങ്ങനെയാണ് ബാബരി മസ്ജിദ് തര്‍ക്കഭൂമിയായി പൂട്ടിയിടപ്പെട്ടത്. നെഹ്‌റുവിന്റെ കാലത്ത് പൂട്ടിയിട്ട പള്ളി ഹിന്ദുത്വശക്തികള്‍ക്ക് തുറന്നുകൊടുത്തത് രാജീവ്ഗാന്ധിയും യു പി മുഖ്യമന്ത്രിയുമായിരുന്ന എന്‍ ഡി തിവാരിയുമാണ്. 1986-ലെ ഒരു മുന്‍സിഫ് കോടതിവിധിയെ നിമിത്തമാക്കിയായിരുന്നു പള്ളി ഹിന്ദുത്വവാദികള്‍ക്ക് തുറന്നുകൊടുത്തത്. 1989ല്‍ രാജ്യത്തെ ആകെ വര്‍ഗീയവത്കരിച്ചുകൊണ്ട് നടന്ന ശിലാന്യാസത്തിന് അയോധ്യയില്‍ അനുമതി നല്‍കിയതും രാജീവ്ഗാന്ധി സര്‍ക്കാറാണ്. തര്‍ക്കസ്ഥലത്ത് ശിലാന്യാസത്തിന് സാക്ഷ്യം വഹിക്കാന്‍ രാജിവ് ഗാന്ധി അന്നത്തെ കേന്ദ്രആഭ്യന്തരമന്ത്രി ഭൂട്ടാസിംഗിനെ അയക്കുകയും ചെയ്തു. നിയമാനുസൃതം ചരിത്രത്തിലെ അസന്ദിഗ്ധങ്ങളായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് പരിഹാരം കാണേണ്ട പ്രശ്‌നമാണ് ബാബരി മസ്ജിദ് പ്രശ്‌നം. ബാബരി മസ്ജിദ് കമ്മിറ്റി ചര്‍ച്ചക്കുള്ള നിര്‍ദേശത്തെ തള്ളിക്കളഞ്ഞിട്ടില്ല. ചീഫ്ജസ്റ്റിസ് വിളിക്കുന്ന ചര്‍ച്ചക്ക് തങ്ങള്‍ വരാന്‍ തയ്യാറാണെന്നും പക്ഷേ പ്രശ്‌നപരിഹാരം കോടതി മുഖാന്തിരം വേണമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
യു പി എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ 2010 ഒക്‌ടോബറില്‍ ഉണ്ടായ ഹൈക്കോടതിവിധി സ്വത്ത് വീതം വെപ്പിനുള്ളതായിരുന്നു. അതില്‍ മൂന്നായി വിഭജിക്കുന്ന ഭൂമിയില്‍ മൂന്നില്‍ രണ്ട് പങ്ക് ഹിന്ദു സംഘടകള്‍ക്ക് നല്‍കുന്നതായിരുന്നു. 1950-ല്‍ കോടതിയില്‍ നല്‍കിയ ആദ്യഹരജിയില്‍ ഹിന്ദുമഹാസഭ പ്രതിനിധി ഗോപാല്‍ വിശാരദ രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. രാമപൂജ പള്ളിയില്‍ നടത്താനുള്ള അവകാശം നല്‍കണം. രാമവിഗ്രഹം എടുത്തുമാറ്റാന്‍ ആരെയും അനുവദിക്കരുത്. ഈ രണ്ട് ആവശ്യങ്ങള്‍ക്കു പുറമെ രാമവിഗ്രഹം ഒളിച്ചുകടത്തിയ പ്രദേശം തന്നെ ഹിന്ദുമഹാസഭക്ക് നല്‍കാനാണ് ലഖ്‌നൗ ഹൈക്കോടതി ബഞ്ച് 2010-ല്‍ ഉത്തരവിട്ടത്.

മൂന്നിലൊന്ന് ഭൂമി വിട്ടുകിട്ടണമെന്ന നിര്‍മോഹി അഖാഡയുടെ ആവശ്യവും കോടതി അംഗീകരിച്ചു. 1959ലാണ് നിര്‍മോഹി അഖാഡ ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബാബരി മസ്ജിദിനോട് ചേര്‍ന്നുനിന്നിരുന്ന സീത റസോയി, ബ്രിട്ടീഷുകാരുടെ കാലത്ത് ശ്രീരാമരാധനയ്ക്കായി നല്‍കിയ വേദിയായ രാംചബ്രൂത എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് നിര്‍മോഹി അഖാഡയ്ക്ക് അനുവദിച്ചത്. ബാക്കിയുള്ള മൂന്നിലൊന്ന് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നല്‍കി കോടതി വിധിച്ചു.

തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശം മൂന്നായി പകുത്തുനല്‍കുന്നതിനുള്ള ഉത്തരവിന് അപ്പുറമുള്ള നിഗമനങ്ങളും കോടതിയില്‍ നിന്നുണ്ടായി. രാമജ•ഭൂമിയില്‍ ക്ഷ്രേത്രമുണ്ടായിരുന്നു എന്ന വിശ്വാസവും കോടതിയില്‍ നിന്നുണ്ടായി. ലഖ്‌നൗ കോടതിവിധി അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാണെന്ന് സി പി എം പോളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടിയിരുന്നു. ഉടമസ്ഥാവകാശക്കേസില്‍ ഒരിക്കലും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് ശരിയല്ലെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട കക്ഷികളെല്ലാം സുപ്രീം കോടതിയില്‍ അപ്പീലുമായി എത്തി. ആ കേസില്‍ ഭരണഘടനാപരമായ തീര്‍പ്പുകല്‍പ്പിക്കുകയാണ് സുപ്രീം കോടതി ചെയ്യേണ്ടത്. അതിനുപകരം ഹിന്ദുവര്‍ഗീയ വാദികളുടെ താത്പര്യപ്രകാരം മധ്യസ്ഥ തീര്‍പ്പ് എന്നത് അപ്രായോഗികമാണ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ആധാരം ആരുടെ പേരിലാണെന്ന് നിര്‍ണയിക്കാനാണ് നീതിന്യായനടപടി. അതാണ് കോടതിയില്‍ നിന്ന് ഉണ്ടാവേണ്ടത്. സുപ്രീംകോടതി ഇക്കാര്യം പരിശോധിച്ച് നിയമപരമായ കൃത്യത വ്യക്തമാക്കുക എന്ന ഉത്തരവാദത്വമാണ് നിറവേറ്റേണ്ടത്. ആ ഉത്തരവാദിത്വ നിര്‍വ്വഹണം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. അതിനാണ് 2019 ജനുവരിയിലേക്ക് കേസ് മാറ്റിവെച്ചത്.

അത് മനസ്സിലാക്കാനും അംഗീകരിക്കാനും സംഘ്പരിവാര്‍ സംഘടകള്‍ സന്നദ്ധമല്ലയെന്നാണ് ഇപ്പോഴത്തെ അവരുടെ ആപല്‍ക്കരമായ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. ചരിത്രത്തെയും ഭരണഘടനയെയും കോടതിയെയും സംബന്ധിച്ച അജ്ഞത സൃഷ്ടിച്ച് വിശ്വാസഭ്രാന്ത് ഇളക്കിവിടാനാണ് സംഘപരിവാര്‍ സംഘടനകള്‍ പദ്ധതിയിട്ടിരിക്കുന്നത്. നവലിബറല്‍ നയങ്ങളും ഹിന്ദുത്വവര്‍ഗീയതയും ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കാനായി നടത്തുന്ന ആസൂത്രണങ്ങളിലാണ് രാമക്ഷേത്ര നിര്‍മ്മാണവും ആരാധനാലയ തര്‍ക്കവും സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.