പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

Posted on: December 5, 2018 3:37 pm | Last updated: December 5, 2018 at 6:30 pm

കണ്ണൂര്‍: പറശ്ശിനിക്കടവിലെ ലോഡ്ജില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ലോഡ്ജ് മാനേജര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. മാട്ടൂല്‍ സ്വദേശി കെ വി സന്ദീപ്, ചൊറുക്കളയിലെ സി പി ഷംസുദ്ദീന്‍, പരിപ്പായി സ്വദേശി വിസി ബഷീര്‍, ലോഡ്ജ് മാനേജര്‍ അരിമ്പ്ര സ്വദേശി കെ പവിത്രന്‍, നടുവില്‍ സ്വദേശി കെ വി അയൂബ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ നവംബര്‍ 13, 19 തീയതികള്‍ക്കിടയില്‍ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവും പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവുമടക്കം അഞ്ച് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട അഞ്ജന എന്ന യുവതിയാണ് പ്രലോഭിപ്പിച്ച് തന്നെ ലോഡ്ജിലെത്തിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. അഞ്ജനയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്.

ചൊവ്വാഴ്ച തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

രണ്ട് വര്‍ഷം മുമ്പ് പിതാവാണ് ആദ്യം പീഡിപ്പിച്ചതെന്നും തുടര്‍ന്ന് മറ്റുള്ളവരും പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സ്വന്തം വീട്ടിലും പരിചയക്കാരുടെ വീട്ടിലും ലോഡ്ജുകളിലുമാണ് പീഡനത്തിന് ഇരയായത്.