പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി

Posted on: December 5, 2018 10:45 am | Last updated: December 5, 2018 at 1:53 pm

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മാണം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചുവെന്നും ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്നും കാണിച്ചാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. ഇത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വി.ഡി. സതീശനാണ് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ചര്‍ച്ചയാകാമെന്ന് ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ചര്‍ച്ച.

അതേസമയം, ശബരിമല പ്രശ്‌നത്തില്‍ യുഡിഎഫിന്റെ മൂന്ന് യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹം നിയമസഭാ കവാടത്തില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് സ്പീക്കറും അറിയിച്ചു.

എംഎല്‍എമാരായ വിഎസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുല്ല, എന്‍ ജയരാജ് എന്നിവരാണ് നിയമസഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തുന്നത്. സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും മുദ്രാവാക്യം വിളിയുമായി രംഗത്തെത്തിയെങ്കിലും ചോദ്യോത്തര വേളയുമായി സഹകരിച്ചു.