Connect with us

International

സര്‍ക്കാറിന്റെ കണ്ണ് തുറപ്പിച്ച് ജനകീയ സമരം; ഫ്രാന്‍സില്‍ ഇന്ധന വില വര്‍ധന മരവിപ്പിച്ചു

Published

|

Last Updated

പാരീസ്: കഴിഞ്ഞ ഒരു മാസത്തോളം ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തിലുള്ള ഫ്രാന്‍സ് സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഇന്ധനവില വിര്‍ധന പിന്‍വലിച്ചു. ശക്തമായ സമരങ്ങളും പ്രക്ഷോഭങ്ങളും രാജ്യത്തെ ഇളക്കിമറിച്ച സാഹചര്യത്തിലാണ് താത്കാലികമായി വില വര്‍ധന മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിടാന്‍ നിര്‍ബന്ധിതരായത്. നേരത്തെ നിശ്ചയിച്ച രീതിയിലുള്ള ഇന്ധനവില വര്‍ധന ആറ് മാസത്തേക്ക് റദ്ദാക്കുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വറേഡ് ഫിലിപ്പ് പ്രഖ്യാപിച്ചു. ഈ തീരുമാനം ഫ്രാന്‍സിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുമെന്നും ഇതുകൂടാതെ ചര്‍ച്ചയുടെ വഴിയിലേക്ക് പ്രതിഷേധക്കാര്‍ക്ക് കടന്നുവരാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ അനുഭവിക്കുന്ന വലിയ നീതികേടിന്റെ അനന്തരമെന്ന നിലയിലാണ് ജനങ്ങള്‍ സമരം തെരുവിലേക്ക് എത്തിച്ചത്. ടാക്‌സ് കുറക്കണമെന്നും ജീവിത ചെലവ് കുറക്കണമെന്നും ഫ്രാന്‍സിലെ സാധാരണക്കാര്‍ ആവശ്യപ്പെടുന്നു.

അതു തന്നെയാണ് സര്‍ക്കാറും ആവശ്യപ്പെടുന്നത്. ഇതിന് പുറമെ, പാചകവാതകം, വൈദ്യുതി തുടങ്ങിയവക്ക് അടുത്ത മാസം ഒന്ന് മുതല്‍ നിശ്ചയിച്ച വില വര്‍ധനയും താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തേക്ക് ഇവയുടെ വില വര്‍ധിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം 17ന് തുടങ്ങിയ പ്രക്ഷോഭത്തില്‍ ലക്ഷക്കണക്കിന് പേരാണ് സമരരംഗത്തുണ്ടായിരുന്നത്. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കിയിരുന്നു. ജീവിത ചെലവ് വര്‍ധിച്ചതും ഇന്ധന വിലയിലെ വന്‍ വര്‍ധനയും ടാക്‌സി ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിച്ചുതുടങ്ങിയതോടെയാണ് രാജ്യത്താകെ ജനങ്ങള്‍ സമരപ്രക്ഷോഭ പരിപാടികളുമായി തെരുവിലിറങ്ങിയത്. ഇന്ധനവില വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെയാണ് പ്രധാനമായും പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയത്. മഞ്ഞ ജാക്കറ്റുധാരികളായ നിരവധി പ്രതിഷേധക്കാരെ പോലീസ് കഴിഞ്ഞ ആഴ്ചകളിലായി അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 12 മാസത്തിനിടെ പ്രധാന ഇന്ധനമായ ഡീസലിന്റെ വിലയില്‍ 23 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2000ത്തിന് ശേഷം ഇതാദ്യമായാണ് ഫ്രാന്‍സില്‍ ഇന്ധനത്തിന് ഇങ്ങനെ വിലയുയരുന്നത്. ആഗോളതലത്തില്‍ ഇന്ധനവിലയില്‍ വന്‍ കുറവുണ്ടായെങ്കിലും മാക്രോണിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഡീസലിന് 7.6 ശതമാനവും പെട്രോളിന് 3.9 ശതമാനവും വര്‍ധന വരുത്തിയിരുന്നു. ഏറ്റവും അവസാനമായി, അടുത്ത വര്‍ഷം ജനുവരിയോടെ ഡീസലിന് 6.5 ശതമാനവും പെട്രോളിന് 2.9 ശതമാനവും നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതാണ് സര്‍ക്കാറിനെതിരെ സാധാരണക്കാരായ ആളുകള്‍ തെരുവിലിറങ്ങാന്‍ പ്രധാന കാരണമായത്. ഇതിന് പുറമെ, ജീവിതച്ചെലവ് വര്‍ധിക്കുന്നതും പൊതുവില്‍ ഫ്രാന്‍സില്‍ ജനങ്ങള്‍ സര്‍ക്കാറിനെതിരെ തിരിയാന്‍ കാരണമായിട്ടുണ്ട്്.

Latest