ഭാരത് മാതാ കീ ജയ്; കൊമ്പുകോര്‍ത്ത് രാഹുലും മോദിയും

Posted on: December 5, 2018 9:14 am | Last updated: December 5, 2018 at 2:15 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘ഭാരത് മാതാ കി ജയ്’ എന്ന് വിളിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് തുടങ്ങുന്നതിന് പകരം ‘അനില്‍ അംബാനി കീ ജയ്’ എന്ന് വിളിക്കൂവെന്നായിരുന്നു മോദിയോട് രാഹുല്‍ പറഞ്ഞത്.
സംസാരം തുടങ്ങുന്നതിന് മുന്‍പ് ഭാരത് മാതാ കി ജയ് എന്നായിരിക്കും അദ്ദേഹം വിളിക്കുന്നത്. പക്ഷേ പണിയെടുക്കുന്നത് അനില്‍ അംബാനിക്ക് വേണ്ടിയാണ്. അതുകൊണ്ട് തന്നെ അനില്‍ അംബാനി കീ ജയ് എന്നോ നീരജ് മോദി കീ ജയ് എന്നോ മെഹുല്‍ ചോക്‌സി കീ ജയ് എന്നോ മോദി വിളിക്കുന്നതായിരിക്കും നല്ലതെന്ന് അല്‍വാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞു.

രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാറാണ് മോദിയുടേത്. അത്തരത്തില്‍ മോദി തൊഴില്‍ നല്‍കിയിരുന്നെങ്കില്‍ നാല് യുവാക്കള്‍ എന്തിനാണ് ഈ അല്‍വാറില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതെന്ന് രാഹുല്‍ ചോദിച്ചു.
കഴിഞ്ഞ ആഴ്ച അല്‍വാറില്‍ നാല് യുവാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. തൊഴിലില്ലായ്മ കാരണം കടുത്ത മാനസിക പ്രതിസന്ധിയിലായിരുന്നു യുവാക്കളെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

അതേസമയം, രാഹുലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി മോദി രംഗത്തെത്തി. ‘കോണ്‍ഗ്രസ് നേതാവ് ഫത്‌വയിറക്കിയിരിക്കുന്നു, ഭാരത് മാതാ കി ജയ് എന്ന് വിളിക്കരുതെന്നാണ് ഫത്‌വ. ഒന്നല്ല പത്ത് വട്ടം ഈ മുദ്രാവാക്യം വിളിച്ചാണ് താന്‍ ലക്ഷങ്ങളെ അഭിസംബോധന ചെയ്യാന്‍ പോകുന്നത്. ആയിരക്കണക്കിന് രക്തസാക്ഷികള്‍ വിളിച്ച മുദ്രാവാക്യമാണത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടക്കുമ്പോള്‍ സൈനികരും ഈ മുദ്രാവാക്യമാണ് വിളിച്ചതെ’ന്നും മോദി ജയ്പൂരില്‍ പറഞ്ഞു.