ജാതിസംഘടനകള്‍ക്ക് ഒപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ല: വിഎസ്

Posted on: December 4, 2018 8:29 pm | Last updated: December 5, 2018 at 10:46 am

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ ജാതിസംഘടനകളോടൊപ്പം ചേരുന്നതിനെ വിമര്‍ശിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് വിഎസ് അച്യുതാതന്ദന്‍ രംഗത്ത്. ജാതി സംഘടനകള്‍ക്ക് ഒപ്പമുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഹിന്ദുത്വ വാദികളുടെ ആചാരം പകര്‍ത്തലല്ല വര്‍ഗസമരമെന്നും ബാലരാമപുരത്തെ ഒരു സ്വകാര്യ ചടങ്ങില്‍ വിഎസ് പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗത്തിലാണ് ജനുവരി ഒന്നിന് വനിതാ മതില്‍ തീര്‍ക്കാന്‍ തീരുമാനമായത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വനിതളെ അണിനിരത്തി വനിതാ മതില്‍ തീര്‍ക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇതിനെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് രംഗത്ത് വരുന്നത്.