വില കുറഞ്ഞ വിമര്‍ശനങ്ങള്‍ക്കായി ഹരജിയുമായി വരരുത്; ശോഭ സുരേന്ദ്രന്‍ 25,000 രൂപ പിഴയൊടുക്കണമെന്ന് ഹൈക്കോടതി

Posted on: December 4, 2018 2:02 pm | Last updated: December 4, 2018 at 9:14 pm

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ശബരിമലയിലെ പോലീസ് അതിക്രമത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി കടുത്ത വിമര്‍ശമുന്നയിച്ചത്. പബ്ലിസിറ്റിക്കായി ഹരജി നല്‍കിയ ശോഭ സുരേന്ദ്രന്‍ 25,000 രൂപ പിഴയൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതിന് പിറകെ മാപ്പപേക്ഷിച്ച് ശോഭ സുരേന്ദ്രന്‍ ഹരജി പിന്‍വലിക്കുകയും ചെയ്തു.

വില കുറഞ്ഞ ആരോപണങ്ങളാണ് ഹരജിയിലുള്ളത്. വില കുറഞ്ഞ വിമര്‍ശനത്തിനായി ഹൈക്കോടതിയെ ഉപയോഗിക്കരുത്. സമയനഷ്ടമുണ്ടാക്കുന്ന ഇത്തരം ഹരജികള്‍ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയുടെ കടുത്ത വിമര്‍ശനത്തിനൊടുവില്‍ ശോഭ സുരേന്ദ്രന്‍ മാപ്പ് പറഞ്ഞ് ഹരജി പിന്‍വലിക്കുകയായിരുന്നു. കേരളത്തില്‍ പോലീസ് അതിക്രമം വര്‍ധിച്ചിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി വിധിക്കനുസരിച്ച് നടപടിയുണ്ടാകുന്നില്ലെന്ന് ശോഭ ഹരജിയില്‍ പറഞ്ഞിരുന്നു. പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയ കേസുകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും വരെ പോലീസ് അപമാനിച്ചു എന്ന് തുടങ്ങിയ ആരോപണങ്ങളും ഹരജിയിലുണ്ടായിരുന്നു.