ബി ജെ പിയുടെ വഴിതടയല്‍ സമരം

Posted on: December 4, 2018 10:42 am | Last updated: December 4, 2018 at 10:42 am

സമരവേദി പമ്പയില്‍ നിന്ന് പൊതുനിരത്തുകളിലേക്ക് മാറ്റിയിരിക്കയാണ് ബി ജെ പി. യുവതികള്‍ എത്താതിരുന്നിട്ടും അക്രമാസക്ത പ്രതിഷേധം തുടരുന്നത് ജനപിന്തുണ നഷ്ടപ്പെടുത്തുമെന്ന കാഴ്ചപ്പാടില്‍ സമരം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാറ്റിയതായിരുന്നു ബി ജെ പി. ഇതിനെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശം ഉയരുകയും കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയാനുള്ള തീരുമാനം. ബി ജെ പി സംസ്ഥാന സെക്രട്ടരി സുരേന്ദ്രനെതിരായ നിയമ നടപടി ആയുധമാക്കിയാണ് പുതിയ സമരം ആസൂത്രണം ചെയ്തത്. ഇടതു സര്‍ക്കാര്‍ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് പാര്‍ട്ടി ആരോപണം. എന്നാല്‍ സുരേന്ദ്രനെതിരെ ഒരൊറ്റ വ്യാജകേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഒ രാജഗോപാലിന്റെ സബ്മിഷന് മറുപടി പറയവെ മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കുകയുണ്ടായി. മൊത്തം 15 കേസുകളാണ് സുരേന്ദ്രന്റെ പേരില്‍ നിലവിലുള്ളത്. അതില്‍ എട്ടെണ്ണവും ഇടതു സര്‍ക്കാര്‍ അധികാരത്തിലേറുന്നതിനു മുമ്പുള്ളതാണ്. മൂന്നെണ്ണം അന്വേഷണ ഘട്ടത്തിലും ബാക്കിയെല്ലാം വിചാരണയുടെ പരിധിയിലാണെന്നും മുഖ്യമന്ത്രി പറയുന്നു.

സമാധാനപരമായി തുടങ്ങുന്ന സമരങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയോ, വീര്യം കുറയുകയോ ചെയ്യുമ്പോഴാണ് വഴിതടയല്‍ പോലുള്ള അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് സമരക്കാര്‍ തിരിയുന്നത്. ഇതിനിടെ മന്ത്രി ജലീലിനെതിരെ ഉന്നയിക്കപ്പെട്ട നിയമന വിവാദവുമായി ബന്ധപ്പെട്ട ആരോപണം സംസ്ഥാന രാഷ്ട്രീയത്തില്‍ കാര്യമായ പ്രതിഫലനം സൃഷ്ടിക്കാതായപ്പോള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പലയിടത്തും ജലീലിനെ വഴിയില്‍ തടഞ്ഞു പ്രകോപനം സൃഷ്ടിച്ചിരുന്നു. ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ല ഈ സമരരീതി. കടുത്ത അവകാശ ലംഘനമാണ് വഴിതടയലും ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും പരിപാടികള്‍ സംഘര്‍ഷം സൃഷ്ടിച്ച് തടസ്സപ്പെടുത്തലും. പൊതുനിരത്തിലൂടെയുള്ള സഞ്ചാരം രാജ്യത്തെ ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണ്. അത് തടയാന്‍ ഭരണകൂടത്തിനോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ അവകാശമില്ല. കോടതികള്‍ നിരവധി തവണ അതിനെതിരെ ശക്തമായി പ്രതികരിച്ചതാണ്. 2014ല്‍ രാജസ്ഥാനില്‍ ജാട്ട് സമുദായക്കാര്‍ തുടര്‍ച്ചയായ വഴിതടയല്‍ സമരം നടത്തിയതിനെതിരെ ചില സംഘടനകളും വ്യക്തികളും സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ, അക്രമാസക്ത സമരങ്ങള്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതി ചര്‍ച്ച ചെയ്യുകയും വഴിതടയുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒരു അംഗീകൃത സമരമുറയാണ് വഴിതടയലെന്നും അതിന്റെ പേരില്‍ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനുള്ള നടപടിയോട് യോജിക്കാനാകില്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്മൂലത്തെ തുടര്‍ന്നാണ് അത്തരമൊരു നീക്കത്തില്‍ നിന്ന് കോടതി പിന്തിരിഞ്ഞത്.
പൊതുശല്യമാകുന്നതോ പൊതു, സ്വകാര്യ ജീവിത്തിന് ഭീഷണിയാകുന്നതോ ആയ പ്രതിഷേധങ്ങളും സമരങ്ങളും നിയമ വിരുദ്ധമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ മറ്റൊരു കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സമാധാന പരമായി സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം മാത്രമാണ് ഭരണഘടന മുന്നോട്ട് വെക്കുന്നത്. ജനജീവിതം തടസ്സപ്പെടുത്തലിനും കല്ലേറ് പോലെയുള്ള അക്രമാസക്ത പ്രതിഷേധ പ്രകടനങ്ങള്‍ക്കും ഭരണഘടനയുടെ 19-ാം അനുച്ഛേദ പ്രകാരമുള്ള പരിരക്ഷ ലഭിക്കുകയില്ല. അഭിപ്രായ പ്രകടനത്തിനുള്ള മൗലികാവകാശത്തിന്റെ പരിധിയില്‍ വരില്ല ഇത്തരം സമരങ്ങള്‍. അക്രമാസക്ത സമരത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കേസെടുത്തതിനെതിരെ ഗൂര്‍ഖാ ജനമുക്തി നേതാവ് ബിമല്‍ ഗുരുംഗ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക്ഭൂഷണ്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ബഞ്ച് ഈ നിരീക്ഷണം നടത്തിയത്. പ്രതിഷേധ പ്രകടനം പൗരന്റെ മൗലികാവശമാണെന്ന ഗൂര്‍ഖാ ജനമുക്തി നേതാവിന്റെ വാദത്തോട്, സമാധാന പരമായ പ്രതിഷേധം മാത്രമാണ് മൗലികാവകാശമെന്നും അക്രമാസക്ത സമരങ്ങള്‍ അതിന്റെ പരിധിയില്‍ വരില്ലെന്നുമായിരുന്നു കോടതിയുടെ പ്രതികരണം.

കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ അപാകതയും നിയമ ലംഘനവുമുണ്ടെന്ന് ബി ജെ പി കരുതുന്നുവെങ്കില്‍ അതിനെതിരെ പ്രതികരിക്കാന്‍ സമാധാനപരമായ എന്തെല്ലാം മാര്‍ഗങ്ങളുണ്ട്? കോടതിയെ സമീപിച്ച് നീതി തേടാവുന്നതാണ് പാര്‍ട്ടിക്ക്. അക്രമ രാഷ്ട്രീയവും സമരവും ഒന്നിനും പരിഹാരമല്ല. അത് നാടിനും ജനത്തിനും ആപത്താണ്. സംഘര്‍ഷം സൃഷ്ടിക്കുന്നതിലൂടെ കൈവരുന്ന ജനശ്രദ്ധ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് സഹായകമാകുമെന്ന ചിന്ത വിഡ്ഢിത്തമാണ്. നിരന്തരം അക്രമ സമരങ്ങള്‍ നടത്തി സംസ്ഥാനത്തിന്റെ ഉറക്കം കെടുത്തിയിരുന്ന പല പാര്‍ട്ടികളും അത് ജനപിന്തുണയെ ബാധിക്കുന്നുവെന്ന തിരിച്ചറിവിനെ തുടര്‍ന്ന് സമാധാന പരമായ മാര്‍ഗങ്ങളിലേക്ക് മടങ്ങിക്കൊണ്ടിരിക്കയാണ്. പമ്പയിലെ അക്രമാസക്ത പ്രതിഷേധം അവസാനിപ്പിച്ച് സമാധാന പരമായ പ്രതിഷേധത്തിലേക്ക് മടങ്ങാന്‍ തീരുമാനമെടുത്ത ബി ജെ പിപൊടുന്നനെ അക്രമ സമരത്തിലേക്ക് തന്നെ തിരിഞ്ഞതിന്റെ പിന്നില്‍ സുരേന്ദ്രന്റെ അറസ്റ്റല്ല, പാര്‍ട്ടിയുടെ സംസ്ഥാന നേതൃ യോഗത്തില്‍ മറനീക്കി പുറത്തു വന്ന ചേരിതിരിവിന് താത്കാലികമായി അടക്കം കെട്ടലാണെന്ന് ജനം തിരിച്ചറിയുന്നുണ്ട്. പാര്‍ട്ടിയെ രക്ഷിക്കാന്‍ സംസ്ഥാനത്തിന്റെ മൊത്തം ഉറക്കം കെടുത്തുകയാണ് നേതൃത്വം. ഇത് ആത്മഹത്യാപരമാണ്.