മാധ്യമ വിലക്ക്: മാധ്യമപ്രവര്‍ത്തകര്‍ നാളെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും

Posted on: December 3, 2018 1:24 pm | Last updated: December 3, 2018 at 1:24 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് യൂനിയന്റെ നേതൃത്വത്തില്‍ നാളെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. മാധ്യമവിലക്ക് സംബന്ധിച്ച ആഭ്യന്തര വകുപ്പിന്റെ സര്‍ക്കുലറില്‍ ഭേദഗതിയല്ല, 90 ശതമാനവും മാധ്യമ സ്വാതന്ത്ര്യവിരുദ്ധമായ സര്‍ക്കുലര്‍ പിന്‍വലിക്കുവാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടതെന്ന് കെയുഡബ്യുജെ വ്യക്തമാക്കി.

സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടി യഥാര്‍ഥ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുകയോ അവ ഇല്ലാതാക്കുമെന്ന് പറയുകയോ ചെയ്യുന്നില്ല. മാത്രമല്ല പി.ആര്‍.ഡി. യെ ഉപയോഗിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന സൂചനയാണുള്ളത്. ഇത് ഫലത്തില്‍ വിവാദസര്‍ക്കുലറിന്റെ പ്രധാന ഉള്ളടക്കം മാറ്റമില്ലാതെ തുടരും എന്ന സംശയം ഉയര്‍ത്തുന്നതാണ്.

ഈ സര്‍ക്കുലര്‍ പൂര്‍ണമായും പിന്‍വലിക്കുകയും യുക്തമായ കൂടിയാലോചനയിലൂടെ എല്ലാവര്‍ക്കും യോജ്യമായ രീതിയില്‍ പുതിയ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് നയം രൂപപ്പെടുത്തുകയും വേണം. കേരളത്തില്‍ ഇപ്പോള്‍ തന്നെ മതിയായ നിയന്ത്രണം മാധ്യമ പ്രവര്‍ത്തകരുടെ മേല്‍ ഉണ്ട്. ഇതില്‍ കൂടുതല്‍ ഏര്‍പ്പെടുത്തിയാല്‍ പിന്നെ സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം എന്നൊന്ന് ഇല്ലാതാകുമെന്നും സംഘടന അറിയിച്ചു.