രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനങ്ങളെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു: ശശി തരൂര്‍

Posted on: December 3, 2018 12:48 pm | Last updated: December 3, 2018 at 12:48 pm

ന്യൂഡല്‍ഹി: കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങളെ തെറ്റിദ്ധാരണയുളവാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് എല്ലാറ്റിലും ദോഷം മാത്രം കാണുന്ന അവസരവാദികളാണെന്ന് ശശി തരൂര്‍ എം പി. ഡല്‍ഹിയില്‍ നടന്ന ടൈംസ് ഓഫ് ഇന്ത്യ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന തന്റെ പുസ്തകത്തെ സംബന്ധിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആത്മീയത, മത വിശ്വാസം തുടങ്ങിയവയെ കുറിച്ചെല്ലാം നല്ല പരിജ്ഞാനമുള്ളയാളാണ് രാഹുല്‍. തന്റെ വിശ്വാസത്തെ കുറിച്ച് എത്രയോ കാലം മുമ്പു തന്നെ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാരുടെ മതവിശ്വാസത്തെ പരസ്യമായി ചോദ്യം ചെയ്യുകയാണ് ബി ജെ പി. കോണ്‍ഗ്രസുകാര്‍ അവരുടെതായ വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നവരാണ്. സ്വാതന്ത്ര്യ സമര കാലം മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മതനിരപേക്ഷ ആശയങ്ങളെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണത്.

നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് മതത്തോടു ആഴമേറിയ പ്രതിപത്തിയാണുള്ളത്. ഇതര മതങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊണ്ടു കൊണ്ട് സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിക്കുകയാണ് വേണ്ടതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
.