ഭരണപക്ഷ- പ്രതിപക്ഷ പോര്‍വിളി; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; ഇന്നത്തേക്ക് പിരിഞ്ഞു

Posted on: December 3, 2018 10:35 am | Last updated: December 3, 2018 at 12:17 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധം. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുണ്ടായ വാക്‌പോര് ബഹളത്തില്‍ കലാശിച്ചതോടെ സഭ ഇന്നത്തേക്ക് പരിഞ്ഞു. ചോദ്യോത്തര വേളയും സബ് മിഷന്‍, ശ്രദ്ധ ക്ഷണിക്കല്‍ എന്നിവയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. രാവിലെ സഭ ആരംഭിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തങ്ങള്‍ സഭാ നടപടികളുമായി സഹകരിക്കുമെന്ന് അറിയിച്ചു. ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഡിഎഫിന്റെ മൂന്ന് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്നും രമേശ് ചെത്തിത്തല അറിയിച്ചു.

ഇതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്. സഭാ നടപടികളോട് സഹകരിക്കുമെന്നത് വൈകിവന്ന വിവേകമാണെങ്കിലും ബി.ജെ.പിയെ സഹായിക്കുന്ന കാര്യമാണ് യു.ഡി.എഫ് സമരമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും രണ്ട്തവണ വീതം സംസാരിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവിന് മറുപടി പറയാന്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി.

പ്രതിരോധിക്കാന്‍ ഭരണപക്ഷ എം.എല്‍.എമാരും കൂടി രംഗത്തെത്തിയതോടെ നിയമസഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇതോടെ സ്ഥിതി മോശമാകുമെന്ന് കണ്ട സ്പീക്കര്‍ എല്‍എല്‍എമാരോട് ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും ആരും പിന്മാറാകാന്‍ തയ്യാറാകാത്തതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസമാണ് സഭ സ്തംഭിക്കുന്നത്.