Connect with us

International

വ്യാപാര യുദ്ധം അവസാനിപ്പിക്കാന്‍ ചൈന- യു എസ് ധാരണ

Published

|

Last Updated

ബ്യൂണസ് എയറസ്: അധിക ഇറക്കുമതി തീരുവയെ ചൊല്ലി അമേരിക്കയും ചൈനയും തുടരുന്ന വ്യാപാര യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ജര്‍മന്‍ നഗരമായ ബ്യൂണസ് എയറസില്‍ നടക്കുന്ന ഉച്ചകോടിയില്‍ വെച്ചാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. ഇനിമുതല്‍ ഇരു രാജ്യങ്ങളും പരസ്പരം അധിക ഇറക്കുമതി തീരുവ ചുമത്തുന്നത് അവസാനിപ്പിക്കും. അതുപോലെ രണ്ട് രാജ്യങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അടുത്ത 90 ദിവസത്തിനുള്ളില്‍ സുപ്രധാന വ്യാപാര കരാറിലെത്താനും തീരുമാനമായിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ജി20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് വ്യാപാര യുദ്ധം അവസാനിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര കറാറിലെത്താനും സഹായിച്ചത്.
നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് അടുത്ത വര്‍ഷം തുടക്കം മുതല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 200 ബില്യന്‍ ഡോളറിന്റെ കൂടി അധിക ഇറക്കുമതി തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് റദ്ദാക്കിയതായി വൈറ്റ് ഹൗസ് പറഞ്ഞു. ഇതിന് പകരമായി അമേരിക്കയില്‍ നിന്ന് കാര്‍ഷിക, ഊര്‍ജ, വ്യാവസായിക വസ്തുക്കള്‍ വാങ്ങാന്‍ ചൈനയും സമ്മതമറിയിച്ചിട്ടുണ്ട്.

അടുത്ത 90 ദിവസത്തിനുള്ളില്‍ നിശ്ചിത കരാറിലെത്താന്‍ സാധിച്ചിട്ടില്ലെങ്കില്‍ അധിക ഇറക്കുമതി തീരുവ 25 ശതമാനം ഉയര്‍ത്തുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ യു എസ് സര്‍ക്കാര്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. എല്ലാ ചൈനീസ് ഉത്പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നുകഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴാണ് ഇരു രാജ്യങ്ങളും സുപ്രധാനമായ തീരുമാനത്തിലെത്തിയിരിക്കുന്നത്.

Latest