ഇന്ധന വില വര്‍ധനക്കെതിരായ പ്രതിഷേധം അക്രമാസക്തം; ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

Posted on: December 2, 2018 6:43 pm | Last updated: December 3, 2018 at 9:36 am

പാരീസ്: ഇന്ധന വില ക്രമാതീതമായി വര്‍ധിപ്പിച്ചതിനെതിരെ ഫ്രാന്‍സില്‍ അലയടിക്കുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു. ഇതേ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. മധ്യ പാരീസില്‍ നിരവധി വാഹനങ്ങളാണ് മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്. പല ഭാഗങ്ങളിലെയും കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

ഇന്ധന നികുതി കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് നവം: 17നാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. കഴിഞ്ഞ ദിവസം പ്രക്ഷോഭം അക്രമത്തിലേക്കു നീങ്ങുകയായിരുന്നു. നിരവധി പേരെ പോലീസ് അറസ്റ്റു ചെയ്‌തെങ്കിലും ദിവസവും കൂടുതല്‍ പേര്‍ രംഗത്തിറങ്ങുന്നത് പോലീസിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്.

നിലവിലെ സംഭവഗതികള്‍ വിലയിരുത്താനും മേല്‍നടപടികള്‍ ചര്‍ച്ച ചെയ്യാനുമായി പ്രസി. ഇമ്മാനുവല്‍ മക്രാന്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.